Quantcast

'മുരളീധരനെ എന്നല്ല, ക്യാംപിൽ ഒരു നേതാവിനെയും വിമർശിച്ചിട്ടില്ല'- കെ.സുധാകരൻ

തൃശൂരിലെ തോൽവിക്ക് കെ.മുരളീധരനെ ടിഎൻ പ്രതാപൻ വിമർശിച്ചു എന്ന തരത്തിൽ വാർത്തകളെത്തിയിരുന്നു

MediaOne Logo

Web Desk

  • Published:

    18 July 2024 10:38 AM GMT

No leader was personally criticized in KPCC executive, says K Sudhakaran
X

തിരുവനന്തപുരം: വയനാട്ടിലെ കെപിസിസി ക്യാംപ് എക്‌സിക്യൂട്ടീവിൽ കെ.മുരളീധരനെ വിമർശിച്ചിട്ടില്ലെന്ന വിശദീകരണവുമായി കെപിസിസി പ്രസിഡന്റും ടി.എൻ പ്രതാപനും. ക്യാമ്പിൽ ഒരു നേതാവിനെയും വിമർശിച്ചിട്ടില്ലെന്ന് കെ സുധാകരൻ വ്യക്തമാക്കി. തന്നെ വ്യക്തിപരമായി ദ്രോഹിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നായിരുന്നു ടി എൻ പ്രതാപന്റെ ആരോപണം. സംഭവത്തിൽ പാർട്ടിക്ക് പരാതി നൽകുമെന്നും നിയമപരമായി നീങ്ങുമെന്നും പ്രതാപൻ അറിയിച്ചു.

കഴിഞ്ഞ ദിവസം വയനാട്ടിൽ നടന്ന കെപിസിസി ക്യാംപ് എക്‌സിക്യൂട്ടിവിൽ കെ.മുരളീധരനെ വിമർശിച്ചെന്ന തരത്തിൽ വാർത്തകളെത്തിയിരുന്നു. തൃശൂരിലെ തോൽവിക്ക് കെ.മുരളീധരനെ ടിഎൻ പ്രതാപൻ വിമർശിച്ചു എന്നതായിരുന്നു വാർത്ത. പാർട്ടിയുടെ വീഴ്ച മാത്രമല്ല, സ്ഥാനാർഥിയുടെ വീഴ്ച കൂടി ചർച്ച ചെയ്യണമെന്ന് പ്രതാപൻ പറഞ്ഞുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാലിത് അടിസ്ഥാനരഹിതമെന്നാണ് സുധാകരന്റെയും പ്രതാപന്റെയും വിശദീകരണം.

ക്യാംപിൽ ഒരു നേതാക്കളെയും വ്യക്തിപരമായി വിമർശിച്ചിട്ടില്ലെന്നാണ് കെപിസിസി പ്രസിഡന്റ് വ്യക്തമാക്കുന്നത്. ക്രിയാത്മകമായ ചർച്ചകളും നിർദേശങ്ങളും മാത്രമാണ് ക്യാംപിലുണ്ടായതെന്നും, കെ മുരളീധരനെ വിമർശിച്ചു എന്ന വാർത്ത അടിസ്ഥാനരഹിതവും ശുദ്ധ അസംബന്ധവുമാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു. തെറ്റ് തിരുത്താൻ വാർത്ത നൽകിയവർ തയ്യാറാകണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

വിഷയം പാർട്ടി നേതൃത്വം അന്വേഷിച്ച് നടപടികളെടുക്കണമെന്നാണ് ടിഎൻ പ്രതാപന്റെ ആവശ്യം. തെറ്റായ രീതിയിൽ മാധ്യമങ്ങൾക്ക് വാർത്ത കൊടുക്കുന്നത് തന്നെയും പാർട്ടിയെയും ദ്രോഹിക്കുന്നതിനാണെന്നും പാർട്ടിക്ക് പരാതി നൽകുന്നതിനൊപ്പം തന്നെ നിയമപരമായും വിഷയത്തെ നേരിടുമെന്നും പ്രതാപൻ അറിയിച്ചു. കെ.മുരളീധരന്റെ നേതൃത്വം പാർട്ടി ഇനിയും ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹത്തെ മാറ്റിനിർത്തിക്കൊണ്ട് ഒരു പ്രവർത്തനത്തിനും കെപിസിസി മുതിരില്ല എന്നും പ്രതാപൻ പറയുന്നു. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ ആരെയും മനപ്പൂർവം ബലിയാടാക്കുന്നത് കോൺഗ്രസിന്റെ രീതിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സത്യസന്ധമായ വിലയിരുത്തലുകൾ നടത്തി തിരുത്തേണ്ടവ തിരുത്തിയും പോരായ്മകൾ പരിഹരിച്ചും എല്ലാവരെയും വിശ്വാസത്തിലെടുത്തും അടുത്ത വിജയങ്ങൾക്കായി പാർട്ടിയെ കൂടുതൽ സജ്ജമാക്കുകയാണ് കെപിസിസിയുടെ ലക്ഷ്യമെന്നും ഇതിനായി മുന്നോട്ട് പോകുന്ന സന്ദർഭത്തിൽ പാർട്ടിയെ മോശപ്പെടുത്താൻ ശ്രമിക്കുന്നവരെ കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

TAGS :

Next Story