സർട്ടിഫിക്കറ്റ് ലഭിക്കാൻ ഒന്നര ലക്ഷം; എം.ജി സർവകലാശാല ജീവനക്കാരി പിടിയിൽ
വിദ്യാർഥിയിൽ നിന്ന് കൈക്കൂലി വാങ്ങിയ എം.ജി സർവകലാശാലയിലെ സെക്ഷൻ അസിസ്റ്റന്റ് അറസ്റ്റിൽ. ആർപ്പൂക്കര സ്വദേശിനി എൽ.സി സി.ജെ ആണ് വിജിലൻസിന്റെ പിടിയിലായത്. മാർക്ക് ലിസ്റ്റിനും സർട്ടിഫിക്കറ്റിനുമായി കൈക്കൂലി വാങ്ങിയതിനാണ് അറസ്റ്റ്.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. എം.ബി.എ വിദ്യാർഥിയിൽ നിന്നും മാർക്ക് ലിസ്റ്റും പ്രൊവിഷണൽ സർട്ടിഫിക്കറ്റും നൽകുന്നതിനായി ഒന്നര ലക്ഷം രൂപയാണ് എൽസി കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇതേ തുടർന്നു ഇവർ 1.25 ലക്ഷം രൂപ കൈക്കൂലിയായി നൽകി.
ബാക്കി തുകയായ 30000 രൂപ കൂടി നൽകണമെന്ന് എൽസി ആവശ്യപ്പെട്ടു. ഇതിൽ ആദ്യ ഗഡുവായ 15,000 രൂപ ശനിയാഴ്ച തന്നെ നൽകണമെന്ന് എൽസി വാശിപിടിക്കുകയായിരുന്നു. ഇതേ തുടർന്നു, എം.ബി.എ വിദ്യാർഥിനി വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന് പരാതി നൽകി
ഇതിന്‍റെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം കൃത്യമായ പദ്ധതി തയ്യാറാക്കിയ ശേഷം എം.ബി.എ വിദ്യാർഥിയുടെ പക്കിൽ ഫിനോഫ്തലിൻ പൗഡർ പുരട്ടിയ നോട്ട് നൽകി വിട്ടു. ഈ തുക യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ വച്ച് എം.ബി.എ വിദ്യാർഥിയുടെ പക്കൽ നിന്നും ഏറ്റുവാങ്ങുന്നതിനിടെ ഇവരെ വിജിലൻസ് സംഘം പിടികൂടി. വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്‍റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് ഉദ്യോസ്ഥനെ പിടികൂടിയത്.
സസ്പെൻ്റ് ചെയ്തു
വിജിലൻസ് കേസിൽ അറസ്റ്റിലായ മഹാത്മാഗാന്ധി സർവ്വകലാശാല പരീക്ഷാ വിഭാഗം അസിസ്റ്റൻ്റ് സി.ജെ. എൽസിയെ അന്വേഷണ വിധേയമായി സസ്‌പെൻ്റ് ചെയ്തതായി രജിസ്ട്രാർ അറിയിച്ചു.
News Summary : One and a half lakh to get the certificate; MG University staff arrested
Adjust Story Font
16