പന്തീരങ്കാവിൽ നവവധുവിനെ മർദിച്ച സംഭവം: ഭർത്താവിനെതിരെ വധശ്രമത്തിന് കേസ്, പിടികൂടാനാവാതെ പൊലീസ്
രാഹുലിനെതിരെ വധശ്രമത്തിന് കേസെടുത്തത് ഗുരുതര വകുപ്പുകൾ ചുമത്തിയില്ലെന്ന ആക്ഷേപം ശക്തമായതോടെ
കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവില്‍ നവവധുവിനെ മര്‍ദിച്ച കേസില്‍ യുവതിയുടെ ഭര്‍ത്താവ് രാഹുലിനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. രാഹുല്‍ ഒളിവില്‍ പോയെന്നാണ് പൊലീസ് സംശയിക്കുന്നത്. ഫോണ്‍ ചാര്‍ജര്‍ കഴുത്തില്‍ ചുറ്റി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് യുവതി മൊഴി നല്‍കിയിട്ടും രാഹുലിനെതിരെ വധശ്രമത്തിന് കേസെടുത്തില്ലെന്ന് യുവതി പരാതി ഉന്നയിച്ചതിന് പിന്നാലെയാണ് കേസെടുത്തിരിക്കുന്നത്.
പെൺകുട്ടിയുടെ ഭർത്താവ് രാഹുലിനെതിരെ സ്ത്രീധന പീഡനക്കുറ്റവും ചുമത്തിയിട്ടുണ്ട്. പ്രതി രാഹുലിനായി അന്വേഷണം ഊര്‍ജിതമാക്കിയെന്ന് പന്തീരങ്കാവ് പൊലീസ് അറിയിച്ചു. മുന്‍പ് ഗാര്‍ഹിക പീഡനക്കേസ് മാത്രം എടുത്ത് പരാതി ഒതുക്കിത്തീര്‍ക്കാന്‍ പൊലീസ് ശ്രമിച്ചെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നത്.
നവവധു ഭര്‍ത്താവിന്റെ വീട്ടില്‍ ക്രൂരമായ ഗാര്‍ഹികപീഡനത്തിന് ഇരയായെന്ന് പരാതി ലഭിച്ചിട്ടും പന്തീരങ്കാവ് എസ് എച്ച്. ഒ യഥാസമയം കേസെടുക്കാന്‍ വിമുഖത കാണിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുമുണ്ട്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍ പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂ നാഥ് ആവശ്യപ്പെട്ടു.
Adjust Story Font
16