'ഒളിവിൽ കഴിയവെ കാട്ടാനക്ക് മുന്നിൽ പെട്ടു, ഡ്രോൺ വരുമ്പോഴൊക്കെ മരങ്ങളുടെ താഴെ ഒളിച്ചു'; ചെന്താമര
പല തവണ നാട്ടുകാരുടെ തിരച്ചിൽ സംഘത്തെ കണ്ടെന്നും പ്രതി പൊലീസിനോട് പറഞ്ഞു
![Chenthamara Chenthamara](https://www.mediaoneonline.com/h-upload/2025/01/29/1460226-chenthamara-jail.webp)
പാലക്കാട്: ഒളിവിൽ കഴിയവേ താൻ കാട്ടാനക്ക് മുന്നിൽ പെട്ടെന്ന് പ്രതി ചെന്താമര. കാട്ടാനയുടെ നേരെ മുന്നിൽ താൻ എത്തിയെങ്കിലും ആന ആക്രമിച്ചില്ല . മലക്ക് മുകളിൽ പൊലീസ് ഡ്രോൺ പരിശോധന നടത്തിയത് കണ്ടു. ഡ്രോൺ വരുമ്പോഴൊക്കെ മരങ്ങളുടെ താഴെ ഒളിച്ചു. പല തവണ നാട്ടുകാരുടെ തിരച്ചിൽ സംഘത്തെ കണ്ടെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
കൊലപാതകം നടന്ന് 36-ാം മണിക്കൂറിലാണ് ഇന്നലെ ചെന്താമര പിടിയിലാകുന്നത്. വൈകുന്നേരം മാട്ടായിയിൽ ചെന്താമരയെ കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് ചെന്താമരക്കായി വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചെന്താമര പിടിയിലായത്.
ചെന്താമരയെ ആലത്തൂർ ഡിവൈഎസ്‍പി ഓഫീസിലേക്ക് മാറ്റിയിട്ടുണ്ട്. നെന്മാറ പൊലീസ് സ്റ്റേഷനിൽ മുന്നിലെ സംഘർഷം കണക്കിലെടുത്തായിരുന്നു പുലർച്ചെ പൊലീസിന്‍റെ നാടകീയ നീക്കം.
പ്രതിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നെന്മാറ സ്റ്റേഷന് മുന്നിൽ ജനം തടിച്ചുകൂടിയിരുന്നു. ഗേറ്റ് തകർത്ത നാട്ടുകാർക്ക് നേരെ പൊലീസ് ലാത്തിവീശിയത് സംഘർഷത്തിന് വഴിവെക്കുകയായിരുന്നു. ഇന്ന് പ്രതിയെ വൈദ്യ പരിശോധനക്ക് വീണ്ടും വിധേയമാക്കും. തുടർന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാനാണ് തീരുമാനം.
ചെന്താമര ക്ഷീണിതനായിരുന്നെന്നും ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് വരുന്നതിനിടെയാണ് പിടിയിലായതെന്നും എസ്‍പി അജിത് കുമാർ മീഡിയവണിനോട് പറഞ്ഞു. പ്രതിക്ക് വിശപ്പ് സഹിക്കാനാകില്ലെന്നും ഭക്ഷണം കഴിക്കാൻ വീട്ടിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ ഒരുകൂസലുമില്ലാതെ നിന്ന പ്രതി അബദ്ധത്തിൽ സംഭവിച്ചതാണ് കൊലപാതകമെന്ന മൊഴിയായിരുന്നു നൽകിയത്.
Adjust Story Font
16