''പ്ലസ് വണ്ണിന് സീറ്റ് അനുവദിക്കാൻ കാശില്ലാത്ത സർക്കാർ എങ്ങനെ കെ റെയിൽ പദ്ധതി നടപ്പാക്കും?'' വിജയരാഘവനോട് പികെ കുഞ്ഞാലിക്കുട്ടി
കേരളത്തിൽ ആർക്കാണ് വേഗത്തിൽ പോകാൻ ഇത്ര നിർബന്ധം? ചെലവ് കുറഞ്ഞ മറ്റു പദ്ധതികൾക്ക് പ്രതിപക്ഷം എതിരല്ല-കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി
കെ റെയിൽ വിഷയത്തിൽ സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന് മറുപടിയുമായി മുസ്്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. കെ റെയിലിനെതിരെ മലപ്പുറത്ത് അനാവശ്യ പ്രതിഷേധം നടക്കുന്നുവെന്ന വിജയ വിജയരാഘവന്റെ പ്രസ്താവന തെറ്റാണ്. പ്ലസ് വണ്ണിന് സീറ്റ് അനുവദിക്കാൻ കാശില്ലാത്ത സർക്കാർ എങ്ങനെ കെ റെയിൽ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം ചോദിച്ചു.
സംസ്ഥാനതലത്തിൽ തന്നെ കെ റെയിലിനെതിരെ എതിർപ്പുണ്ട്. പദ്ധതിയെ കുറിച്ച് സർക്കാർ ആരോഗ്യകരമായ ചർച്ചയ്ക്ക് തയാറാകണം. കേരളത്തിൽ ആർക്കാണ് വേഗത്തിൽ പോകാൻ ഇത്ര നിർബന്ധം? ചെലവ് കുറഞ്ഞ മറ്റു പദ്ധതികൾക്ക് പ്രതിപക്ഷം എതിരല്ല-കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
പ്രതിപക്ഷത്തിന്റേത് വികസന കാര്യങ്ങളിൽ നിഷേധാത്മക സമീപനമാണെന്നാണ് വിജയരാഘവൻ വാർത്താസമ്മേളനത്തിൽ വിമർശിച്ചത്. കെ റെയിൽ പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമായ മറുപടി നൽകിയതാണെന്നും ആർക്കും ആശങ്കയുണ്ടാവേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സമരത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയാണ്. പ്രതിപക്ഷവും പദ്ധതിയെ പിന്തുണയ്ക്കണം. ഗെയിലിനെതിരെയും സമരമുണ്ടായിരുന്നു. ഗെയിൽ യാഥാർഥ്യമായപ്പോൾ ജനങ്ങൾക്ക് ഗുണകരമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വികസനവുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട യാഥാർഥ്യങ്ങളെ മറച്ചുവച്ച് തെറ്റിദ്ധാരണ പരത്തുന്ന ചില പ്രചരണങ്ങൾ നടക്കുന്നുണ്ട്. കേരളത്തിന്റ മുന്നോട്ടുപോക്കിന് ഇത് തിരിച്ചടിയാകും. വ്യക്തതക്കുറവുള്ളവരാണ് വിമർശിക്കുന്നത്. യുഡിഎഫിന്റെ പദ്ധതി പ്രായോഗികമായ ഒന്നല്ലായിരുന്നു. ആർക്കും വിഷമമുണ്ടാക്കാത്ത തരത്തിൽ പദ്ധതി പ്രായോഗിമാക്കും. കമ്മ്യൂണിസ്റ്റ് വിരുദ്ധരായ ചില മാധ്യമങ്ങൾ ചില കാര്യങ്ങൾ ചികയും. എക്സ്പ്രസ് ഹൈവേയെ എതിർത്തതോ യോജിച്ചതോ അല്ല വിഷയം. വികസനത്തിന്റെ കാര്യത്തിൽ സിപിഎമ്മിന് വ്യക്തമായ നിലപാടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Adjust Story Font
16