'കേസില്ല, വാദമില്ല, കോടതി ഇല്ല, കുറ്റവാളിയെ സർക്കാർ തീരുമാനിക്കുന്നു'; ബുൾഡോസർ രാജിനും പ്രവാചക നിന്ദ വെടിവെപ്പിനുമെതിരെ എം.എ ബേബി
മുഹമ്മദ് നബിയെ നിന്ദിക്കുന്ന പ്രസ്താവനയുടെ പേരിൽ ഉണ്ടായ പ്രശ്‌നങ്ങളെ വലിയ വർഗീയ സംഘർഷത്തിൽ എത്തിക്കാനും അതുവഴി സമൂഹത്തിൽ വർഗീയ വിഭജനം ഉണ്ടാക്കി രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനുമാണ് ആർഎസ്എസും അതിന്റെ സംഘടനകളും ശ്രമിക്കുന്നതെന്ന് എം.എ ബേബി
ഉത്തർപ്രദേശിലെ കാൺപൂരിൽ കെട്ടിടങ്ങൾ ബുൾഡോസറുകൾ ഉപയോഗിച്ച് ഇടിച്ചുതകർത്ത യു.പി. സർക്കരിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. റാഞ്ചിയിൽ പ്രവാചക നിന്ദയെ തുടർന്ന് പ്രതിഷേധിച്ചവർക്കെതിരെയുള്ള വെടിവെപ്പിൽ രണ്ട് പേർ മരിച്ച സംഭവത്തിലും അദ്ദേഹം പ്രതിഷേധമറിയിച്ചു. ബിജെപി ജനാധിപത്യത്തെ ബുൾഡോസർ ചെയ്യുകയാണെന്ന് അദ്ദേഹം തുറന്നടിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബിജെപിക്കെതിരായ അദ്ദേഹത്തിന്റെ വിമർശനം.
'ഉത്തർപ്രദേശിലെ സഹാറൻപുറിൽ 'സാമൂഹ്യവിരുദ്ധരുടെ' എന്ന് ആരോപിച്ച് വീടുകൾ ബുൾഡോസർ ഇറക്കി ഇടിച്ചുനിരത്തുകയാണ് യു.പി പൊലീസ്. കേസില്ല, വാദമില്ല, വക്കീൽ ഇല്ല, കോടതി ഇല്ല! കുറ്റവാളി എന്ന് സർക്കാർ ഉദ്യോഗസ്ഥർ തീരുമാനിക്കുന്നു, പൊലീസ് വീട് ഇടിച്ചുനിരത്തിക്കൊണ്ട് ഉടനടി ശിക്ഷ നടപ്പാക്കുന്നു. പ്രവാചകൻ മുഹമ്മദ് നബിയെ സാമുഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച ബി.ജെ.പി നേതാക്കളുടെ പ്രസ്താവനയിൽ പ്രതിഷേധിക്കുന്നതിന് നേതൃത്വം കൊടുത്തവരുടെ വീടുകളാണ് ഇടിച്ചുനിരത്തുന്നത്. കാൺപൂരിലും ഒരു വീട് ബുൾഡോസർ പ്രയോഗത്തിനിരയായെന്നും എം.എ ബേബി വിശദമാക്കി.
റാഞ്ചിയിൽ പ്രതിഷേധത്തിനുനേരെ നടന്ന വെടിവെപ്പിൽ രണ്ടു പേർ മരിച്ചു. പശ്ചിമ ബംഗാളിലെ ഹൗറയിലും തെലങ്കാനയിലെ ഹൈദരാബാദിലും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. മുഹമ്മദ് നബിയെ നിന്ദിക്കുന്ന പ്രസ്താവനയുടെ പേരിൽ ഉണ്ടായ പ്രശ്‌നങ്ങളെ വലിയ വർഗീയ സംഘർഷത്തിൽ എത്തിക്കാനും അതുവഴി സമൂഹത്തിൽ വർഗീയ വിഭജനം ഉണ്ടാക്കി രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനുമാണ് ആർഎസ്എസും അതിന്റെ സംഘടനകളും ശ്രമിക്കുന്നതെന്നും എംഎ ബേബി കൂട്ടിച്ചേർത്തു. ഇന്ത്യയിലെ ജനാധിപത്യ വാദികളെല്ലാം ഈ കുത്സിത നീക്കത്തിനെതിരെ ഒരുമിച്ചു നിന്നില്ലെങ്കിൽ രാജ്യം നീങ്ങുന്നത് വലിയ അപകടത്തിലേക്കാവുമെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു.
Adjust Story Font
16