Quantcast

കഥാപാത്രങ്ങൾക്ക് ജീവൻ നൽകുകയായിരുന്നു നമ്പൂതിരി: കെ.സച്ചിദാനന്ദൻ

ആർട്ടിസ്റ്റ് നമ്പൂതിരി തന്റെ കവിതകൾക്ക് ചിത്രങ്ങൾ വരച്ചതിനെ സച്ചിദാനന്ദൻ അനുസ്മരിച്ചു

MediaOne Logo

Web Desk

  • Updated:

    2023-07-07 04:27:12.0

Published:

7 July 2023 4:30 AM GMT

Namboothiri was giving life to the characters: K. Satchidanandan
X

മലപ്പുറം: മലയാളിയുടെ വരപ്രസാദം ആർട്ടിസ്റ്റ് നമ്പൂതിരി ഇതുവരെയുള്ള ചിത്രകാരമ്മാരിൽ അഗ്രകണ്യനാണെന്ന് കെ.സച്ചിദാനന്ദൻ. നാം പലകഥാപാത്രങ്ങളെയും ഓർക്കുന്നത് നമ്പൂതിരിയുടെ ചിത്രങ്ങളിലൂടെയാണെന്നും കഥയിൽ കഥാപാത്രങ്ങളുടെ ചിത്രീകരികരണം ദുർബലമാണെങ്കിലും അതിനെ ശക്തമായ രീതിയിൽ വായനക്കാരുടെ മനസിലേക്ക് ഊട്ടി ഉറപ്പിക്കുന്നതാണ് നമ്പൂതിരിയുടെ ചിത്രങ്ങളെന്നും സച്ചിദാനന്ദൻ പറഞ്ഞു.

ആർട്ടിസ്റ്റ് നമ്പൂതിരി തന്റെ കവിതകൾക്ക് ചിത്രങ്ങൾ വരച്ചതിനെ സച്ചിദാനന്ദൻ അനുസ്മരിച്ചു. കഥകൾക്ക് നമ്പൂതിരി വരച്ച ചിത്രങ്ങളിൽ നിന്ന് എത്ര ആഴത്തിലാണ് അദ്ദേഹം കഥകളെ മനസിലാക്കിയതെന്ന് ബോധ്യമാകും. കഥാപാത്രങ്ങൾക്ക് ജീവൻ നൽകുകയാണ് നമ്പൂതിരി ചെയ്തത്. എഴുത്തുകാരും ചിത്രക്കാരനായ നമ്പൂതിരിയും രചനകളിൽ പരസ്പരം പൂരിപ്പിക്കുകയായിരുന്നു . കേരളീയ പാരമ്പര്യം തൊട്ടുണർത്തുന്നതാണ് അദ്ദഹത്തിന്റെ കലാശൈലിയെന്നും സച്ചിദാനൻ കൂട്ടിച്ചേർത്തു.

മലപ്പുറം കോട്ടക്കൽ മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് അർധരാത്രിയോടെയായിരുന്നു ആർട്ടിസ്റ്റ് നമ്പൂതിരിയുടെ അന്ത്യം. ദൃശ്യാനുഭവത്തിന്റെ പുതിയ തലത്തിലേക്ക് സാഹിത്യവായനയെ ഉയർത്തിയ നമ്പൂതിരി മലയാളത്തിലുണ്ടായ നിരവധി അതുല്യ സാഹിത്യ സൃഷ്ടികൾക്ക് രേഖാ ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്. തകഴി, എംടി, ഉറൂബ്, വികെഎൻ അടക്കമുള്ള നിരവധി മഹാപ്രതിഭകളുടെ സൃഷ്ടികൾക്കായി ഒരുക്കിയ ചിത്രങ്ങളാണ് നമ്പൂതിരിയെ ജനപ്രിയനാക്കിയത്. രേഖാചിത്രങ്ങളെന്ന ചിത്രരചനാ സമ്പ്രദായത്തെ പുതിയ തലത്തിലേക്ക് ഉയർത്തിയ നമ്പൂതിരി ശിൽപകലയിലും ചലച്ചിത്രകലയിലും സാഹിത്യത്തിലും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്.

1925 സെപ്റ്റംബർ 13ന് മലപ്പുറം ജില്ലയിലെ പൊന്നാനിയിലെ കരുവാട്ടു മനയിൽ പരമേശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിന്റെയും മകനായാണ് കെ.എം വാസുദേവൻ എന്ന ആർടിസ്റ്റ് നമ്പൂതിരിയുടെ ജനനം. കുട്ടികാലത്തു തന്നെ ക്ഷേത്രശിൽപങ്ങളുടെ സ്വാധീനം കൊണ്ട് വരയിലും വാർപ്പിലും തത്പരനായി വാസുദേവൻ നമ്പൂതിരി. കലാസപര്യ പിന്തുടരുന്നതിനായി നമ്പൂതിരി ചെന്നൈയിലേക്ക് പോയി ഗവൺമെന്റ് ഫൈൻ ആർട്‌സ് കോളജിൽ ചേർന്നു. ഫൈൻ ആർട്‌സ് കോളജിൽനിന്ന് ലളിത കലയിലും അപ്ലൈഡ് ആർട്‌സിലുമായി രണ്ട് ഡിപ്ലോമകൾ നമ്പൂതിരി നേടി. കെ.സി.എസ് പണിക്കരുടെ ചോളമണ്ഡൽ കലാഗ്രാമത്തിലും നമ്പൂതിരി ഒരു കോഴ്‌സ് പൂർത്തിയാക്കി.

1960ൽ മാതൃഭൂമിയിൽ ചേർന്നു. തുടർന്നുള്ള രണ്ടുപതിറ്റാണ്ടുകാലം തകഴി, കേശവദേവ്, എം.ടി, ഉറൂബ്, എസ്.കെ പൊറ്റെക്കാട്ട്, വി.കെ.എൻ തുടങ്ങിയ പ്രതിഭകളുടെ സൃഷ്ടികൾക്ക് നമ്പൂതിരി രേഖാചിത്രങ്ങളൊരുക്കി. 1982ൽ കലാകൗമുദിയിൽ ചേർന്ന നമ്പൂതിരി പിന്നീട് മലയാളം വാരികയിലും പ്രവർത്തിച്ചു. രണ്ടു തവണ കേരള ലളിതകലാ അക്കാദമിയുടെ ചെയർമാനായിരുന്നു നമ്പൂതിരി. ജി. അരവിന്ദന്റെ ആദ്യചിത്രമായ ഉത്തരായനത്തിൽ കലാസംവിധാനം നിർവഹിച്ച നമ്പൂതിരിക്ക് 1974ൽ മികച്ച കലാസംവിധാനത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. ലളിതകലാ അക്കാദമി 2001ൽ ആരംഭിച്ച രാജാരവിവർമ പുരസ്‌കാരം 2003ൽ നേടി.

TAGS :

Next Story