സാമുദായിക സംവരണം വർഗീയത വളർത്തുമെന്ന് കണ്ടെത്തിയവരെ പിരിച്ചുവിടണം: വിആർ ജോഷി
വർഗീയത ഇല്ലാതാക്കാൻ സാമുദായിക സംവരണത്തിന് പകരം സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന് പ്ലസ് വൺ സ്റ്റേറ്റ് സിലബസിലെ ഹ്യുമാനിറ്റീസ് പാഠപുസ്തകത്തിൽ നിർദേശിക്കുന്ന പശ്ചാത്തലത്തിലാണ് പ്രതികരണം
കോഴിക്കോട്: സാമുദായിക സംവരണം വർഗീയത വളർത്തുമെന്ന് കണ്ടെത്തിയവരെ പിരിച്ചുവിടണമെന്ന് പിന്നാക്കവിഭാഗ വകുപ്പ് മുൻ ഡയറക്ടർ വി ആർ ജോഷി. വർഗീയത ഇല്ലാതാക്കാൻ സാമുദായിക സംവരണത്തിന് പകരം സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന് പ്ലസ് വൺ സ്റ്റേറ്റ് സിലബസിലെ ഹ്യുമാനിറ്റീസ് പാഠപുസ്തകത്തിൽ നിർദേശിക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സ്വതന്ത്ര ഭാരതത്തിൽ എല്ലാ സമുദായങ്ങൾക്കും ഭരണസംവിധാനങ്ങളുടെ എല്ലാ തലത്തിലും പങ്കാളിത്തവും പ്രാതിനിധ്യവും ഉറപ്പാക്കുന്നതിനാണ് ഭരണഘടനയുടെ ആർട്ടിക്കിൾ 16(4) ൽമൗലികാവകാശമായി സംവരണം ഉറപ്പാക്കിയിട്ടുള്ളതെന്നും അദ്ദേഹം വാർത്താകുറിപ്പിൽ പറഞ്ഞു.
'ഈ അനുച്ഛേദത്തിലെ യാതൊന്നും രാഷ്ട്രത്തിന്റെ അഭിപ്രായത്തിൽ രാഷ്ട്രത്തിന്റെ കീഴിലുള്ള സർവീസുകളിൽ മതിയായിടത്തോളം പ്രാതിനിധ്യം ലഭിച്ചിട്ടില്ലാത്ത ഏതെങ്കിലും പിന്നോക്ക വിഭാഗത്തിൽപ്പെട്ട പൗരന്മാർക്ക് നിയമനങ്ങളോ തസ്തികകളോ സംവരണം ചെയ്യുന്നതിന് ഏതെങ്കിലും വ്യവസ്ഥ ഉണ്ടാക്കുന്നതിൽ നിന്ന് രാഷ്ട്രത്തെ തടയുന്നതല്ല' ഭരണഘടന ഉദ്ധരിച്ച് വിആർ ജോഷി വ്യക്തമാക്കി. ഇൗ ആർട്ടിക്കിളിന്റെ അടിസ്ഥാനത്തിലാണ് സാമുദായിക സംവരണം ഇന്ത്യൻ റിപ്പബ്ലിക്കിൽ പ്രാവർത്തികമാക്കി കൊണ്ടിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. പ്രാതിനിധ്യം ഉറപ്പാക്കുന്നതിനുള്ള ഈ വ്യവസ്ഥയെ സാമ്പത്തിക ഉന്നമന പരിപാടിയായും തൊഴിൽദാന പദ്ധതിയായും ദാരിദ്ര്യ നിർമാർജന പരിപാടിയായും ചിത്രീകരിക്കാൻ ഭരണത്തിന്റെ താക്കോൽ സ്ഥാനങ്ങളിൽ ഇരിക്കുന്ന ചിലർ ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്ര സർവകലാശാലകളിലും ഐഐടിയും ഐഐഎമ്മും പോലുള്ള ഇതര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ചാതുർ വർണ്ണ്യ വ്യവസ്ഥയുടെ സൃഷ്ടാക്കളും പരിപാലകരുമായ സവർണരാണ് അധികാരസ്ഥാനങ്ങൾ കയ്യടക്കി വെച്ചിരിക്കുന്നത്. പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ ഇത്തരം സ്ഥാപനങ്ങളിൽ പഠനം പൂർത്തിയാക്കാതെ ഒഴിഞ്ഞു പോകുന്നതും ആത്മഹത്യ ചെയ്യുന്നതും നിത്യവാർത്തയാണ്. പിന്നാക്ക വിഭാഗ വിദ്യാർത്ഥികളോടും ഉദ്യോഗസ്ഥരോടും അനുഭാവമോ അനുതാപമോ ഇല്ലാതെ കടുത്ത ജാതി വിവേചനവും വർഗീയതയും പുലർത്തുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതിനൊരു പരിഹാരം ഉണ്ടാവണം എന്നുകൂടി കരുതിയാണ് ഇത്തരം സ്ഥാപനങ്ങളിൽ 2008 മുതൽ പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തിയത്. സമീപകാലത്തായി സംവരണത്തിലൂടെ ഉദ്യോഗം ലഭിച്ച അധ്യാപകർ പോലും രാജിവച്ചു പുറത്തു പോകുന്ന വാർത്തകളും പതിവാണ്. യഥാർത്ഥത്തിൽ സമൂഹത്തിൽ ജാതി വിവേചനവും വർഗീയതയും നിലനിർത്തുന്നതും പരിപാലിക്കുന്നതും വർണ്ണാശ്രമ അധർമ്മമായ ചാതുർവർണ്യ വ്യവസ്ഥയാണ്. ഈ വ്യവസ്ഥയിൽ അധിഷ്ഠിതമായ 'ഹിന്ദു രാഷ്ട്ര' നിർമിതിയാണ് ഇപ്പോൾ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. കേന്ദ്ര സർവകലാശാലകളിലും ഇതര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അതനുസരിച്ചുള്ള പാഠ്യക്രമങ്ങളും സിലബസുകളും രൂപം കൊണ്ടു വരുന്നു. സർവകലാശാലകളുടെ തലപ്പത്ത് സംഘപരിവാറുകൾ കടന്നു വരുന്നു എന്ന ആക്ഷേപം ഉന്നയിക്കുന്ന കമ്യൂണിസ്റ്റ് ഗവൺമെൻറാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്. ഈ കമ്യൂണിസ്റ്റു ഗവൺമെന്റിന് കീഴിലുള്ള വിദ്യാഭ്യാസ വകുപ്പ് നിയന്ത്രിക്കുന്ന സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയാണ് (എസ് ഇ ആർ ടി സി) പ്ലസ് വൺ വിദ്യാർഥികളെ സമുദായ സംവരണം വർഗീയത സൃഷ്ടിക്കുമെന്നും അത് ഒഴിവാക്കി സാമ്പത്തിക സംവരണം നടപ്പാക്കണമെന്നും പഠിപ്പിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ ഇത്തരം നടപടികൾ നിർവഹിക്കുന്ന ഉദ്യോഗസ്ഥരെയും ഭരണാധികാരികളെയും ഭരണസംവിധാനങ്ങളിൽ നിന്ന് പുറത്താക്കാൻ പൗരബോധവും ഭരണഘടനയോട് കുറവുള്ള പൗരന്മാർ പരിശ്രമിക്കണം -വിആർ ജോഷി കുറിപ്പിൽ പറഞ്ഞു.
Adjust Story Font
16