'പെൻഷന് പോലും പണമില്ല, പ്രതിസന്ധിക്കിടയിലും ധൂർത്ത്': സർക്കാറിനെതിരെ ഗവർണർ
നവകേരള യാത്രയിൽ പരാതികൾക്ക് പരിഹാരമില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കുറ്റപ്പെടുത്തി.
തിരുവനന്തപുരം: കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സർക്കാർ തന്നെയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വർഷങ്ങളോളം സേവനം ചെയ്തവർക്ക് പെൻഷൻ നൽകാൻ പണമില്ല. നവ കേരള യാത്രയുടെ ലക്ഷ്യം എന്താണ്. നവ കേരള യാത്രയിൽ പരാതികൾക്ക് പരിഹാരമില്ലെന്നും ഗവർണർ കുറ്റപ്പെടുത്തി.
കഴിഞ്ഞ ആഴ്ച സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് ആർഎസ് ശശികുമാർ ഗവർണർക്ക് പരാതി നൽകിയിരുന്നു. തുടർന്ന്, ചീഫ് സെക്രട്ടറിയോട് ഗവർണർ വിശദീകരണം തേടുകയും ചെയ്തു. എന്നാൽ, സംസ്ഥാന സർക്കാർ റിപ്പോർട്ട് കൈമാറാൻ ഇതുവരെ തയ്യാറായിട്ടില്ല. വേഗത്തിൽ റിപ്പോർട്ട് കൊടുക്കേണ്ടതില്ല എന്ന നിലപാടിലാണ് സർക്കാർ.
ഇതിന് പിന്നാലെയാണ് സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ സുപ്രിം കോടതിയുടെ സഹായം തേടുന്നത്. ഗവർണർക്കെതിരായ നിയമ പോരാട്ടത്തിന് പിന്നാലെയാണ് കേന്ദ്രസർക്കാരിനെതിരെ സർക്കാർ സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്. കേന്ദ്രസർക്കാർ സാമ്പത്തികമായി ഞെരുക്കുന്നു എന്ന ഹരജിയുമായാണ് കോടതിയെ സമീപിച്ചത്. വായ്പാ പരിധി വെട്ടിക്കുറച്ചതടക്കമുള്ള നടപടികളിൽ സുപ്രീംകോടതി ഇടപെടണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം .
സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ ഫാലി എസ് നരിമാന്റെ നിയമപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നീക്കം. സംസ്ഥാനത്തിൻറെ സാമ്പത്തിക സ്വയംഭരണാവകാശത്തിൽ കേന്ദ്രം ഭരണഘടനാപരമായി ഇടപെടുന്നത് തടയണമെന്നാവശ്യെപ്പട്ട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. ഇല്ലാത്ത അധികാരം ഉപയോഗിച്ച് വായ്പ പരിധി കേന്ദ്രസർക്കാർ വെട്ടിക്കുറയ്ക്കുന്നു.കേന്ദ്രസർക്കാരിന് കടമെടുപ്പ് പരിധികൾ ഇല്ലാതിരിക്കെയാണ്സംസ്ഥാനത്തെ രൂക്ഷമായ പ്രതിസന്ധിയിലാക്കിക്കൊണ്ട് കേന്ദ്രത്തിന്റെ നടപടി.
കിഫ് ബി വായ്പകളേയും സംസ്ഥാന സർക്കാരിൻറെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തിയതിനെയും സർക്കാർ ചോദ്യം ചെയ്യുന്നുണ്ട് ...അടിയന്തിരമായി 26000 കോടി സമാഹരിക്കാൻ അനുവദിച്ചില്ലെങ്കിൽ സംസ്ഥാന അതീവ ഗുരുതര പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് ഹരജിയിൽ പറയുന്നത്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ തർക്കമുണ്ടെങ്കിൽ സുപ്രീം കോടതിക്ക് ഇടപെടാമെന്ന ഭരണഘടനയിലെ 131 ആം അനുച്ഛേദം അടിസ്ഥാനമാക്കിയാണ് കേരളത്തിൻറെ ഹരജി.
Adjust Story Font
16