സിദ്ദീഖ് കാപ്പന്‍ അറസ്റ്റിലായിട്ട് ഒരു വർഷം; പ്രതിഷേധിച്ച് കെ.യു.ഡബ്ല്യു.ജെ
കാപ്പൻ മുസ്ലിം വികാരം ഉണർത്തുന്ന വാർത്തകളാണ് നൽകിയതെന്നും 36 ലേഖനങ്ങൾക്ക് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്നുമാണ് കുറ്റപത്രത്തിൽ ആരോപിച്ചിരിക്കുന്നത്
മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്‍ അറസ്റ്റിലായിട്ട് ഒരു വർഷം. സിദ്ദീഖ് കാപ്പനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള പത്ര പ്രവർത്തക യൂണിയൻ സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ചു. തിരുവനന്തപുരത്ത് ജിപിഒയ്ക്ക് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. തങ്ങൾക്കെതിരെ ആരും ശബ്ദിക്കരുതെന്ന നിലപാടാണ് ഭരണകൂടത്തിനെന്ന് സതീശൻ പറഞ്ഞു.
കാപ്പനെതിരേ അരങ്ങേറുന്നത് വലിയ നീതി നിഷേധമാണെന്ന് അബ്ദു സമദ് സമദാനി എംപിയും മലപ്പുറം വേങ്ങരയിൽ നടന്ന പ്രതിഷേധത്തിൽ പറഞ്ഞു.
യു പി ഹാഥറസിൽ ദലിത് പെൺകുട്ടി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയാണ് കാപ്പനെ യു.പി പോലീസ് യു എ പി എ ചുമത്തി അറസ്റ്റ് ചെയ്‌ത്. കാപ്പനൊപ്പം അറസ്റ്റിലായ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരും ജയിലിലാണ്.
2020 ഒക്ടോബറർ അഞ്ചിന് ഡൽഹിയിൽ നിന്നാണ് സിദ്ദീഖ് കാപ്പൻ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായ അതീഖുർ റഹ്മാൻ, മസൂദ് അഹമ്മദ്, ഡ്രൈവർ ആലം എന്നിവർക്കൊപ്പം യു.പിയിലെ ഹാഥറസിലേക്ക് യാത്ര തിരിക്കുന്നത്. യാത്രാ മധ്യേ നാലുപേരെയും യു പി പോലീസ് അറസ്റ്റ് ചെയുകയും പിന്നീട് യു.എ.പി.എ ചുമത്തുകയുമായിരുന്നു.
കാപ്പനെതിരെ കോടതിയിൽ സമർപ്പിച്ച 5,000 പേജുള്ള കുറ്റപത്രത്തിന്‍റെ വിശദാംശങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കാപ്പൻ മുസ്ലിം വികാരം ഉണർത്തുന്ന വാർത്തകളാണ് നൽകിയതെന്നും 36 ലേഖനങ്ങൾക്ക് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്നുമാണ് കുറ്റപത്രത്തിൽ ആരോപിച്ചിരിക്കുന്നത്. കാപ്പനെ അറസ്റ്റ് ചെയ്ത് ഒരു വർഷമായിട്ടും കുറ്റപത്രത്തിന്‍റെ അസ്സൽ പകർപ്പുകൾ ഇതുവരെ അഭിഭാഷകന് നൽകിയിട്ടില്ല. കാപ്പന്‍റെ മോചനം ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകാൻ ഒരുങ്ങിയിരിക്കുകയാണ് വിവിധ സംഘടനകൾ.
ഒരു വർഷത്തെ ജയിൽവാസത്തിനിടെ മാതാവിനെ സന്ദർശിക്കാൻ ഒരു തവണ മാത്രമാണ് കാപ്പന് ഇടക്കാല ജാമ്യം അനുവദിച്ചത്. ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്ന സിദ്ദീഖ് അനിശ്ചിതമായി ജയിലിൽ കിടക്കുന്നതിൽ വലിയ ആശങ്കയിലാണ് കുടുംബം.
Adjust Story Font
16