നവീകരണത്തിന് പിന്നാലെ ദേശീയപാത പൊളിഞ്ഞു; വിജിലൻസ് പ്രാഥമിക പരിശോധന നടത്തി
താമരശേരി ചുങ്കം മുതൽ അടിവാരം വരെയുള്ള ഭാഗമാണ് റീടാറിംഗിന് പിന്നാലെ പൊളിഞ്ഞത്
കോഴിക്കോട് താമരശേരിയിൽ നവീകരണത്തിന് പിന്നാലെ ദേശീയപാത പൊട്ടിപ്പൊളിഞ്ഞ സംഭവത്തിൽ വിജിലൻസിന്റെ ഇടപെടൽ. ദേശീയപാത പൊളിഞ്ഞ സ്ഥലത്ത് വിജിലൻസ് ഉദ്യോഗസ്ഥരെത്തി പ്രാഥമിക പരിശോധന നടത്തി. താമരശേരി ചുങ്കം മുതൽ അടിവാരം വരെയുള്ള ഭാഗമാണ് റീടാറിംഗിന് പിന്നാലെ പൊളിഞ്ഞത്.
കോഴിക്കോട് ബംഗളൂരു ദേശീയപാതയിൽ താമരശേരി ഭാഗത്ത് കോടികള്‍ മുടക്കി റീ ടാറിംഗ് നടത്തി രണ്ടാഴ്ചക്കുള്ളിലാണ് റോഡ് തകർന്നത്. പ്രവൃത്തിയിലെ ക്രമക്കേടാണ് റോഡ് പൊളിയാൻ കാരണമെന്നായിരുന്നു ആക്ഷേപം. സംഭവം വാർത്തയായതോടെ പൊളിഞ്ഞ ഭാഗത്ത് വീണ്ടും ടാറ് ചെയ്‌തെങ്കിലും അതും തകർന്നു. തുടർന്ന് പ്രദേശവാസി നൽകിയ പരാതിയിലാണ് വിജിലൻസിന്റെ ഇടപെടൽ.
വിജിലൻസ് ഉദ്യോഗസ്ഥർക്ക് പുറമേ ദേശീയപാത ക്വാളിറ്റി കൺട്രോൾ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി. നിർമാണത്തിൽ വീഴ്ചയുണ്ടായതായി പ്രാഥമിക പരിശോധനയിൽ നിന്നും വ്യക്തമായതായാണ് സൂചന. വിശദമായി മൊഴിയെടുക്കാനായി പരാതിക്കാരനോട് ചൊവ്വാഴ്ച ഹാജരാകാൻ വിജിലൻസ് ആവശ്യപ്പെട്ടിട്ടുണ്ട്.
Adjust Story Font
16