എം.വി ജയരാജൻ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തുടരും
എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് കെ അനുശ്രീ ജില്ലാ കമ്മിറ്റിയിൽ

കണ്ണൂര്‍: എം.വി ജയരാജനെ വീണ്ടും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു . 50 അംഗ കമ്മിറ്റിയിൽ 9 പേർ പുതുമുഖങ്ങളാണ് . പി. പി ദിവ്യക്കെതിരെ സമ്മേളനത്തിൽ മുഖ്യമന്ത്രിയും വിമർശനമുന്നയിച്ചു. നവീൻ ബാബുവിനെതിരായ പരാമർശം പാർട്ടി കേഡറിന് നിരക്കാത്തതാണെന്നും ദിവ്യ ജാഗ്രത പുലർത്തിയില്ലെന്നും പൊതുചർച്ചക്കുള്ള മറുപടിയിൽ മുഖ്യമന്ത്രിപറഞ്ഞു. ന്യൂനപക്ഷ വിഷയങ്ങളിലെ പാർട്ടി നിലപാടുകൾ പ്രീണനമായി ചിത്രീകരിക്കപ്പെട്ടുവെന്നും പിണറായി വിജയൻ പറഞ്ഞു.
എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ ഉത്തരവാദിത്തപ്പെട്ട പദവിയിലിരിക്കെ പാലിക്കേണ്ട ജാഗ്രത ദിവ്യയിൽ നിന്നുണ്ടായില്ലന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. നവീൻ ബാബുവിന്‍റെ മരണത്തിൽ സിപിഎം പത്തനംതിട്ട ജില്ലാ ഘടകം സ്വീകരിച്ച നിലപാടിൽ തെറ്റില്ലെന്നും ദിവ്യക്കെതിരായ പാർട്ടി നടപടി എല്ലാ തലവും പരിശോധിച്ചാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുസ്‍ലിം ന്യൂനപക്ഷ വിഷയങ്ങളിലെ നിലപാടുകൾ പ്രീണനമായി ചിത്രീകരിക്കപ്പെട്ടുവെന്ന് പൗരത്വ ഭേദഗതി, ഫലസ്തീൻ വിഷയങ്ങൾ സൂചിപ്പിച്ച് പിണറായി വിജയൻ പറഞ്ഞു. ഇക്കാര്യത്തിൽ എതിരാളികളുടെ പ്രചാരണം ഒരു പരിധി വരെ ഫലം കണ്ടെന്നും നിലപാടുകൾ തെറ്റിദ്ധരിക്കപ്പെട്ടോ എന്ന് ഗൗരവത്തിൽ പരിശോധിക്കണമെന്നും പൊതു ചർച്ചക്കുള്ള മറുപടിയിൽ മുഖ്യമന്ത്രി പറഞ്ഞു. എം.വി ജയരാജനെ സമ്മേളനം വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തു. അൻപതംഗ ജില്ലാ കമ്മിറ്റിയിൽ 9 പേർ പുതുമുഖങ്ങളാണ്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് കെ. അനുശ്രീ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പ്രസിഡന്‍റ് എന്നിവർ പുതിയ കമ്മിറ്റിയിൽ ഇടം പിടിച്ചിട്ടുണ്ട്.
പയ്യന്നൂരിലെ പാർട്ടി ഫണ്ട് വിവാദത്തെ തുടർന്ന് നടപടി നേരിട്ട വി.കുഞ്ഞികൃഷ്ണൻ ജില്ലാ കമ്മിറ്റിയിൽ തുടരും. നേരത്തെ കുഞ്ഞികൃഷ്ണനെ കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവാക്കിയിരുന്നു. മറ്റൊരു ക്ഷണിതാവായ എം.വി നികേഷ് കുമാറും കമ്മിറ്റിയിലുണ്ട്. മുൻ സംസ്ഥാന കമ്മിറ്റി അംഗവും തളിപ്പറമ്പ് എംഎൽഎയുമായിരുന്ന ജെയിംസ് മാത്യു കമ്മറ്റിയിൽ ഉൾപ്പെട്ടിട്ടില്ല. കഴിഞ്ഞ എറണാകുളം സമ്മേളനത്തിൽ ജെയിംസിനെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയിരുന്നു.
Adjust Story Font
16