ഓൺലൈൻ തട്ടിപ്പ്: 2800 അക്കൗണ്ടുകൾ റദ്ദാക്കാൻ ബാങ്കുകൾക്ക് സൈബർ പൊലീസ് നിർദേശം
പണം തട്ടിയ അക്കൗണ്ടുകൾ നിരോധിക്കുന്നതോടെ സൈബർ തട്ടിപ്പുസംഘങ്ങളുടെ കേരളത്തിലെ ശ്രമങ്ങൾ കുറയുമെന്ന് പൊലീസ് കരുതുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈനായി പണം തട്ടിയ കേസുകളിൽ 2800 ബാങ്ക് അക്കൗണ്ടുകൾ റദ്ദാക്കാൻ സൈബർ പൊലീസിന്റെ നിർദേശം. 2021 മുതൽ പണം തട്ടിയ ബാങ്ക് അക്കൗണ്ടുകൾ റദ്ദാക്കാനാണ് നിർദേശം. ഡാറ്റ അനലൈസിങ്ങ് മൊഡ്യൂൾ സംവിധാനത്തിലൂടെയാണ് തട്ടിപ്പ് നടത്തിയ കൂടുതൽ അക്കൗണ്ടുകൾ കണ്ടെത്തിയത്.
ലോൺ ആപ്, ഓൺലൈൻ, ഒ.ടി.പി എന്നിവയിലൂടെ പണത്തട്ടിപ്പ് നടത്തിയ ബാങ്ക് അക്കൗണ്ടുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പൊലീസ് രാജ്യത്തെ പ്രധാന ബാങ്കുകൾക്ക് റിപ്പോർട്ട് കൈമാറിയത്. റിസർവ് ബാങ്കിനും ഇത് സംബന്ധിച്ച റിപ്പോർട്ട് കൈമാറും. നിർദ്ദേശം ലഭിച്ച് ഏഴ് ദിവസത്തിനകം അക്കൗണ്ടുകൾ റദ്ദാക്കണമെന്നാണ് ആവശ്യം. പൊലീസ് തെളിവുകൾ സഹിതം ആവശ്യപ്പെടുമ്പോൾ ഇത്തരം അക്കൗണ്ടുകൾ മരവിപ്പിക്കുകയും റദ്ദാക്കുകയും ചെയ്യുന്നതാണ് ബാങ്കുകളുടെ രീതി. തട്ടിപ്പിന് സഹായിച്ചവയിൽ 70 അക്കൗണ്ടുകൾ കേരളത്തിലേത് തന്നെയാണ്. ഈ അക്കൗണ്ടുകൾ നിശ്ചിത തുക പ്രതിമാസം ഈടാക്കി മറ്റ് ചിലർക്ക് കൈമാറുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ചില സൈബർ തട്ടിപ്പുസംഘങ്ങളുടെ ഇടനിലക്കാരായി ഈ അക്കൗണ്ട് ഉടമകൾ പ്രവർത്തിച്ചുവെന്നും പൊലീസ് കണ്ടെത്തി.
ഛത്തീസ്ഗഡിലെയും ഡൽഹിയിലെയും അക്കൗണ്ടുകളാണു കൂടുതൽ. രാജസ്ഥാനിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും അക്കൗണ്ടുകളുമുണ്ട്. ഗ്രാമവാസികളെക്കൊണ്ട് അക്കൗണ്ട് എടുപ്പിച്ച ശേഷം ഇത് ഒരു സംഘം തട്ടിപ്പിന് ഉപയോഗിക്കുന്നുവെന്നാണ് നിഗമനം. പതിവായി കേരളത്തിൽനിന്ന് പണം തട്ടിയ ഈ അക്കൗണ്ടുകൾ കൂട്ടത്തോടെ നിരോധിക്കുന്നതോടെ സൈബർ തട്ടിപ്പുസംഘങ്ങളുടെ കേരളത്തിലെ ശ്രമങ്ങൾ കുറയുമെന്ന് പൊലീസ് സൈബർ ഓപ്പറേഷൻസ് വിഭാഗം കരുതുന്നു.
Online Fraud: Kerala Cyber Police directs banks to cancel 2800 accounts
Adjust Story Font
16