Quantcast

'ഐൻഎൻടിയുസി പോഷക സംഘടനയല്ല'; നിലപാട് ആവർത്തിച്ച് വി.ഡി സതീശൻ

അവരുടെ പ്രതിഷേധം പാർട്ടി പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2022-04-01 13:36:11.0

Published:

1 April 2022 1:34 PM GMT

ഐൻഎൻടിയുസി പോഷക സംഘടനയല്ല; നിലപാട് ആവർത്തിച്ച് വി.ഡി സതീശൻ
X

ഐൻഎൻടിയുസി കോൺഗ്രസിന്റെ പോഷക സംഘടനയല്ലെന്ന നിലപാടിൽ ഉറച്ച് നിന്നും അവരുടെ പ്രതിഷേധം പാർട്ടി പരിശോധിക്കുമെന്ന് അറിയിച്ചും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. യൂത്ത് കോൺഗ്രസും കെഎസ്‌യുവുമാണ് കോൺഗ്രസിന്റെ പോഷക സംഘടനകളെന്നും ഐൻഎൻടിയുസി കോൺഗ്രസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്വതന്ത്ര സംഘടന മാത്രമാണെന്നും എന്നാൽ പാർട്ടിയുടെ അഭിവാജ്യ ഘടകമാണ് അവരെന്നതിൽ തർക്കമില്ലെന്നും അദ്ദേഹം പറഞ്ഞു. അഭിവാജ്യ ഘടകവും പോഷക സംഘടനയും തമ്മിൽ വ്യത്യാസമുണ്ടെന്നും ഐഎൻടിയുസിയേ തള്ളി താൻ പറഞ്ഞതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരനുമായി ആലോചിച്ചാണ് നിലപാടെടുത്തതെന്നും ഒറ്റയ്ക്ക് പറയുന്ന അഭിപ്രായമല്ലെന്നും സതീശൻ വ്യക്തമാക്കി.

പോഷക ഘടകമല്ലെന്ന പരാമർശത്തെ തുടർന്നുണ്ടായ ഐഎൻടിയുസിയുടെ പരസ്യ പ്രകടനത്തിൽ പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിനു പിന്നിൽ കുത്തി തിരുപ്പ് സംഘമാണെന്നും വിമർശിച്ചു. തന്റെ നിലപാട് ഐൻഎൻടിയുസി പ്രസിഡൻറ് ആർ ചന്ദ്രശേഖരൻ തള്ളി പറഞ്ഞിട്ടില്ലെന്നും സംഘടന കോൺഗ്രസിന്റെ അവിഭാജ്യ ഘടകമാണെന്നാണ് അദ്ദേഹം പറഞ്ഞതെന്നും സതീശൻ ചൂണ്ടിക്കാട്ടി. പണിമുടക്കിലെ അക്രമസംഭവങ്ങളെ എതിർക്കുമെന്നും ആർ ചന്ദ്രശേഖരനും ഇതേനിലപാടിലാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ചങ്ങനാശ്ശേരിയിലെ ഐ.എൻ.ടി.യു.സി പ്രകടനത്തെ തള്ളി സംസ്ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരൻ രംഗത്ത്‌വന്നു. പ്രകടനം ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും നടപടി തെറ്റാണെന്നുമാണ് ചന്ദ്രശേഖരന്റെ നിലപാട്. ഐഎൻടിയുസി യുടെ ജില്ലാ അധ്യക്ഷൻമാരുമായി ആശയവിനിമയം നടത്തുമെന്നും കോൺഗ്രസിനൊപ്പമാണ് ഐഎൻടിയുസിയെന്നും ചന്ദ്രശേഖരൻ പറഞ്ഞു. ഐഎൻടിയുസി പ്രവർത്തകർ പ്രതിഷേധങ്ങൾ നടത്തരുത്. എഐസിസിയുടെ സർക്കുലറിലടക്കം ഐഎൻടിയുസിയുടെ സ്ഥാനം വ്യക്തമാക്കിയിട്ടുണ്ട്. പരാതിയും പരിഭവവും പറയേണ്ട സമയമല്ലിതെന്നും അദ്ദേഹം വ്യക്തമാക്കി.

ഐ.എൻ.ടി.യു.സി കോൺഗ്രസിന്റെ പോഷക സംഘടനയല്ലെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പരാമർശത്തിനെതിരെ ചങ്ങനാശ്ശേരിയിൽ പ്രതിഷേധ പ്രകടനം നടന്നിരുന്നു. സതീശൻ പ്രസ്താവന പിൻവലിക്കുകയാണോ അല്ലെങ്കിൽ നിലപാടിൽ ഉറച്ച് നിൽക്കുയാണോ ചെയ്യുന്നതെന്ന് വ്യക്തമാക്കണമെന്ന് ഐ.എൻ.ടി.യു.സി വർക്കിംഗ് കമ്മിറ്റി അംഗം വി.പി തോമസ് ആവശ്യപ്പെട്ടിരുന്നു.


Opposition leader VD Satheesan is adamant that the INTUC is not a Sub wing of the Congress

TAGS :

Next Story