കണ്ണൂരിൽ മുസ്‌ലിം കല്യാണ വീടുകളിൽ സ്ത്രീകളെ അടുക്കളഭാഗത്ത് ഇരുത്തുന്ന രീതിയില്ല-എം.വി ജയരാജൻ
'കല്യാണത്തിന് ഒരുക്കുന്ന പന്തലിൽ തന്നെ സ്ത്രീകൾക്ക് പ്രത്യേകമായി മേശയും കസേരയും ഒരുക്കാറുണ്ട്. അത് സ്ത്രീകളോടുള്ള എന്തെങ്കിലും വിരോധം കൊണ്ടാണെന്നു പറയാൻ കഴിയില്ല.'
കണ്ണൂർ: മുസ്‌ലിം വിവാഹ ചടങ്ങുകളിൽ സ്ത്രീകൾക്കു വിവേചനമുണ്ടെന്ന നടി നിഖില വിമലിന്റെ പരാമർശം തള്ളി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. കണ്ണൂരിൽ മുസ്‌ലിം കല്യാണ വീടുകളിൽ സ്ത്രീകളെ അടുക്കളഭാഗത്ത് ഇരുത്തുന്ന രീതിയില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്ക് പ്രത്യേക ഭക്ഷണസൗകര്യം ഒരുക്കാറുണ്ട്. അതേസമയം, അഭിപ്രായം പറഞ്ഞതിന്റെ പേരിൽ നിഖിലയെ വേട്ടയാടുന്നതും ശരിയല്ലെന്നും ജയരാജൻ പറഞ്ഞു.
കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയരാജൻ. 'അവർക്ക് അങ്ങനെ അനുഭവമുണ്ടായിട്ടുണ്ടെങ്കിൽ അതു പറഞ്ഞതാകും. ഞങ്ങളുടെ അനുഭവം മറിച്ചാണ്. സ്ത്രീകൾക്ക് പ്രത്യേകമായി ഒരിടത്ത് ഭക്ഷണസ്ഥലമുണ്ടാകുമെന്നതല്ലാതെ, മഹാഭൂരിപക്ഷം സ്ഥലങ്ങളിലും സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചു ഭക്ഷണം കഴിക്കുന്നതാണ് കാണുന്നത്. ഞങ്ങളൊക്കെ കല്യാണത്തിനു പോയിട്ടുണ്ട്. അവിടെയൊന്നും സ്ത്രീ-പുരുഷ വേർതിരിവ് പ്രത്യേകമായി പറയാനില്ല. എന്നാൽ, കല്യാണത്തിന് ഒരുക്കുന്ന പന്തലിൽ തന്നെ സ്ത്രീകൾക്ക് പ്രത്യേകമായി മേശയും കസേരയും ഒരുക്കാറുണ്ട്. അല്ലാതെ അടുക്കളഭാഗത്ത് ഭക്ഷണം നൽകുന്നത് കണ്ടിട്ടില്ല.'-ജയരാജൻ പറഞ്ഞു.
സമൂഹത്തിൽ വളർന്നുവരുന്ന സ്ത്രീ-പുരുഷ സമത്വ മനോഭാവം ഇത്തരം ആളുകളിൽ എത്തിയിട്ടില്ല എന്നേ ഇപ്പോൾ കാണാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. അത് സ്ത്രീകളോടുള്ള എന്തെങ്കിലും വിരോധം കൊണ്ടാണെന്നു പറയാൻ കഴിയില്ല. പക്ഷെ, ഇന്നത്തെ കാലത്ത് എല്ലാവരും ഒന്നിച്ചു ഭക്ഷണം കഴിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാൽ, അഭിപ്രായം പറഞ്ഞയാളെ വേട്ടയാടുന്നത് ശരിയല്ലെന്നും ജയരാജൻ സൂചിപ്പിച്ചു. സ്വാദിഷ്ടമായ കഞ്ഞി കൊടുക്കുമ്പോൾ അതു കമ്മ്യൂണിസ്റ്റുകാരുടേതാണെന്നു പറഞ്ഞു വേട്ടയാടുന്നതു പോലെയാണിത്. സ്ത്രീ-പുരുഷ സമത്വം അനിവാര്യമാണ്. സ്ത്രീയും പുരുഷനും ചേർന്നതാണ് കുടുംബം. വീട്ടിൽ സ്ത്രീയും പുരുഷനും ഒരുമിച്ചിരുന്നല്ലേ ഭക്ഷണം കഴിക്കുന്നത്. പുരുഷന്മാർക്ക് ഭക്ഷണം വിളമ്പിക്കൊടുക്കാൻ മാത്രമുള്ള ആളാണ് സ്ത്രീ എന്നു പറയാൻ പറ്റില്ല. സ്ത്രീ-പുരുഷ സമത്വത്തിന്റെ പേരിൽ അവരെ വേട്ടയാടുന്നത് ഹീനമാണെന്നും അദ്ദേഹം പറഞ്ഞു.
''മുസ്‌ലിം സമുദായത്തിൽ സ്ത്രീകളോട് വർഷങ്ങൾക്കുമുൻപു തന്നെ വിവേചനമുണ്ടായിരുന്നു. സ്ത്രീകൾക്കു വിദ്യാഭ്യാസം പാടില്ലായിരുന്നു. വക്കം അബ്ദുൽ ഖാദർ മൗലവിയുടെ പെൺകുട്ടികളെ പഠിപ്പിക്കാൻ വേണ്ടി അദ്ദേഹം വിദ്യാലയങ്ങളിലേക്കയച്ചപ്പോൾ ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്. ഇന്ന് ആ സ്ഥിതി മാറി.
ഞാൻ പരിയാരം മെഡിക്കൽ കോളജ് ചെയർമാൻ ചുമതലയിലുണ്ടായിരുന്ന ഘട്ടത്തിൽ പരിശോധിച്ചപ്പോൾ മുസ്‌ലിം പെൺകുട്ടികളാണ് മെഡിക്കൽ ബിരുദം ഉൾപ്പെടെയുള്ള കോഴ്‌സുകൾക്ക് അവിടെ കൂടുതൽ പഠിക്കാൻ വരുന്നത്. പെൺകുട്ടികൾക്കും പഠിപ്പ് വേണമെന്നത് ആ സമുദായത്തിൽ നടന്ന ദീർഘകാലത്തെ നവോത്ഥാനചിന്തയുടെ മാറ്റമാണ്. സ്വാഭാവികമായും ആചാരാനുഷ്ഠാനങ്ങളിലും മാറ്റം വേണം. അത് ആ സമുദായത്തിൽ തന്നെയുള്ള ആളുകൾ മുൻകൈയെടുത്ത് ചെയ്യേണ്ടതാണ്.''
ഇപ്പോഴും കണ്ണൂർ ജില്ലയിലെ ചില പ്രദേശങ്ങളിൽ കോഴിക്കോടില്ലാത്ത ഒരു ചടങ്ങ് നടക്കുന്നുണ്ട്. വിവാഹം കഴിഞ്ഞാൽ പെൺകുട്ടിയുടെ വീട്ടിലാണ് പ്രത്യേക മണിയറ പണിതുകൊടുത്ത് പുരുഷന്മാർ, ഭർത്താക്കന്മാർ താമസിക്കേണ്ടത്. ചിലയിടങ്ങളിൽ അതിലിപ്പോൾ മാറ്റംവരുന്നുണ്ട്. അത്തരത്തിൽ മുസ്‌ലിം സമുദായത്തിൽ തന്നെ ഇന്നു നിലനിൽക്കുന്ന ചില ആചാരങ്ങൾക്കെതിരെ അവരുടെ ഇടയിൽനിന്നു തന്നെ ചില ഉൽപതിഷ്ണുക്കൾ ഉയർന്നുവരും. മാറ്റങ്ങളുണ്ടാകും. ഹിന്ദു സമുദായത്തിലും ചില ആചാരാനുഷ്ഠാനങ്ങളുണ്ട്. അവിടെയും കാലികമായ മാറ്റങ്ങളുണ്ടാകുകയാണ് ചെയ്തതെന്നും എം.വി ജയരാജൻ കൂട്ടിച്ചേർത്തു.
Summary: CPM Kannur District Secretary MV Jayarajan rejected actress Nikhila Vimal's remark that women are discriminated in Muslim wedding ceremonies in Kannur. He said that in Kannur Muslim marriage houses do not make women sit in the kitchen area
Adjust Story Font
16