Quantcast

നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ്: എം.എസ്.എം കോളേജിന് ഗുരുതര വീഴ്ച പറ്റിയെന്ന് കേരള സര്‍വകലാശാല

വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കുന്നതിനെക്കുറിച്ചും സർവകലാശാല ഗൗരവമായി ആലോചിക്കുന്നുണ്ട്

MediaOne Logo

Web Desk

  • Published:

    17 July 2023 1:53 PM GMT

നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ്: എം.എസ്.എം കോളേജിന് ഗുരുതര വീഴ്ച പറ്റിയെന്ന് കേരള സര്‍വകലാശാല
X

തിരുവനന്തപുരം: മുൻ എസ്.എഫ്.ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിഷയത്തിൽ എം.എസ്.എം കോളേജിന് ഗുരുതര വീഴ്ച പറ്റിയതായി കേരള സർവകലാശാല. കൊമേഴ്സ് വകുപ്പിന് ഗുരുതരവീഴ്ച സംഭവിച്ചെന്നാണ് കണ്ടെത്തൽ. രേഖകളിൽ വ്യക്തതയില്ല എന്ന് കണ്ടെത്തിയ സർവകലാശാല, ഇക്കാര്യത്തിൽ വിശദമായ പരിശോധന ആവശ്യമുണ്ടെന്നും വ്യക്തമാക്കി. വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കുന്നതിനെക്കുറിച്ചും സർവകലാശാല ഗൗരവമായി ആലോചിക്കുന്നുണ്ട്

കോളേജ് അധികൃതർ കഴിഞ്ഞദിവസം സർവകലാശാലയിൽ എത്തി രേഖകൾ സമർപ്പിച്ചിരുന്നു. ഈ രേഖകളിൽ വ്യക്തതയില്ലെന്നാണ് ഇപ്പോൾ സർവകലാശാല കണ്ടെത്തിയിരിക്കുന്നത്. 2017 - 20 കാലഘട്ടത്തിൽ നിഖിൽ തോമസ് കോളേജിൽ പഠിച്ചതിന്റെയും പരീക്ഷയെഴുതിയതിന്റെയോ വിശദാംശങ്ങൾ സൂക്ഷിച്ചില്ല. പഠിച്ച് പരാജയപ്പെട്ടയാൾ എം കോമിന് അഡ്മിഷൻ തേടി വരുമ്പോൾ വിശദാംശങ്ങൾ പരിശോധിക്കേണ്ടതായിരുന്നെന്നുള്ള നിഗമനത്തിലാണ് സർവകലാശാല എത്തിയത്.

കായംകുളം എം.എസ്.എം കോളേജിൽ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് എംകോം പ്രവേശനം നേടിയെന്ന പരാതിയിൽ കഴിഞ്ഞ മാസമാണ് മുൻ എസ്.എഫ്.ഐ നേതാവ് കൂടിയായ നിഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജ സർട്ടിഫിക്കറ്റ് ആരോപണം വലിയ വിവാദമായതോടെ ഒളിവിൽപ്പോയ നിഖിലിനെ കോഴിക്കോട്ടുനിന്ന് കോട്ടയത്തേക്കുള്ള യാത്രമധ്യേയാണ് പിടികൂടിയത്. ഇതിൽ പിന്നീട് തീരുമാനം എടുക്കുമെന്നാണ് വിവരം.

TAGS :

Next Story