Quantcast

കെഎസ്ഇബിയുടെ ഏരിയൽ ലിഫ്റ്റ് വാഹനങ്ങൾക്ക് അനുമതി നൽകാനാകില്ലെന്ന് എം.വി.ഡി; തീരുമാനം എടുക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാറിന് കത്ത്

എംവിഡി സര്‍ക്കാരിന് അയച്ച കത്തിന്റെ പകര്‍പ്പ് മീഡിയവണിന്

MediaOne Logo

Web Desk

  • Published:

    29 Sep 2023 2:54 AM GMT

കെഎസ്ഇബിയുടെ ഏരിയൽ ലിഫ്റ്റ് വാഹനങ്ങൾക്ക് അനുമതി നൽകാനാകില്ലെന്ന് എം.വി.ഡി; തീരുമാനം എടുക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാറിന് കത്ത്
X

തിരുവനന്തപുരം: കെഎസ്ഇബിയുടെ ഏരിയല്‍ ലിഫ്റ്റ് വാഹനങ്ങള്‍ക്ക് അനുമതി നല്‍കാതെ നിലപാടെടുത്ത മോട്ടോര്‍ വാഹന വകുപ്പ്, തീരുമാനം സര്‍ക്കാര്‍ എടുക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കി. ഈ മാസം 13ന് ഗതാഗത കമ്മീഷണര്‍ ഗതാഗത സെക്രട്ടറിക്ക് നല്‍കിയ കത്തിലാണ് തീരുമാനം സര്‍ക്കാര്‍ എടുക്കണമെന്ന് ആവശ്യപ്പെടുന്നത്. മോട്ടോര്‍ വാഹന നിയമങ്ങള്‍ക്ക് വിരുദ്ധമായ മോഡിഫിക്കേഷനുള്ളതിനാല്‍ വകുപ്പിന് രജിസ്ട്രേഷന്‍ അനുവദിക്കാനാകില്ലെന്ന് കത്തില്‍ പറയുന്നു. എം.വി.ഡി സര്‍ക്കാരിന് അയച്ച കത്തിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.

ഏരിയല്‍ ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ ആവശ്യപ്രകാരം ഗതാഗത കമ്മീഷണര്‍ വിഷയത്തില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. വാഹനത്തിന്റെ ജാക്ക്, ലാറ്ററല്‍, റിയര്‍ സ്റ്റെബിലൈസര്‍ എന്നിവ പുറത്തേക്ക് തള്ളി നില്‍ക്കുന്ന നിലയിലാണ്. വാഹനത്തിന്റെ എന്‍ജിനില്‍ നിന്നുള്ള ഊര്‍ജം ഉപയോഗിച്ചുള്ള പ്രവര്‍ത്തനം ഇത്തരം വാഹനങ്ങള്‍ക്ക് അനുവദനീയമല്ല. ഇതെല്ലാം കണക്കിലെടുത്ത് എംവിഡിക്ക് രജിസ്ട്രേഷന്‍ നല്‍കുന്നതില്‍ പരിമിതിയുണ്ട്. എന്നാല്‍ കേരള മോട്ടോര്‍ വെഹിക്കിള്‍ റൂള്‍ 334 പ്രകാരം സര്‍ക്കാരിന് പ്രത്യേക അധികാരം ഉപയോഗിച്ച് രജിസ്ട്രേഷന്‍ നല്‍കാവുന്നതാണെന്നും കത്തില്‍ പറയുന്നു.

ആറു മാസമായി ഉപയോഗിക്കാനാവാതെ കിടക്കുന്ന ഏരിയല്‍ ലിഫ്റ്റ് വാഹനത്തിന്റെ ദൃശ്യം മീഡിയവണ്‍ പുറത്തു വിട്ടതോടെ വൈദ്യുതി-ഗതാഗത വകുപ്പ് മന്ത്രിമാര്‍ ഇക്കാര്യം ചര്‍ച്ചചെയ്ത് പരിഹരിക്കണമെന്ന ആവശ്യം ഉയരുകയാണ്. സുരക്ഷിതമല്ലാതെ ജീവനക്കാര്‍ ജോലിചെയ്യുന്നതിനെതിരെ നിരവധി റിപ്പോര്‍ട്ടുകളാണ് കെഎസ്ഇബി സേഫ്റ്റി കമ്മീഷണര്‍ക്ക് മുന്‍പാകെ എത്തുന്നത്. ഏരിയല്‍ ലിഫ്റ്റ് അടിയന്തരമായി പ്രവര്‍ത്തനക്ഷമമാക്കണമെന്നാണ് റിപ്പോര്‍ട്ടുകളുടെ സംഗ്രഹം. രണ്ടു വകുപ്പുകള്‍ തമ്മിലെ തര്‍ക്കം തുടരുമ്പോള്‍ അതിനിടയില്‍ കിടന്ന് കഷ്ടപ്പെടുകയാണ് കെഎസ്ഇബിയിലെ സാധാരണ ജീവനക്കാര്‍. തങ്ങളുടെ ജീവന് കുറച്ചെങ്കിലും വില തരണമെന്നാണ് ജീവനക്കാര്‍ അപേക്ഷിക്കുന്നത്.

TAGS :

Next Story