Quantcast

വാർത്തകൾ വളച്ചൊടിച്ചു, പരാമർശം തെറ്റായി വ്യാഖ്യാനിച്ചതിൽ ദുഃഖമുണ്ട്: സജി ചെറിയാൻ

മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി

MediaOne Logo

Web Desk

  • Updated:

    2022-07-05 10:48:23.0

Published:

5 July 2022 10:45 AM GMT

വാർത്തകൾ വളച്ചൊടിച്ചു, പരാമർശം തെറ്റായി വ്യാഖ്യാനിച്ചതിൽ ദുഃഖമുണ്ട്: സജി ചെറിയാൻ
X

തിരുവനന്തപുരം: പാർട്ടി വേദിയിലെ വിവാദ പരാമർശത്തിൽ വിശദീകരണവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. തന്റെ പരാമർശത്തെ ചൊല്ലിയുള്ള വാർത്തകൾ മാധ്യമങ്ങൾ വളച്ചൊടിച്ചവയാണെന്ന് സജി ചെറിയാൻ പ്രതികരിച്ചു. തന്റെ പരാമർശം ദുർവ്യാഖ്യാനിച്ചതിൽ ദുഃഖമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ പരാമർശം പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ വിശദീകരണം.

കാര്യങ്ങൾ തന്റേതായ ശൈലിയിൽ അവതരിപ്പിക്കുകയാണുണ്ടായത്. ഭരണഘടനയെ ബഹുമാനിക്കുന്നയാളാണ് താനെന്നും ഭരണഘടന വിഭാവനം ചെയ്യുന്ന ആശയങ്ങൾ നടപ്പിലാകുന്നില്ലെന്നുമാണ് താൻ പറഞ്ഞതെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിയമസഭയിലായിരുന്നു മന്ത്രിയുടെ വിശദീകരണം. വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി വ്യക്തമാക്കി. ചിലപ്പോൾ മന്ത്രിക്ക് നാക്കു പിഴ സംഭവിച്ചതാവാമെന്നും പിന്നീട് അത് ദുർ വ്യാഖ്യാനിക്കപ്പെട്ടതാകാമെന്നും എം.എ ബേബി പറഞ്ഞു. മന്ത്രിയുടെ വിവാദ പരാമർശത്തെ ചൊല്ലി പ്രതിപക്ഷം രാജി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് എം.എ ബേബിയുടെ പ്രതികരണം.

ഭരണകൂടത്തിന് കീഴിൽ ജനങ്ങൾ അനുഭവിക്കുന്ന കാര്യങ്ങളാണ് സജി ചെറിയാൻ പറഞ്ഞത്. നല്ല രീതിയിൽ പ്രവർത്തിക്കുന്ന മന്ത്രിയാണ് സജി ചെറിയാൻ. കാര്യങ്ങൾ അവതരിപ്പിക്കുന്നതിൽ മന്ത്രിക്ക് പിശക് പറ്റിയിട്ടുണ്ടാകാമെന്നും എം.എ ബേബി വ്യക്തമാക്കി. സജ് ചെറിയാൻ ജാഗ്രത പുലർത്തിയില്ലെന്ന് സിപിഎം സംസ്ഥാന നേതൃത്വം വിശദീകരിച്ചു. അതേസമയം മന്ത്രി സജി ചെറിയാനെ ന്യായീകരിച്ച് സിപിഎം പത്തനംതിട്ടി ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു രംഗത്തെത്തി. മന്ത്രി ഭരണഘടനാ മനോഹരമാണെന്ന് തന്നെയാണ് പരാമർശിച്ചത്. മന്ത്രി പറഞ്ഞത് കേന്ദ്ര സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയാണെന്നും കെ.പി ഉദയഭാനു വ്യക്തമാക്കി.

സഭയിൽ മന്ത്രി നടത്തിയ പ്രസ്താവന:

മല്ലപ്പള്ളിയിൽ നടന്ന പരിപാടിയിൽ ഞാൻ ഭരണഘടനയെ വിമർശിച്ചു എന്ന രീതിയിൽ വരുന്ന വാർത്തകൾ വളച്ചൊടിക്കപ്പെട്ടതാണ്. നമ്മുടെ ഭരണഘടനയെ ബഹുമാനിക്കുകയും അതിന്റെ ഉദാത്തമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന പൊതുപ്രവർത്തകനാണ് ഞാൻ. ഞാനുൾപ്പെടുന്ന പ്രസ്ഥാനം നമ്മുടെ ഭരണഘടനയെയും അതിൽ ഉയർത്തിപ്പിടിച്ചിട്ടുള്ള മൂല്യങ്ങളെയും സംരക്ഷിക്കണമെന്ന ആവശ്യം രാജ്യത്തെമ്പാടും ഉയർത്തിപ്പിടിക്കുന്നവരുടെ മുൻപന്തിയിലാണ്.

നമ്മുടെ ഭരണഘടനയുടെ നിർദേശകതത്വങ്ങൾ സാമൂഹ്യനീതിയും സാമ്പത്തിക സുരക്ഷയും എല്ലാവർക്കും ഉറപ്പുവരുത്തണമെന്ന് നിഷ്‌ക്കർഷിക്കുന്നുണ്ട്. എന്നാൽ ഇവ നടപ്പിലാക്കിക്കിട്ടണം എന്ന ആവശ്യവുമായി കോടതിയെ സമീപിക്കാനുള്ള അവകാശം ഭരണഘടനയിൽ എഴുതി ചേർക്കപ്പെട്ടിട്ടില്ല. രാജ്യത്തെ ചൂഷണം ചെയ്യപ്പെടുന്ന ജനകോടികൾക്ക് നീതി ലഭിക്കണമെങ്കിൽ ഭരണഘടനയുടെ നിർദേശകതത്വങ്ങൾക്ക് കൂടുതൽ ശാക്തീകരണം അനിവാര്യമാണ്. അല്ലെങ്കിൽ വർധിച്ചു വരുന്ന അസമത്വങ്ങൾക്കെതിരെ പ്രതിരോധം തീർക്കുന്നതിൽ ഭരണഘടനയ്ക്ക് ശക്തിയുണ്ടാവില്ല എന്ന ആശങ്കയാണ് ഞാൻ എന്റേതായ വാക്കുകളിൽ പ്രകടിപ്പിച്ചത്. ഒരിക്കൽപ്പോലും ഭരണഘടനയ്ക്ക് അവമതിപ്പുണ്ടാക്കാനോ അതിനെതിരായ കാര്യങ്ങൾ പറയാനോ ഉദ്ദേശിച്ചിട്ടേയില്ല.

സ്വതന്ത്ര ഭാരത്തിൽ ഭരണകൂട സംവിധാനങ്ങൾ ഈ തത്വങ്ങൾ നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടതിന്റെ ഫലമായി സാമ്പത്തിക - സാമൂഹിക അസമത്വങ്ങൾ വർധിക്കുകയാണുണ്ടായത്. നിർദേശകതത്വങ്ങൾക്ക് ഊടും പാവും നൽകുന്ന നിയമനിർമ്മാണം നടത്താൻ ശ്രമം നടത്തിയ ഇടതുപക്ഷ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരുകളെ ഭരണഘടനയുടെ വകുപ്പുകൾ തന്നെ ദുരുപയോഗം ചെയ്തുകൊണ്ട് അട്ടിമറിച്ച അനുഭവവും നമുക്കു മുന്നിലുണ്ട്.

ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷത, ജനാധിപത്യം, ഫെഡറൽ ഘടന, എന്നീ തത്വങ്ങൾ കടുത്ത വെല്ലുവിളിയാണ് വർത്തമാനകാലത്ത് നേരിട്ടുകൊണ്ടിരിക്കുന്നത്. തൊഴിലാളികൾക്ക് അവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് നിലവിലുണ്ടായിരുന്ന നിമയങ്ങളെല്ലാം റദ്ദാക്കിക്കൊണ്ട് ലേബർ കോഡുകൾ രാജ്യത്ത് അടിച്ചേൽപ്പിച്ചത് കൊടിയ ചൂഷണത്തിന് വഴിവയ്ക്കും എന്നാണ് ചൂണ്ടിക്കാണിച്ചത്. ഇതെല്ലാം രാജ്യത്ത് ഭരണത്തിനു നേതൃത്വം കൊടുക്കുന്ന ഭരണകൂട സംവിധാനങ്ങൾ സ്വീകരിക്കുന്ന നയങ്ങളുടെ ഫലമാണ്. ഈ നയങ്ങളാണ് ഭരണഘടനയുടെ അന്തഃസത്തയെയും മൂല്യങ്ങളെയും തകർക്കുന്നത് എന്നാണ് ഞാൻ ചൂണ്ടിക്കാട്ടിയത്.

ഭരണഘടന നിർമാതാക്കളുടെ വീക്ഷണം സാർത്ഥകമാകാതെ പോയത് ഇതുവരെയുള്ള കേന്ദ്രസർക്കാരുകളുടെ രാഷ്ട്രീയ ജനവിരുദ്ധ രാഷ്ട്രീയ നയങ്ങളുടെ ഫലമാണ്. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷമായിട്ടും നമ്മുടെ രാജ്യത്ത് മഹാഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങൾക്ക് സാമൂഹ്യനീതി നിഷേധിക്കപ്പെടുന്നത് ചൂണ്ടിക്കാണിക്കണമെന്ന ഒരു പൊതുപ്രവർത്തകന്റെ കടമ നിർവഹിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. മേൽപ്പറഞ്ഞ കാര്യങ്ങൾ ശക്തിയായി അവതരിപ്പിച്ചപ്പോൾ അത് ഏതെങ്കിലും രീതിയിൽ തെറ്റായി വ്യാഖ്യാനിക്കപ്പെടാനും ഞാൻ ഉദ്ദേശിക്കാത്ത കാര്യങ്ങൾക്ക് പ്രചാരണം ലഭിക്കാൻ ഇടവന്നിട്ടുണ്ടെങ്കിൽ അതിൽ ഞാൻ അതിയായ ദുഃഖവും ഖേദവും പ്രകടിപ്പിക്കുന്നു.

TAGS :

Next Story