മൂന്ന് വർഷം അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിലെ 'സമരഗേറ്റ്' തുറന്ന് സർക്കാർ
സർക്കാറിനെതിരായ സമരങ്ങൾ കൂടിയത് കാരണമാണ് ഗേറ്റ് തുറക്കാത്തതെന്നായിരുന്നു പ്രതിപക്ഷ വിമർശനം
തിരുവനന്തപുരം: മൂന്ന് വർഷത്തിന് ശേഷം സെക്രട്ടറിയേറ്റിലെ 'സമരഗേറ്റ്' തുറന്നു . നവീകരണത്തിന്റെ പേരിൽ പൂട്ട് വീണ ഗേറ്റ് കോവിഡ് രൂക്ഷമായതോടെ അടഞ്ഞുകിടക്കുകയായിരുന്നു. സർക്കാറിനെതിരായ സമരങ്ങൾ കൂടിയത് കാരണമാണ് ഗേറ്റ് തുറക്കാത്തതെന്നായിരുന്നു പ്രതിപക്ഷ വിമർശനം.
സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിന് മുൻവശത്താണ് നോർത്ത് ഗേറ്റ്. ഗേറ്റിന്റെ അറ്റക്കുറ്റപ്പണികൾക്കായാണ് പൂട്ടിട്ടതെങ്കിലും കോവിഡ് വന്നതോടെ തുറക്കുന്നത് വൈകി. സെക്രട്ടറിയേറ്റിൽ എത്തുന്നവരുടെ തിരക്ക് കൂടിയതോടെ ഗേറ്റ് വീണ്ടും തുറക്കാൻ മുഖ്യമന്ത്രി അനുമതി നൽകി. സർക്കാറിനെതിരായ സെക്രട്ടറിയേറ്റ് മാർച്ചുകളെല്ലാം അവസാനിക്കുന്നത് നോർത്ത് ഗേറ്റിന് മുന്നിലായതിനൽ സമരഗേറ്റെന്ന വിളിപ്പേരുമുണ്ട്നോർത്ത് ഗേറ്റിന്.
മന്ത്രിമാർക്കും സെക്രട്ടറിയേറ്റ് ജീവനക്കാർക്കും വിഐപികൾക്കും മുന്നിൽ ഇനി സമരഗേറ്റ് തുറന്ന് കിടക്കും.മുഖ്യമന്ത്രിയുടെ ഓഫീസിന് തൊട്ടടത്തുള്ള ഗേറ്റ് ആയതിനാൽ അദ്ദേഹത്തിന്റെ വരവും പോക്കും ഇനി ഈ ഗേറ്റ് വഴിയാകും. മന്ത്രിമാരായ എംബി രാജേഷും മുഹമ്മദ് റിയാസും സജി ചെറിയാനും നോർത്ത് ഗേറ്റ് വഴിയാണ് ഇന്ന് സെക്രട്ടേറിയറ്റിലെത്തിയത്. മന്ത്രിമാർക്ക് പുറമെ, വിഐപികൾക്കും ഈ ഗേറ്റ് വഴി സെക്രട്ടേറിയറ്റിലേക്ക് പ്രവേശിക്കാം. മുഖ്യമന്ത്രിയുടെ ഓഫീസിന് അടുത്തുള്ള പൊതുജന പരാതി പരിഹാരസെല്ലിലേക്കെത്തുന്ന ഭിന്നശേഷിക്കാർക്കും നോർത്ത് ഗേറ്റ് വഴി അകത്ത് കയറാനാകും.
പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. കന്റോൺമെന്റ് , സൗത്ത് ഗേറ്റുകൾ വഴി പാസെടുത്ത് പൊതുജനങ്ങൾക്ക് സെക്രട്ടറിയേറ്റിലെത്താം. സമരങ്ങളുണ്ടാകുമ്പോൾ ഗേറ്റ് തുറക്കില്ല. സുരക്ഷക്കായി ബാരിക്കേഡുകൾ അടുത്തുതന്നെ പൊലീസ് സൂക്ഷിച്ചിട്ടുമുണ്ട്.
Adjust Story Font
16