നേപ്പാളി യുവതിയുടെ കൊലപാതകം: പ്രതിയെ തേടി അന്വേഷണ സംഘം ഡൽഹിയിൽ
കൊച്ചിയില്‍ കടവന്ത്രയ്ക്കടുത്ത് വാടകവീട്ടിലാണ് ഭഗീരഥി താമസിച്ചിരുന്നത്
കൊച്ചി എളംകുളത്ത് വാടകവീട്ടിൽ നേപ്പാളി യുവതി ഭഗീരഥിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ തേടി അന്വേഷണ സംഘം ഡൽഹിയിൽ എത്തി. എറണാകുളം സൗത്ത് പോലീസ് എസ്‌ഐ അജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡൽഹിയിൽ എത്തിയത്.
കൊലപാതക ശേഷം ഈ മാസം 20ന് കൊച്ചിയിൽ നിന്നു കടന്ന റാം ബഹദൂർ ബിസ്തി നേപ്പാളിലുണ്ടെന്നാണ് വിവരം. ഇയാളെ കണ്ടെത്താൻ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇന്ത്യ-നേപ്പാൾ അതിർത്തിയിലെ സുരക്ഷാസേനയ്ക്കും പൊലീസ് വിവരം കൈമാറിയിട്ടുണ്ട്.
മാതാപിതാക്കളെ വിവരം അറിയിച്ചതിനെ തുടർന്ന് ഭഗീരഥിയുടെ സഹോദരങ്ങൾ കൊച്ചിയിൽ എത്തി. ഡിഎൻഎ സാമ്പിളടക്കം പരിശോധിച്ച ശേഷമേ മൃതദേഹം ബന്ധുക്കൾക്ക് കൈമാറൂ. നിലവിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം കളമശ്ശേരി ഗവണ്‍മെന്‍റ് മെഡിക്കൽ കോളജിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്.
കടവന്ത്രയ്ക്കടുത്ത് ഗിരിനഗറിലെ വാടകവീട്ടില്‍ അഴുകിയ നിലയിലാണ് ഭഗീരഥിയുടെ മൃതദേഹം കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഭഗീരഥിയുടെ കൂടെ താമസിച്ചിരുന്നയാളാണ് റാം ബഹദൂർ. കൊച്ചിയിൽ വ്യാജപേരിലാണ് ഇയാൾ താമസിച്ചിരുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ പല പേരുകളില്‍ ജോലി ചെയ്ത റാം ബഹദൂർ മഹാരാഷ്ട്രയിൽ നിന്നാണ് തിരിച്ചറിയല്‍ രേഖ ഉണ്ടാക്കിയത്. മഹാരാഷ്ട്ര സ്വദേശിയെന്ന വ്യാജരേഖ ഉപയോഗിച്ച് വാങ്ങിയ സിം കാര്‍ഡ് ആണ് കൊച്ചിയില്‍ ഉപയോഗിച്ചിരുന്നത്. ഈ ഫോൺ നിലവിൽ സ്വിച്ച് ഓഫാണ്. കൊലപാതകത്തിന് കാരണമെന്തെന്ന് വ്യക്തമല്ല.
Adjust Story Font
16