'എന്റെ കൊച്ചിന് നീതി കിട്ടണം'; പൊട്ടിക്കരഞ്ഞ് നിധിനയുടെ അമ്മ
മകളും അമ്മയും മാത്രം താമസിക്കുന്ന വീട്ടിൽ നിന്ന് രാവിലെ ഏഴുമണിക്ക് ഇരുവരും ഒന്നിച്ചാണ് ഇറങ്ങിയിരുന്നത്
തന്റെ കൊച്ചിന് നീതി കിട്ടണമെന്ന് കൊല്ലപ്പെട്ട നിധിന മോളുടെ അമ്മ ബിന്ദു. മകളും അമ്മയും മാത്രം താമസിക്കുന്ന വൈക്കം കുറുന്തറയിലെ വീട്ടിൽ നിന്ന് രാവിലെ ഏഴുമണിക്ക് ഇരുവരും ഒന്നിച്ചാണ് ഇറങ്ങിയിരുന്നത്. മകൾ കോളേജിലേക്കും അമ്മ ചികിത്സ സംബന്ധമായ കാര്യത്തിനും പോകുകയായിരുന്നു. ഇരുവരും ഒരുമിച്ചാണ് തിരിച്ചുപോകാറുമുണ്ടായിരുന്നത്.
തയ്യൽ ജോലി ചെയ്താണ് അമ്മ കുടുംബം പോറ്റിയിരുന്നത്. വീട് ഈയടുത്ത കാലത്ത് സന്നദ്ധ സംഘടനകളുടെ സഹായത്താൽ നിർമിച്ചതാണ്. നാട്ടിൽ പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്നു നിധിന. അമ്മക്ക് സുഖമില്ലാതായതോടെ ഒഴിവ് സമയങ്ങളിൽ ജോലി ചെയ്തായിരുന്നു പഠനം മുന്നോട്ടു കൊണ്ടുപോയതെന്ന് നാട്ടുകാർ പറയുന്നു.
കൊലപാതകത്തിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. പോസ്റ്റ്മോർട്ടം നാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടക്കും. സംസ്‌കാരം തുറുവേലിക്കുന്നിലെ വീട്ടിൽ നടക്കും.
കോട്ടയം പാലായിൽ കോളേജിൽ പരീക്ഷക്കായി എത്തിയപ്പോഴാണ് വൈക്കം സ്വദേശി നിധിന മോൾ ദാരുണമായി കൊല്ലപ്പെട്ടത്. പ്രതിയായ സഹപാഠി അഭിഷേക് ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബിവോക് മൂന്നാം വർഷ വിദ്യാർഥികളായ ഇവർ കോഴ്‌സ് കഴിഞ്ഞവരാണ്, പരീക്ഷക്കായി എത്തിയപ്പോഴാണ് കൊലപാതകം നടന്നത്.
അഭിഷേകും നിധിനയും തമ്മിൽ നേരത്തേ പ്രശ്‌നങ്ങളുണ്ടായിരുന്നതായും, അത് സംസാരിച്ച് പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പരീക്ഷ കഴിഞ്ഞ് ഒരേ സമയം ഇറങ്ങിയതെന്നുമാണ് പൊലീസ് അനുമാനിക്കുന്നത്. നിധിനക്ക് 22 വയസും അഭിഷേകിന് 20 വയസുമാണ് ഉണ്ടായിരുന്നത്. പെൺകുട്ടിയുടെ വീട്ടിൽ ഇതുകൊണ്ട് കല്യാണത്തിന് സമ്മതിക്കില്ലെന്ന പേടി അഭിഷേകിനെ അലട്ടിയിരുന്നു. ഇതിന്റെ പേരിലായിരുന്നു ഇരുവരും തമ്മിലുള്ള വാക്കുതർക്കം. ഇക്കാര്യം സംസാരിച്ച് പരിഹരിക്കാൻ വന്നതോടെ അഭിഷേക് പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. നേരത്തെ കൈയ്യിൽ കരുതിയിരുന്ന പേനാ കത്തി ഉപയോഗിച്ചാണ് അഭിഷേക് നിധിനയുടെ കഴുത്ത് അറുത്തത്.
Adjust Story Font
16