Quantcast

140 നിയമസഭാ മണ്ഡലങ്ങള്‍, 36 ദിവസം; രാഷ്ട്രീയം പറഞ്ഞും പ്രതിഷേധം നേരിട്ടും കേരളം ചുറ്റി മന്ത്രിസഭ, പുതിയ ചരിത്രമെഴുതി നവകേരള സദസ്സ്

കേരള പര്യടനത്തില്‍ ലക്ഷക്കണക്കിനു പരാതികള്‍ സർക്കാരിന് ലഭിച്ചിട്ടുണ്ട്. അതിലുള്ള തുടർനടപടികളായിരിക്കും രാഷ്ട്രീയത്തിനപ്പുറം സദസ്സിന്‍റെ വിജയപരാജയങ്ങള്‍ നിര്‍ണയിക്കുക

MediaOne Logo

Web Desk

  • Updated:

    2023-12-24 03:07:27.0

Published:

24 Dec 2023 1:16 AM GMT

The NavaKerala Sadass led by Kerala CM Pinarayi Vijayan, which lasted for more than a month, has come to an end in Thiruvananthapuram, NavaKerala Sadass concludes in Thiruvananthapuram
X

തിരുവനന്തപുരം: ഒരു മാസത്തിലേറെ നീണ്ടുനിന്ന സംഭവബഹുലമായ നവകേരള സദസ്സ് അനന്തപുരിയില്‍ സമാപനം കുറിച്ചിരിക്കുകയാണ്. തിരുവനന്തപുരം വട്ടിയൂർക്കാവ് മണ്ഡലത്തില്‍ നടന്ന പരിപാടിയോടെയാണു പരിപാടികള്‍ക്കു സമാപ്തിയായത്. പതിനായിരങ്ങളാണ് ഇവിടെ പങ്കെടുത്തത്. നവകേരള സദസ്സ് ആർക്കും എതിരായ പരിപാടി ആയിരുന്നില്ലെന്നും പ്രതിപക്ഷം ബഹിഷ്കരിച്ചെങ്കിലും ജനങ്ങള്‍ ഒഴുകിയെത്തിയത് സർക്കാരിലുള്ള വിശ്വാസത്തിന്‍റെ തെളിവാണെന്നുമാണ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്.

140 നിയമസഭാ മണ്ഡലങ്ങള്‍, 36 ദിവസങ്ങള്‍, സംസ്ഥാന മന്ത്രിസഭ മുഴുവന്‍ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും സഞ്ചരിച്ച് രാഷ്ട്രീയം പറഞ്ഞും പ്രതിഷേധങ്ങള്‍ നേരിട്ടുമാണ് വട്ടിയൂർക്കാവിലെത്തിയത്. മന്ത്രിസഭ കേരളമുടനീളം സഞ്ചരിച്ചെന്ന പുതിയ ചരിത്രം എഴുതിച്ചേർത്താണ് നവകേരള സദസ്സിന് വട്ടിയൂർക്കാവ് പോളിടെക്നിക് ഗ്രൌണ്ടില്‍ സമാപനമായത്. സർക്കാർ വിരുദ്ധ വികാരമുണ്ടെന്ന് ബോധ്യമായപ്പോള്‍ ലോക്സഭാ തെരഞ്ഞെടുപ്പിനുമുന്‍പ് അതിനെ മറികടക്കാന്‍ സി.പി.എം കണ്ട മാർഗമായിരിന്നു നവകേരള സദസ്സ. അരയും തലയും മുറുക്കി സി.പി.എമ്മും മുന്നണിയും ഇറങ്ങിയതോടെ ജനങ്ങള്‍ വേദികളില്‍ തിങ്ങിനിറഞ്ഞു. കേന്ദ്രത്തിനും ഗവര്‍ണര്‍ക്കുമെതിരെ മുഖ്യമന്ത്രി കടുത്ത വിമർശനങ്ങളുമുന്നയിച്ചു.

പ്രതിപക്ഷ പ്രതിഷേധങ്ങളെ നേരിട്ടാണ് നവകേരള സദസ്സ് സമാപിച്ചത്. നവകേരള ബസില്‍ തുടങ്ങിയ വിവാദങ്ങള്‍ ഒടുവില്‍ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ പ്രതിഷേധങ്ങളിലേക്ക് തിരിഞ്ഞു. പ്രതിഷേധക്കാരെ മർദിച്ച പൊലീസിന്‍റെയും ഡി.വൈ.എഫ്.ഐയുടെയും നടപടികള്‍ ജീവന്‍ രക്ഷാപ്രവർത്തനമെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ അതൊരു മൗനാനുവാദമായി മാറി. പൊലീസ് സുരക്ഷയ്ക്ക് പുറമെ ഡി.വൈ.എഫ്.ഐയും സുരക്ഷാചുമതല ഏറ്റെടുക്കാന്‍ തുടങ്ങിയതോടെ സംസ്ഥാനത്ത് ക്രമസമാധാനപ്രശ്നങ്ങള്‍ വർധിച്ചു.

പ്രതിപക്ഷം പിന്നോട്ടുപോയില്ല. തലസ്ഥാനത്ത് എത്തിയതോടെ സമരങ്ങളുടെ രീതി മാറി. പ്രതിഷേധം കലേറിലേക്കും തെരുവില്‍ ഏറ്റുമുട്ടലിലേക്കും വഴിമാറി. അതിനെയും വിമർശിച്ചാണ് മുഖ്യമന്ത്രി വട്ടിയൂർക്കാവിലെ പ്രസംഗം അവസാനിപ്പിച്ചത്.

പ്രതിപക്ഷത്തിന്‍റെ പ്രതിഷേധങ്ങള്‍ അവസാനിക്കാന്‍ സാധ്യതയില്ല. നവകേരള സദസ്സ് ഉയർത്തിയ വിവാദവും അല്ലാത്തതുമായി ചർച്ചകളും ഇനിയും തുടരും. ലക്ഷക്കണക്കിനു പരാതികള്‍ സർക്കാരിന് ലഭിച്ചിട്ടുണ്ട്. അതില്‍ സർക്കാരിന്‍റെ തുടർനടപടികളായിരിക്കും രാഷ്ട്രീയത്തിനപ്പുറം സദസ്സിന്‍റെ വിജയപരാജയങ്ങള്‍ നിര്‍ണയിക്കുക.

Summary: The NavaKerala Sadass led by Kerala CM Pinarayi Vijayan, which lasted for more than a month, has come to an end in Thiruvananthapuram

TAGS :

Next Story