ഐസിയു പീഡന കേസ്; നഴ്സിങ് ഓഫീസര്‍ പി.ബി അനിതയുടെ കോടതിയലക്ഷ്യ ഹരജി ഇന്ന് പരിഗണിക്കും
ഉത്തരവ് നടപ്പാക്കാത്തതിൽ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം
പി.ബി അനിത
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ നഴ്സിങ് ഓഫീസറായ പി.ബി അനിത നൽകിയ കോടതിയലക്ഷ്യ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മെഡിക്കൽ കോളേജിലെ ജോലിയിൽ തിരികെ പ്രവേശിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്നാരോപിച്ചാണ് ഹരജി.ഉത്തരവ് നടപ്പാക്കാത്തതിൽ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ് ,ശോഭാ അന്നമ്മാ ഈപ്പൻ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് ഹരജി പരിഗണിക്കുക. ഉത്തരവ് നടപ്പിലാക്കാൻ ബന്ധപ്പെട്ടവർ വരുത്തിയ വീഴ്ച സംബന്ധിച്ച് ആരോഗ്യ വകുപ്പ് സെക്രട്ടറി അടക്കം ഹൈക്കോടതിയിൽ മറുപടി പറയേണ്ടി വരും. സമാന തസ്തികയിലുള്ള 18 പേർ കോഴിക്കോട്ടേക്ക് സ്ഥലം മാറ്റം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാൻ പുനഃപരിശോധന ഹരജി നൽകിയത്.
ഐ.സി.യു പീഡന കേസിൽ ഇരക്കൊപ്പം നിന്നതിന് പ്രതികാര നടപടി നേരിട്ട സീനിയർ നഴ്സിങ് ഓഫീസർ പി.ബി അനിത ഇന്നലെയാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്. അതിജീവിതക്കൊപ്പമാണ് പി.ബി അനിത കോഴിക്കോട് മെഡിക്കൽ കോളജിലെത്തിയത്.തിരികെ ജോലിയിൽ പ്രവേശിക്കുന്നതിൽ സന്തോഷമുണ്ടെന്നും എന്നാൽ, നിയമന ഉത്തരവ് വൈകിയതിൽ അതൃപ്തിയുണ്ടെന്നും അനിത പ്രതികരിച്ചിരുന്നു. മെഡിക്കൽ കോളേജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലായിരിക്കും അനിതയുടെ നിയമനം.
Adjust Story Font
16