എ.ഐ ക്യാമറ കരാറിൽ മുഖ്യമന്ത്രിയുടെ മകനെതിരെ ആരോപണവുമായി പ്രതിപക്ഷം
പ്രസാഡിയോ കമ്പനിക്ക് മുഖ്യമന്ത്രിയുടെ മകന്റെ കുടുംബവുമായി അടുത്ത ബന്ധമുണ്ടെന്ന് പി.സി വിഷ്ണുനാഥ് എം.എൽ.എ ആരോപിച്ചു
തിരുവനന്തപുരം: എ.ഐ ക്യാമറ കരാറിൽ മുഖ്യമന്ത്രിയുടെ മകനെതിരെ ആരോപണവുമായി പ്രതിപക്ഷം. പ്രസാഡിയോ കമ്പനിക്ക് മുഖ്യമന്ത്രിയുടെ മകന്റെ കുടുംബവുമായി അടുത്ത ബന്ധമുണ്ടെന്ന് പി.സി വിഷ്ണുനാഥ് എം.എൽ.എ ആരോപിച്ചു. എ.ഐ ക്യാമറയുമായി ബന്ധപ്പെട്ട് നേരത്തെയും പ്രതിപക്ഷം സർക്കാരിനെതിരെ തിരിഞ്ഞിരുന്നു. മോഷ്ടിക്കാൻ ക്യാമറ വെക്കുന്ന ആദ്യത്തെ പദ്ധതിയാണ് എ.ഐ ക്യാമറ. മോഷണം തടയാൻ വീടുകളിൽ ക്യാമറവെക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട് എന്നാൽ മോഷ്ടിക്കാൻ വേണ്ടി ക്യാമറ വെക്കുന്നത് ഇതാദ്യമായിട്ടാണ് എന്നാണ് പി.സി വിഷ്ണുനാഥ് എ.ഐ ക്യാമറയെ പരിഹസിച്ചത്.
സാങ്കേതിക പരിജ്ഞാനമില്ലാത്ത എസ്.ആർ.ഐ.ടിയെ പദ്ധതി ഏൽപ്പിച്ചു. ടെൻഡർ വ്യവസ്ഥകളെല്ലാം തന്നെ മറികടന്നുകൊണ്ടാണ് കരാറും ഉപകരാറും നൽകിയത്. മുഖ്യമന്ത്രിയുടെ മകനുമായി അടുത്ത ബന്ധമുള്ളവർക്ക് ഇതുമായി ബന്ധമുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചപ്പോൾ ഇതിനെ പ്രതിരോധിക്കാൻ ഭരണപക്ഷം രംഗത്തു വന്നു. എഴുതി തരാത്തത് ആരോപണമായി ഉന്നയിക്കരുതെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകനെതിരെ ആരോപണം രേഖകളിൽ നിന്ന് നീക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിക്കാമെന്ന് സ്പീക്കർ പറഞ്ഞു.
അഴിമതി ആരോപണം എഴുതി നൽകിയിട്ടുണ്ടെന്നും അതിനപ്പുറമുള്ള കാര്യങ്ങൾ പറയുന്നത് ചട്ട പ്രകാരമാണോ എന്ന് പരിശോധിക്കണമെന്നും സ്പീക്കർ പറഞ്ഞു. അതേസമയം ഉന്നയിക്കുന്ന ഓരോ ആരോപണങ്ങളും എഴുതി നൽകാൻ സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ ചട്ടവിരുദ്ധ നീക്കം നിയന്ത്രിക്കണമെന്ന് ഭരണ പക്ഷം ആവശ്യപ്പെടുകയും ചെയ്തു.
Adjust Story Font
16