'കുതിരവട്ടം പപ്പുവിനെ പോലെ റോഡിലൂടെ ചാടി ചാടി പോകണം'- സഭയിൽ ദുരവസ്ഥ വിവരിച്ച് പ്രതിപക്ഷം
സംസ്ഥാനത്തെ ഭൂരിഭാഗം റോഡുകളും സഞ്ചാരയോഗ്യം എന്ന് മന്ത്രി റിയാസ്
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥ സഭയിലുന്നയിച്ച് പ്രതിപക്ഷം. റോഡിലൂടെ ചാടി നടക്കേണ്ട അവസ്ഥയാണെന്ന, നജീബ് കാന്തപുരം എംഎൽയുടെ പരാമർശത്തിന് സംസ്ഥാനത്തെ ഭൂരിഭാഗം റോഡുകളും സഞ്ചാരയോഗ്യം എന്നായിരുന്നു പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ മറുപടി.
റോഡുകളുടെ ദുരവസ്ഥ സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കാന്തപുരം നൽകിയ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളിയിരുന്നു. വെള്ളിയാഴ്ചകളിൽ അടിയന്തര പ്രമേയങ്ങൾ ഒഴിവാക്കണമെന്നായിരുന്നു സ്പീക്കറുടെ ആവശ്യം.
തുടർന്ന് അടിയന്തര പ്രമേയത്തിന് മന്ത്രി റിയാസ് മറുപടി നൽകി. റോഡ് നിർമാണത്തിന് മാത്രമല്ല, പരിപാലനത്തിനും സർക്കാർ മുൻഗണന നൽകുന്നുണ്ടെന്നും, സംസ്ഥാനത്തെ റോഡുകളിൽ മഹാഭൂരിപക്ഷവും ഗതാഗതയോഗ്യമാണെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. പരിപാലനത്തിന് മാത്രമായി 824 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എന്നാൽ ഒരു വർഷം വാഹന നികുതി മാത്രം ഈടാക്കുന്നത് 6000 കോടിയാണെന്നും എന്നിട്ടും റോഡിലൂടെ ജനങ്ങൾക്ക് ചാടിച്ചാടി പോകേണ്ട സ്ഥിതിയാണെന്നും കാന്തപുരം തിരിച്ചടിച്ചു. 2023ൽ മാത്രം റോഡുകളിൽ നാലായിരത്തിൽപരം ജീവൻ പൊലിഞ്ഞതായാണ് എംഎൽഎ വ്യക്തമാക്കിയത്. തന്റെ മണ്ഡലത്തിൽ ഒരാൾക്ക് ഗർഭച്ഛിദ്രം ഉണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മഴക്കാലത്ത് ഓട്ടയടയ്ക്കൽ യജ്ഞം മാത്രമാണ് നടക്കുന്നതെന്നും ചെളി കൊണ്ടാണ് ഓട്ട അടയ്ക്കുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. കുഴിയില്ലാത്ത റോഡിലൂടെ പോകാൻ മുഖ്യമന്ത്രി 16 കിലോമീറ്റർ ആണ് ചുറ്റിയതെന്നും സാധാരണക്കാർക്ക് ഇത് പറ്റുമോ എന്നും അദ്ദേഹം ചോദിച്ചു.
എന്നാൽ റോഡുകളുടെ പരിപാലന കാലാവധിയെ കുറിച്ച് പ്രതിപക്ഷത്തിന് ധാരണയില്ലെന്ന് മന്ത്രി റിയാസ് ഇതിന് മറുപടി നൽകി. പരിപാവന കാലാവധി വ്യക്തമാക്കുന്ന ബോർഡുകൾ വയ്ക്കാറുണ്ടെന്നും റോഡുകളിലെ നീലബോർഡും പച്ചബോർഡും ജനങ്ങളുടെ ഹൃദയത്തിൽ ഉണ്ടെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
റണ്ണിങ് കോൺട്രാക്ട് വന്നതോടെ 83 ശതമാനം പിഡബ്ല്യൂഡി റോഡുകൾക്കും കരാറുണ്ടെന്നും തെറ്റായ നിലപാട് എടുക്കുന്ന കോൺട്രാക്ടർമാരെ പുറത്താക്കുകയാണ് പതിവെന്നും മന്ത്രി വ്യക്തമാക്കി. മണിച്ചിത്രത്താഴിലെ കഥയാണ് പ്രതിപക്ഷം പറഞ്ഞതെന്ന് പരിഹസിക്കാനും മന്ത്രി മറന്നില്ല. നജീബ് കാന്തപുരം നാഗവല്ലിയായ ശോഭനയായി എന്നായിരുന്നു മന്ത്രിയുടെ പരിഹാസം.
തുടർന്ന് വിഷയത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ സംസാരിച്ചു. മോശം റോഡുകൾക്ക് പഴി കേൾക്കാതിരിക്കാൻ റോഡ് പൊതുമരാമത്ത് വകുപ്പിന്റെയല്ല എന്ന ബോർഡ് വയ്ക്കുന്നതാണോ വകുപ്പുകൾ തമ്മിലുള്ള ഏകോപനം എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ചോദ്യം. സമീപകാലത്തെ ഏറ്റവും മോശമായ അവസ്ഥയിലാണ് റോഡുകളെന്നും യാഥാർഥ്യവുമായി നിരക്കാത്ത കാര്യങ്ങളാണ് മന്ത്രി പറഞ്ഞതെന്നും വിഡി സതീശൻ ആഞ്ഞടിച്ചു. 2021മുതൽ നടന്ന അപകടമരണങ്ങളുടെ കണക്കും സതീശൻ സഭയിൽ നിരത്തി. പ്രതിപക്ഷ നേതാവിന്റെ മറുപടിക്ക് പിന്നാലെ പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.
Adjust Story Font
16