'മലയാള തിരുമുറ്റത്ത് കാണാനുണ്ടേറെ' ശ്രദ്ധ നേടി 'എന്റെ കേരളം എന്നും സുന്ദരം' പ്രചാരണ വീഡിയോ
കേരള ടൂറിസത്തിനായി പ്രയാൺ ബാൻഡ് ആണ് ഗാനം ഒരുക്കിയിരിക്കുന്നത്
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളുടെ ശ്രദ്ധ നേടി കേരള ടൂറിസത്തിന്റെ 'എന്റെ കേരളം എന്നും സുന്ദരം' പ്രചാരണ വീഡിയോ. 'എന്റെ കേരളം എന്നും സുന്ദരം' പ്രചാരണ പരമ്പരയുടെ ഔദ്യോഗിക വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
''മലയാള തിരുമുറ്റത്ത് കാണാനുണ്ടേറെ'' എന്നു തുടങ്ങുന്ന 2. 24 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ കായലും കടലും മലയോരങ്ങളുമടങ്ങിയ കേരളത്തിന്റെ വൈവിധ്യമാർന്ന ഭൂപ്രകൃതി ദൃശ്യമാണ്. ഏതു കാലാവസ്ഥയ്ക്കുമിണങ്ങിയ ടൂറിസം ഡെസ്റ്റിനേഷൻ എന്ന കേരളത്തിന്റെ സവിശേഷത ഹൈലൈറ്റ് ചെയ്ത് സഞ്ചാരികളെ ആകർഷിക്കുന്നതാണ് വീഡിയോയുള്ള ഉള്ളടക്കം. കേരളത്തിന്റെ തനത് കലകളും ആചാരങ്ങളും ആഘോഷങ്ങളും നാടൻ ഭക്ഷണവുമെല്ലം വീഡിയോയുടെ ഭാഗമാണ്.
കഴിഞ്ഞ ദിവസം വയനാട് മാനന്തവാടിയിൽ നടന്ന ചടങ്ങിൽ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ആണ് വീഡിയോ പുറത്തിറക്കിയത്.ഹൗസ് ബോട്ട്, ചുണ്ടൻവള്ളങ്ങൾ, തെയ്യക്കോലങ്ങൾ, തൃശ്ശൂർ പൂരത്തിലെ കുടമാറ്റം, പുലികളി, കളരിപ്പയറ്റ് തുടങ്ങി കേരളനാടിന്റെ സവിശേഷതകളെല്ലം തെളിമയോടെ വീഡിയോയിൽ ആവിഷ്‌കരിച്ചിരിച്ചിട്ടുണ്ട്.
കടൽത്തീരങ്ങൾ, കുട്ടനാടിന്റെ കായൽസൗന്ദര്യം, അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ വന്യസൗന്ദര്യം, ജഡായുപ്പാറയുടെ ആകാശക്കാഴ്ച തുടങ്ങിയവയെല്ലാം കേരളീയ ടൂറിസത്തിന്റെ മാറ്റുക്കൂട്ടുന്ന പ്രത്യേതകളായി വീഡിയോയിൽ അവതരിപ്പിച്ചിട്ടുണ്ട്. പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിടുന്ന കേരളനാടിന്റെ ഒത്തൊരുമയും വീഡിയോ ഓർമ്മിപ്പിക്കുന്നുണ്ട്.
കേരള ടൂറിസത്തിനായി പ്രയാൺ ബാൻഡ് ആണ് ഗാനം ഒരുക്കിയിരിക്കുന്നത്. സന്തോഷ് വർമ്മയും എംസി കൂപ്പറും ചേർന്നാണ് വരികൾ എഴുതിയത്. ആര്യ ദയാലും ഗൗരി ലക്ഷ്മിയും എംസി കൂപ്പറും അജിത് സത്യനും ചേർന്ന് ആലപിച്ചിരിക്കുന്നു. ആത്തിഫ് അസീസ് ആണ് സംവിധാനം. ശരത് ചന്ദ്രൻ എഡിറ്റിംഗും ഹരി കളറിംഗും നിർവ്വഹിച്ച വീഡിയോയുടെ മിക്സിംഗ് ലേ ചാൾസ് ആണ്. മൈത്രി അഡ്വർടൈസിംഗ് വർക്സ് ആണ് വീഡിയോ നിർമ്മിച്ചിരിക്കുന്നത്.
Adjust Story Font
16