യുവസംവിധായിക നയന സൂര്യന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചിട്ട് നാലു വര്‍ഷം
നയനയുടെ ജന്മദിനമായ ഇന്ന് സുഹൃത്തുക്കള്‍ തിരുവനന്തപുരത്ത് അനുസ്മരണയോഗം സംഘടിപ്പിക്കും
നയന സൂര്യന്‍
തിരുവനന്തപുരം: യുവ സംവിധായികയായിരുന്ന നയന സൂര്യന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചിട്ട് നാളെ നാലു വര്‍ഷം. നയനയുടെ ജന്മദിനമായ ഇന്ന് സുഹൃത്തുക്കള്‍ തിരുവനന്തപുരത്ത് അനുസ്മരണയോഗം സംഘടിപ്പിക്കും. മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.
ഫെബ്രുവരി 23.. നയന ഇല്ലാത്ത നയനയുടെ മുപ്പത്തിരണ്ടാം ജന്മദിനം. നാലു വര്‍ഷം മുമ്പ് ഇതുപോലൊരു ജന്മദിനം ആഘോഷിച്ച് പിരിഞ്ഞ സുഹൃത്തുക്കള്‍ പിന്നെ അറിയുന്നത് അവളുടെ മരണ വാര്‍ത്തയാണ്. അതും തൊട്ടടുത്ത ദിവസമായ ഫെബ്രുവരി 24ന്. മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന സുഹൃത്തുക്കളുടെ അടക്കം പറച്ചിലൊക്കെ ആദ്യഘട്ട പൊലീസ് അന്വേഷണത്തില്‍ മുങ്ങി.. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കഴിഞ്ഞ മാസം പുറത്തുവന്നതോടെയാണ് മരണത്തിലെ ദുരൂഹത വീണ്ടും ചര്‍ച്ചയായത്. മ്യൂസിയം പൊലീസിന്‍റെ അന്വേഷണ വീഴ്ചകള്‍ അക്കമിട്ട് പുറത്തുവന്നതോടെ കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. നിലവില്‍ ഇരുപത്തിയഞ്ചോളം പേരുടെ മൊഴികള്‍ അന്വേഷണസംഘം രേഖപ്പെടുത്തി.
പോസ്റ്റ്മോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജന്‍ ഡോക്ടര്‍ ശശികലയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. മൊഴികളില്‍ വ്യക്തത വരുത്തിയശേഷം മെഡിക്കല്‍ബോര്‍ഡ് രൂപീകരിക്കാന്‍ ശിപാര്‍ശ നല്‍കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ഇന്ന് വൈകിട്ട് നാലിന് കേസരി ഹാളിലാണ് നയനയുടെ അനുസ്മരണയോഗം. തുടര്‍ന്ന് വൈകിട്ട് ആറരയ്ക്ക് നയനയുടെ പ്രിയപ്പെട്ട ഇടമായിരുന്ന മാനവീയം വീഥിയില്‍ മെഴുകുതിരി അഞ്ജലി അര്‍പ്പിക്കും.
Adjust Story Font
16