ക്രിസ്ത്യന്‍ വിവാഹ രജിസ്ട്രേഷൻ ബിൽ; എതിർപ്പുമായി ക്രൈസ്തവ സഭകൾ
ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യം നിഷേധിക്കുന്നതാണ് ബില്ലെന്ന് യോഗം വിലയിരുത്തി
നിയമ പരിഷ്കരണ കമ്മീഷൻ സമർപ്പിച്ച ക്രിസ്ത്യൻ വിവാഹ രജിസ്ട്രേഷൻ ബില്ല് നടപ്പാക്കരുതെന്ന് ക്രൈസ്തവ സഭകൾ. ഇക്കാര്യം സർക്കാരിനെ അറിയിക്കാൻ ചങ്ങനാശേരിയിൽ ചേർന്ന ഇന്‍റര്‍കൌണ്‍സില്‍ യോഗം തീരുമാനിച്ചു. ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യം നിഷേധിക്കുന്നതാണ് ബില്ലെന്ന് യോഗം വിലയിരുത്തി.
ജസ്റ്റിസ് കെ.ടി തോമസ് അധ്യക്ഷനായ നിയമ പരിഷ്കരണ കമ്മീഷൻ സർക്കാരിന് കൈമാറിയ ക്രൈസ്തവ വിവാഹ രജിസ്ട്രേഷൻ ബില്ലിനെതിരെ കടുത്ത വിയോജിപ്പാണ് ക്രൈസ്തവ സഭകൾക്ക് ഉള്ളത്. ചങ്ങനാശേരിയിൽ ചേർന്ന ഇന്‍റര്‍ ചർച്ച് കൗണ്‍സിലില്‍, വിവിധ സഭകൾ പ്രതിഷേധം അറിയിച്ചു. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം നിഷേധിക്കുന്നതാണ് കമ്മീഷന്‍റെ ശിപാർശ. അതുകൊണ്ട് തന്നെ ബില്ല് നടപ്പാക്കരുതെന്ന് സർക്കാരിനോട് ആവശ്യപ്പെടാനാണ് തീരുമാനം.
2008ലെ പൊതു രജിസ്ട്രേഷൻ ചട്ടങ്ങൾ എല്ലാവർക്കും ബാധകമാണെന്ന് സഭകൾ ചൂണ്ടിക്കാട്ടുന്നു. ഇത് നിലനിൽക്കെ പുതിയ നിയമം കൊണ്ടുവരുന്നത് മറ്റ് ലക്ഷ്യങ്ങൾ മുന്നിൽ കണ്ടാണ്. സർക്കാർ ബില്ലുമായി മുന്നോട്ട് പോയാൽ ശക്തമായി എതിർക്കാനും ക്രൈസ്തവ സഭകൾ തീരുമാനിച്ചിട്ടുണ്ട്.
Adjust Story Font
16