Quantcast

നടിയുടെ ആരോപണം: സ്വമേധയാ കേസെടുക്കില്ല, പരാതി നൽകട്ടേയെന്ന് പൊലീസ്

രജ്ഞിത്ത് രാജിവെക്കുന്നതാണ് നല്ലതെന്ന് എൽഡിഎഫിലെ ഒരു വിഭാ​ഗം

MediaOne Logo

Web Desk

  • Updated:

    2024-08-24 12:10:40.0

Published:

24 Aug 2024 12:03 PM GMT

നടിയുടെ ആരോപണം: സ്വമേധയാ കേസെടുക്കില്ല, പരാതി നൽകട്ടേയെന്ന് പൊലീസ്
X

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാന്‍ രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ ആരോപണത്തിൽ പൊലീസ് സ്വമേധയാ കേസെടുക്കില്ല. ഹേമ കമ്മിറ്റിയിൽ യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിലും കേസെടുക്കില്ല. ആരോപണമുന്നയിച്ച സ്ത്രീ പരാതി നൽകണം അല്ലെങ്കിൽ സർക്കാർ നിർദേശം വരട്ടെയെന്നുമാണ് പൊലീസ് നിലപാട്. കേരളത്തിൽ വന്ന് ഒരു പരാതി നൽകാൻ ആരോപണമുന്നയിച്ച നടി തയ്യാറായിട്ടില്ല. അതിനാൽ തന്നെ തീരുമാനം സർക്കാരിന് വിട്ട സാഹചര്യമാണുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പരാതികൾ നൽകിയത് മൂന്നാം കക്ഷികളാണ് എന്നതിനാൽ തന്നെ അതിൽ കേസെടുക്കേണ്ടെന്ന നിലപാടിലാണ് പൊലീസ്.

അതേസമയം രഞ്ജിത്തിന്റെ രാജിക്കായി വ്യാപക ആവശ്യം ഉയരുകയാണ്. സർക്കാരും സാംസ്കാരിക വകുപ്പും രജ്ഞിത്തിനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുമ്പോൾ എൽഡിഎഫിലെ ഒരു വിഭാ​ഗം അദ്ദേഹം രാജിവെക്കുന്നതാണ് നല്ലതെന്ന നയമാണ് സ്വീകരിക്കുന്നത്. പ്രതിപക്ഷവും രജ്ഞിത്തിന്റെ രാജി ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അദ്ദേഹം സ്ഥാനത്തുനിന്നു മാറണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചിരുന്നു. കേരളത്തിന്‌ ഈ അശ്ലീല ഭാരം ചുമക്കാൻ സൗകര്യമില്ലെന്നും ചെയർമാൻ സ്ഥാനം രാജിവച്ചില്ലെങ്കിൽ പ്രക്ഷോഭവുമായി ഇറങ്ങുമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പ്രതികരിച്ചിരുന്നു. രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കണമെന്ന് സ്ത്രീപക്ഷ പ്രവർത്തകർ ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ അടിയന്തര നിയമനടപടി സ്വീകരിക്കണമെന്നും ഇല്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കുമെന്നുമാണ് സ്ത്രീപക്ഷ പ്രവർത്തകർ മുന്നറിയിപ്പ് നൽകിയത്. രാജി ആവശ്യപ്പെട്ട് രഞ്ജിത്ത് താമസിക്കുന്ന റിസോർട്ടിലേക്ക് യൂത്ത് കോൺ​ഗ്രസ് പ്രതിഷേധമാർച്ച് സംഘടിപ്പിച്ചിരുന്നു. ചലച്ചിത്ര അക്കാദമി ചെയർമാന്‍ സ്ഥാനത്ത് നിന്ന് രഞ്ജിത്തിനെ മാറ്റി നിർത്തണമെന്ന് എഐവൈഎഫ് പ്രതികരിച്ചു. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി പേരും ര‍ഞ്ജിത്തിന്റെ രാജി ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

അതേസമയം പ്രതിഷേധ സാധ്യത കണക്കിലെടുത്ത് രഞ്ജിത്തിന്റെ കോഴിക്കോട്ടെ വീടിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി.

TAGS :

Next Story