യു.കെ സലീമിന്റെ പിതാവിന്റെ ആരോപണം നിഷേധിച്ച് സിപിഎം; കൊലയാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തരുതെന്ന് എം.വി ജയരാജൻ
തലശ്ശേരി ഫസൽ വധക്കേസുമായി മകന്റെ കൊലപാതകത്തിന് ബന്ധമുണ്ടെന്നും യൂസുഫ് വെളിപ്പെടുത്തിയിരുന്നു

കണ്ണൂർ: തലശേരി പുന്നോലിലെ സിപിഎം പ്രവർത്തകൻ യു.കെ സലീമിന്റെ പിതാവിന്റെ ആരോപണം നിഷേധിച്ച് സിപിഎം. സലീമിന്റെ കൊലയാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം പിതാവ് നടത്തരുതെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പറഞ്ഞു. പാർട്ടി മാറിയപ്പോൾ യൂസഫിന്റെ നിലപാട് മാറി. കെ.പി യൂസഫിന്റെ വ്യാജപ്രചാരണം തിരസ്കരിക്കണമെന്നും ജയരാജൻ പറഞ്ഞു.
മകനെ കൊന്നത് സിപിഎമ്മുകാർ തന്നെയാണെന്നായിരുന്നു സലീമിന്റെ പിതാവ് യൂസുഫ് മീഡിയവണിനോട് പറഞ്ഞത്. തലശ്ശേരി ഫസൽ വധക്കേസുമായി മകന്റെ കൊലപാതകത്തിന് ബന്ധമുണ്ടെന്നും യൂസഫ് കൂട്ടിച്ചേർത്തു. പൊലീസ് കണ്ടെത്തിയത് യഥാർത്ഥ പ്രതികളെ അല്ലെന്ന് യൂസഫ് വിചാരണക്കിടെ കോടതിയിൽ നൽകിയ മൊഴിയുടെ പകർപ്പ് മീഡിയവണിന് ലഭിച്ചിരുന്നു.
2008 ജൂലൈ 23നാണ് പുന്നോലിലെ സിപിഎം പ്രവർത്തകൻ യു.കെ സലീം കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ 7 എൻഡിഎഫ് പ്രവർത്തകർ എന്നായിരുന്നു കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. കേസിന്റെ വിചാരണ തലശേരി അഡീഷണൽ സെഷൻസ് കോടതിയിൽ തുടരുന്നതിനിടെയാണ് പിതാവ് സലീമിന്റെ വെളിപ്പെടുത്തൽ.
അതേസമയം, മറ്റുള്ളവരുടെ മെക്കിട്ട് കയറി മടുത്തപ്പോഴാണ് സിപിഎം സ്വന്തം പാർട്ടിക്കാർക്ക് നേരെ തിരിയുന്നതതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ വിമർശിച്ചു. സലീമിന്റെ പിതാവിന്റെ വെളിപ്പെടുത്തൽ അതാണ് തെളിയിക്കുന്നതെന്നും സതീശൻ പറഞ്ഞു.
Adjust Story Font
16