സ്ഥാനാർഥി നിർണയത്തിനൊന്നും കാത്തില്ല; സുധാകരന് വേണ്ടി കണ്ണൂരിൽ പ്രചാരണം തുടങ്ങി അണികള്‍
അഴീക്കോട്, കണ്ണൂർ സിററി തുടങ്ങിയ പ്രദേശങ്ങളിലാണ് ഇന്നലെ രാത്രിയോടെ സുധാകരന് വോട്ടഭ്യർത്ഥിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്
കണ്ണൂര്‍: കണ്ണൂരിൽ യു ഡി എഫ് സ്ഥാനാർത്ഥിയാരെന്ന അനിശ്ചിതത്വം തുടരുന്നതിനിടെ കെ സുധാകരന് വേണ്ടി പ്രചാരണം തുടങ്ങി അണികൾ. ജില്ലയുടെ വിവിധ ഇടങ്ങളിൽ പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളും സ്ഥാപിച്ചാണ് പ്രവർത്തകർ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത്. മത്സരിക്കാനില്ലന്ന് സുധാകരൻ.മത്സരിച്ചേ തീരുവെന്ന് നേതൃത്വം. പകരക്കാരുടെ പട്ടികയിൽ പേരുകൾ അനവധി. ചർച്ചകളിങ്ങനെ ഡൽഹിയിൽ തുടരുമ്പോൾ കാത്തിരിക്കാനാവില്ലന്ന നിലപാടിലാണ് പ്രവർത്തകർ.
നേതൃത്വത്തിൻറെ തീരുമാനത്തിനൊന്നും കാക്കാതെ കണ്ണൂരിലെ കോൺഗ്രസ് പ്രവർത്തകർ പണി തുടങ്ങിക്കഴിഞ്ഞു. ദിവസങ്ങൾക്ക് മുന്നേ തന്നെ പലയിടങ്ങളിലും സ്ഥാനാർത്ഥിയുടെ പേരില്ലാതെ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. തീരുമാനം വരാൻ വീണ്ടും വൈകിയതോടെയാണ് സുധാകരന് വേണ്ടി പോസ്റ്റർ ഒട്ടിച്ചും ഫ്ലകസ് വെച്ചും പ്രവർത്തകർ പ്രചാരണം തുടങ്ങിയത്.
അഴീക്കോട്,കണ്ണൂർ സിററി തുടങ്ങിയ പ്രദേശങ്ങളിലാണ് ഇന്നലെ രാത്രിയോടെ സുധാകരന് വോട്ടഭ്യർത്ഥിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.ഉളിക്കൽ അടക്കമുളള മലയോര മേഖലകളിൽ ഫ്ലക്സുകളും സ്ഥാപിച്ചിട്ടുണ്ട്. എന്തായാലും എം വി ജയരാജന് എതിരാളിയായി കെ സുധാകരൻ കളത്തിലിറങ്ങുമോ എന്നറിയാൻ ഇനിയും രണ്ടോ മൂന്നോ ദിവസം കഴിയണം. എന്നിട്ട് വേണം നിൽക്കണോ പോണോ എന്ന് തീരുമാനിക്കാൻ എന്ന മൂഡിലാണ് സുധാകരന്‍റെ പ്രചാരണ ബോർഡുകൾ.
Adjust Story Font
16