Quantcast

വിസി നിയമനത്തിനുള്ള പുതിയ പാനൽ രാജ്ഭവന് ; ഗവർണറോട് പോരിനുറച്ച് സര്‍ക്കാര്‍

സ്ഥിരം വിസി വരും വരെ പാനലിൽ നിന്ന് ഒരാളെ നിയമിക്കണമെന്ന് എന്ന് ആവശ്യം

MediaOne Logo

Web Desk

  • Updated:

    2024-10-25 04:59:26.0

Published:

25 Oct 2024 3:52 AM GMT

arif mohammad khan
X

തിരുവനന്തപുരം: വിസി നിയമനത്തിൽ ഗവർണറോട് പോരിനുറച്ച് സംസ്ഥാന സർക്കാർ. കേരള വിസി നിയമനത്തിനുള്ള പുതിയ പാനൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് രാജ്ഭവന് നൽകി. സ്ഥിരം വിസി വരും വരെ പാനലിൽ നിന്ന് ഒരാളെ നിയമിക്കണമെന്ന് എന്ന് ആവശ്യം. മോഹനൻ കുന്നുമ്മലിന് ചുമതല നീട്ടി നൽകിയതിൽ കടുത്ത അതൃപ്തിയിലാണ് സർക്കാർ. എം.ജി സർവകലാശാലയിലെ ഡോ. ജയചന്ദ്രൻ, കാലിക്കറ്റിലെ പ്രൊഫസർ പി.പി പ്രദ്യുമ്‌നൻ, കണ്ണൂർ സർവകലാശാലയിൽ ഡോ. കെ. ശ്രീജിത്ത് എന്നിവരുടെ പേരാണ് നൽകിയത്.

ചാന്‍സലര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വീകരിക്കുന്നത് അവസരവാദപരമായ നിലപാടാണെന്നായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിന്‍റെ ആരോപണം. സർക്കാരിനെ ചാൻസലർ ഇരുട്ടിൽ നിർത്തിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജും പ്രതികരിച്ചിരുന്നു. മോഹനൻ കുന്നുമ്മലിന്‍റെ പുനർനിയമനമാണ് മന്ത്രിമാരെ ചൊടിപ്പിച്ചത്.

പുനർനിയമനത്തിൽ തന്നെ പ്രതിയാക്കിയ ചാൻസലർ ഇപ്പോള്‍ മറ്റൊരാൾക്കു പുനർനിയമനം നൽകിയിരിക്കുകയാണെന്ന് മന്ത്രി ബിന്ദു വിമര്‍ശിച്ചു. ഒരിക്കൽ പറയുന്നതിൽനിന്നു വ്യത്യസ്തമായ നിലപാടാണ് ഇപ്പോള്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വീകരിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തിയിരുന്നു. ഗവർണറുടെ നടപടി ജനാധിപത്യ വിരുദ്ധമെന്നായിരുന്നു എല്‍ഡിഎഫ് നേതൃത്വത്തിന്‍റെ പ്രതികരണം.

നേരത്തെ മോഹനന് അഞ്ച് വര്‍ഷത്തേക്കുകൂടി കാലാവധി നീട്ടി ചാന്‍സലര്‍ ഉത്തരവിറക്കുകയായിരുന്നു. ഈ മാസം വിരമിക്കാനിരിക്കെയാണു പുതിയ തീരുമാനം. 70 വയസ് വരെ പദവിയില്‍ തുടരാമെന്ന് ഉത്തരവില്‍ പറയുന്നു. കേരള വിസിയുടെ അധിക ചുമതലയിലും മോഹനന്‍ തുടരും. ഇതോടെ, സംസ്ഥാനത്ത് പുനർനിയമനം ലഭിക്കുന്ന രണ്ടാമത്തെ വിസിയായിരിക്കുകയാണ് ഡോ. മോഹനൻ കുന്നുമ്മൽ. നേരത്തെ കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായിരുന്ന ഡോ. ഗോപിനാഥ് രവീന്ദ്രനാണ് സംസ്ഥാനത്ത് ആദ്യമായി വിസിയായി പുനർനിയമനം ലഭിച്ചത്. നടപടി വിവാദമാകുകയും നിയമ പോരാട്ടത്തിനൊടുവില്‍ ഗോപിനാഥ് രവീന്ദ്രന്‍റെ നിയമനം സുപ്രിംകോടതി അസാധുവാക്കുകയും ചെയ്തിരുന്നു.

TAGS :

Next Story