മാരിടൈം ക്ലസ്റ്ററിനും ഫിഷറീസ്, അക്വാ കൾച്ചർ പദ്ധതികൾക്കും നോർവേ സഹായം
ഇന്ത്യ- നോർവേ സഹകരണത്തിൽ കേരളം ഒരു പ്രധാന ഘടകമാണെന്ന് നോർവേ ഫിഷറീസ് ആന്റ് ഓഷ്യൻ പോളിസി മന്ത്രി ജോർണർ സെൽനെസ് സ്കെജറൻ പറഞ്ഞു.
ഓസ്‌ലോ: കേരളത്തിൽ മാരിടൈം ക്ലസ്റ്റർ രൂപപ്പെടുത്തുന്നതിനും ഫിഷറീസ്, അക്വാ കൾച്ചർ രംഗത്ത് പുതിയ പദ്ധതികൾ നടപ്പിലാക്കാനും നോർവേയുടെ സഹായ വാഗ്ദാനം. മാരിടൈം ക്ലസ്റ്റർ, ഫിഷറീസ്, അക്വാ കൾച്ചർ എന്നിവയുമായി ബന്ധപ്പെട്ട് നോർവേ കേരളത്തോട് സഹകരിക്കുമെന്ന് നോർവേ ഫിഷറീസ് ആന്റ് ഓഷ്യൻ പോളിസി മന്ത്രി ജോർണർ സെൽനെസ് സ്കെജറൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘവുമായി നടന്ന കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
1953ൽ കൊല്ലം ജില്ലയിലെ നീണ്ടകരയിൽ ആരംഭിച്ച നോർവീജിയൻ പദ്ധതി കേരളത്തിലെ മത്സ്യബന്ധന മേഖലയിലുണ്ടാക്കിയ ഗുണപരമായ മാറ്റങ്ങളെ സംബന്ധിച്ച് മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ വിശദീകരിച്ചു. പദ്ധതി നടപ്പാക്കിയതോടെ യന്ത്രവത്കൃത മത്സ്യബന്ധന മേഖലയിൽ കേരളം അതിവേഗം വളരുകയും കടൽ മത്സ്യ ഉൽപ്പാദനം വർഷം തോറും വർധിക്കുകയും ചെയ്തു. പതിറ്റാണ്ടുകളായി കടൽ മത്സ്യ ഉൽപ്പാദനത്തിൽ കേരളം രാജ്യത്തു തന്നെ ഒന്നാം സ്ഥാനത്താണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇന്ത്യ- നോർവേ സഹകരണത്തിൽ കേരളം ഒരു പ്രധാന ഘടകമാണെന്ന് മുഖ്യമന്ത്രിയുടെ പ്രസംഗത്തോട് പ്രതികരിച്ച് നോർവേ ഫിഷറീസ് ആന്റ് ഓഷ്യൻ പോളിസി മന്ത്രി ജോർണർ സെൽനെസ് സ്കെജറൻ പറഞ്ഞു. തങ്ങളുടെ സഹകരണത്തിന്റെ ഒരു പ്രധാന ഭാഗം കൊച്ചിൻ ഷിപ്പിയാർഡിലെ കപ്പലുകളുടെ നിർമാണമാണെന്നും അദ്ദേഹം പറഞ്ഞു. ഈ സഹകരണം വികസിപ്പിക്കാൻ നോർവേ തയ്യാറാണെന്നും അത് കൂടുതൽ മുന്നോട്ടു കൊണ്ടുപോകാൻ തങ്ങൾ ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയെ കൂടാതെ വ്യവസായ മന്ത്രി പി രാജീവ്, ഫിഷറീസ് മന്ത്രി വി അബ്ദുറഹ്മാൻ, സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർപേഴ്സൺ ഡോ. വി.കെ രാമചന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്, ഡൽഹിയിലെ സംസ്ഥാന സർക്കാരിന്റെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി, ഫിഷറീസ് ആൻഡ് ടൂറിസം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ് ശ്രീനിവാസ് എന്നിവരടങ്ങിയതായിരുന്നു പ്രതിനിധി സംഘം.
Adjust Story Font
16