'ശാഖയിൽനിന്ന് പരിശീലനം ലഭിച്ചവരുടെ സിക്‌സ് പാക്ക്, തലച്ചോറ് നിറയെ വർഗീയതയുടെ കാളകൂടവും'; വിജയരാഘവന്റെ വര്‍ഗീയ പരാമർശത്തിൽ നജീബ് കാന്തപുരം
'അണികൾക്ക് ചെറിയ ഡോസിൽ വർഗീയ ലഹരി കൊടുക്കുമ്പോൾ, അതു മതിയാകാതെ ഉഗ്രലഹരിയുള്ള ആർഎസ്എസിനെ അവർ തേടിപ്പോകുന്ന കാലം വരും'
കോഴിക്കോട്: സിപിഎം പിബി അംഗം എ. വിജയരാഘവന്റെ വിവാദമായ വര്‍ഗീയ പരാമർശത്തിൽ വിമർശനവുമായി മുസ്‌ലിം ലീഗ് നേതാവ് നജീബ് കാന്തപുരം എംഎൽഎ. വരുന്ന പഞ്ചായത്ത്-നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നിലംതൊടില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് അമിത്ഷായുടെ വാക്കുകളെക്കാൾ വർഗീയത പറയാൻ പിണറായി വിജയൻ മുതൽ എ. വിജയരാഘവൻ വരെയുള്ള എ ക്ലാസ് നേതാക്കൾ അണിനിരക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. സിപിഎം പാലൂട്ടി വളർത്തുന്ന ബിജെപി അവരെ വേരോടെ പിഴുതെറിയാൻ അധികനേരം വേണ്ടിവരില്ലെന്നും നജീബ് പറഞ്ഞു.
ലക്ഷണമൊത്തൊരു വർഗീയ പാർട്ടിയായി സിപിഎമ്മിനെ പരിശീലിപ്പിച്ചെടുക്കാൻ പുതിയ ട്രെയിനർ ആ പാർട്ടിയിൽ ചുമതലയേറ്റിട്ടുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ശാഖകളിൽനിന്ന് പരിശീലനം കഴിഞ്ഞിറങ്ങുന്ന കാവിക്കാരുടെ സിക്‌സ് പാക്കും തലച്ചോറ് നിറയെ വർഗീയ വിദ്വേഷത്തിന്റെ കാളകൂടവും നിറച്ച് ഫിറ്റാക്കാനുള്ള ഒരു പരിശീലനമാണ് ഇപ്പോൾ നടക്കുന്നത്. ഇപ്പോൾ അണികൾക്ക് ചെറിയ ഡോസിൽ വർഗീയ ലഹരി കൊടുക്കുമ്പോൾ, അതു മതിയാകാതെ ഉഗ്രലഹരിയുള്ള ആർഎസ്എസിനെ അവർ തേടിപ്പോകുന്ന കാലം വരുമെന്നും നജീബ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
നാട്ടിലെ സാധാരണക്കാരായ മനുഷ്യരുടെ ആരോഗ്യ സംരക്ഷണത്തിന് തുടങ്ങിയ വ്യായാമശീലമായ മെക് സെവൻ സിപിഎമ്മിന് തീവ്രവാദമാണ്. പിണറായി വിജയൻ സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ നടത്തിയ ആക്ഷേപം കേവലം രാഷ്ട്രീയ താൽപര്യത്തോടെയുള്ളതല്ലെന്നും നജീബ് കാന്തപുരം ചൂണ്ടിക്കാട്ടി.
നജീബ് കാന്തപുരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ആരാണ് സിപിഎമ്മിന്റെ ട്രെയിനർ?
ലക്ഷണമൊത്തൊരു വർഗീയ പാർട്ടിയായി സിപിഎമ്മിനെ പരിശീലിപ്പിച്ചെടുക്കുന്നതിന് ഏതോ ഒരു പുതിയ ട്രെയിനർ ആ പാർട്ടിയിൽ ചുമതല ഏറ്റിട്ടുണ്ട്. ശാഖകളിൽനിന്ന് പരിശീലനം കഴിഞ്ഞിറങ്ങുന്ന കാവിക്കാരുടെ സിക്‌സ് പാക്കും തലച്ചോറ് നിറയെ വർഗീയ വിദ്വേഷത്തിന്റെ കാളകൂടവും നിറച്ച് ഫിറ്റാക്കാനുള്ള ഒരു പരിശീലനമാണ് ഇപ്പോൾ നടക്കുന്നത്.
അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും നിലം തൊടില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് അമിത്ഷായുടെ വാക്കുകളെക്കാൾ വർഗീയത തുപ്പുന്ന വാക്കുകൾ പറയാൻ അണിനിരന്നിരിക്കുന്നത് പിണറായി വിജയൻ മുതൽ എ. വിജയരാഘവൻ വരെയുള്ള എ ക്ലാസ് നേതാക്കളാണ്.
മെക് സെവൻ ഈ നാട്ടിലെ സാധാരണക്കാരായ മനുഷ്യരുടെ ആരോഗ്യ സംരക്ഷണത്തിന് തുടങ്ങിയ ഒരു വ്യായാമശീലമാണ്. രാവിലെ നാടുമുഴുവനും ഉണർന്ന് ആരോഗ്യമുള്ള ഒരു ജീവിതത്തിനായി ഒരുമിച്ചുകൂടുന്നതുപോലും സിപിഎമ്മിന് തീവ്രവാദമാണ്. പിണറായി വിജയൻ സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ നടത്തിയ ആക്ഷേപം കേവലം രാഷ്ട്രീയ താൽപര്യത്തോടെയുള്ളതല്ല. മുനവച്ച വാക്കുകൾ തുടർന്നുവരാനുള്ള വർഗീയതയുടെ മാലപ്പടക്കങ്ങൾക്കുള്ള തിരികൊളുത്തൽ മാത്രമായിരുന്നു എന്ന് നമുക്ക് ബോധ്യമാകുന്നു.
സിപിഎം നിലവിട്ടുകളിക്കുന്നത് നിലനിൽപ്പിന്റെ രാഷ്ട്രീയമാണെങ്കിൽ ഒരു മുന്നറിയിപ്പ് നൽകാതിരിക്കാനാവില്ല. ഈ ട്രെയിനിങ് വിജയിപ്പിക്കുക സിപിഎമ്മിനെ അല്ല, ഇപ്പോൾ നിങ്ങൾ പാലൂട്ടി വളർത്തുന്ന ബിജെപി നിങ്ങളെ വേരോടെ പിഴുതെറിയാൻ അധികനേരം വേണ്ടിവരില്ല. വർഗീയത ഒരു ലഹരിയാണ്. നിങ്ങൾ ചെറിയ ഡോസിൽ കൊടുത്താൽ അണികൾക്ക് പിന്നെ അതു മതിയാകാതെ വരും. അവർ നേരെ തേടിപ്പോകുക ഉഗ്രലഹരിയുള്ള ആർഎസ്എസിലേക്കാകും. കൊഴിഞ്ഞുപോക്ക് നിങ്ങളുടെ പാർട്ടിയിൽനിന്ന് മാത്രവുമാകും.
Summary: Muslim League's Najeeb Kanthapuram MLA criticizes CPM leader A Vijayaraghavan's controversial communal remarks
Adjust Story Font
16