Quantcast

നിഖിലിനെ കസ്റ്റഡിയിലെടുത്തത് അർധരാത്രി കെ.എസ്.ആർ.ടി.സി ബസിൽനിന്ന്; കായംകുളം പൊലീസ് സ്റ്റേഷനിലെത്തിച്ചു

എ.സി ലോഫ്‌ളോർ ബസിലായിരുന്നു യാത്ര

MediaOne Logo

Web Desk

  • Updated:

    2023-06-24 05:18:05.0

Published:

24 Jun 2023 1:05 AM GMT

Nikhil Thomas in custody, Kottayam KSRTC bus stand, Nikhil Thomas case, Nikhil Thomas fake degree certificate case
X

കോട്ടയം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിലെ പ്രതി മുൻ എസ്.എഫ്.ഐ നേതാവ് നിഖിൽ തോമസിനെ കസ്റ്റഡിയിലെടുത്ത ശേഷം കായംകുളം പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇന്നലെ അർധരാത്രി 12.30ഓടെ കോട്ടയത്തുവച്ചാണ് നിഖിൽ അന്വേഷണ സംഘത്തിന്റെ പിടിയിലായത്. കോഴിക്കോട്-തിരുവനന്തപുരം കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യവേ കോട്ടയം ബസ് സ്റ്റാൻഡിൽവെച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. എ.സി ലോഫ്‌ളോർ ബസിലായിരുന്നു യാത്ര.

കോഴിക്കോട്ട് പാർട്ടി നേതാക്കളാണ് നിഖിലിന് ഒളിവിൽ കഴിയാനുള്ള സഹായം ചെയ്തതെന്ന് സൂചനയുണ്ട്. ഒളിവിൽ പോകുന്ന സമയത്ത് നിഖിൽ ഫോണിലൂടെ ബന്ധപ്പെട്ട വർക്കലയിലുള്ള സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം, കൊല്ലം ജില്ലകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. നിഖിലിനെ പിടികൂടാത്തതിൽ വലിയ തോതിൽ വിമർശനമുയർന്ന പശ്ചാത്തലത്തിലാണ് പൊലീസിന്റെ നീക്കം. കീഴടങ്ങാനുള്ള നീക്കത്തിനിടെയാണ് അറസ്റ്റ് എന്നും സൂചനയുണ്ട്.

സർട്ടിഫിക്കറ്റ് വിവാദം ശക്തമായതിനു പിന്നാലെ ഒരാഴ്ചയോളമായി നിഖിൽ ഒളിവിലായിരുന്നു. വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചതിന് നിഖിലിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് നിഖിൽ ഒളിവിൽ പോയത്. നിഖിലിനെ എസ്.എഫ്.ഐയിൽനിന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.

കായംകുളം ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പതിനാല് അംഗ സംഘമായിട്ടായിരുന്നു അന്വേഷണം. നിഖിലിന്റെ മാതാപിതാക്കളെയും നിഖിലുമായി ബന്ധമുള്ള എട്ടുപേരെയും സംഭവത്തിൽ പൊലീസ് ചോദ്യം ചെയ്തിരുന്നു.

അതേസമയം, മുൻ എസ്.എഫ്.ഐ നേതാവിന് രണ്ട് ലക്ഷം രൂപ നൽകിയാണ് നിഖിൽ വ്യാജ സർട്ടിഫിക്കറ്റ് തരപ്പെടുത്തിയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. നിഖിലിനെ പിടികൂടിയ ശേഷം തുടരന്വേഷണം നടത്താനായിരുന്നു പൊലീസ് നീക്കം.

Summary: Nikhil was caught by the investigation team in Kottayam last night. He was caught by the police at the Kottayam bus stand while traveling on the Kozhikode-Thiruvananthapuram KSRTC bus.

TAGS :

Next Story