മുഖ്യമന്ത്രിക്കെതിരായ സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം; സഭ ഇന്നും പ്രക്ഷുബ്ധമാകും
പ്രതിപക്ഷ എംഎൽഎമാരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ ചട്ടലംഘനമാണെന്ന് മന്ത്രി സജി ചെറിയാൻ സ്പീക്കർക്ക് പരാതി നൽകി
തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഇന്നും പ്രക്ഷുബ്ധാകും. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ പ്രതിപക്ഷം സഭയിൽ ഉയർത്തിയേക്കും. കേന്ദ്ര ഏജൻസികൾ അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താൻ കഴിയാതിരുന്ന കേസാണെന്ന മറുപടി ആയിരിക്കും മുഖ്യമന്ത്രി നൽകുക.
ബഫർ സോണുമായി ബന്ധപ്പെട്ട ശ്രദ്ധ ക്ഷണിക്കൽ ഇന്ന് സഭയിൽ വരും. കഴിഞ്ഞ ദിവസത്തെ പ്രതിപക്ഷ പ്രതിഷേധത്തിന്റെ അലയൊലികളും സഭയിലുണ്ടാകും.
അതിനിടെ പ്രതിപക്ഷ എംഎൽഎമാരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ ചട്ടലംഘനമാണെന്ന് കാണിച്ച് മന്ത്രി സജി ചെറിയാൻ സ്പീക്കർക്ക് പരാതി നൽകി. പെരുമാറ്റച്ചട്ടം ലംഘിച്ച് പ്രതിപക്ഷ എംഎൽഎമാർ സഭാ നടപടികൾ മൊബൈലിൽ പകർത്തുകയും മാധ്യമങ്ങൾക്ക് കൈമാറുകയും ചെയ്തു. ബാനറുകളും പ്ലക്കാർഡുകളും ഉയർത്തിയത് സഭാ ചട്ടത്തിന് എതിരാണെന്നും പരാതിയിൽ പറയുന്നു.
ഇന്നലെ കടുത്ത നിലപാടുമായാണ് പ്രതിപക്ഷം സഭയിലേക്ക് എത്തിയത്. എം.എൽ.എമാരിൽ ചിലർ എത്തിയത് തന്നെ കറുത്ത വസ്ത്രം ധരിച്ചാണ്. ചോദ്യോത്തരവേളയുടെ തുടക്കം മുതൽ മുദ്രാവാക്യം വിളി മുഴങ്ങി. സ്പീക്കർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷം വഴങ്ങിയില്ല.
അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാനും പ്രതിപക്ഷം തയ്യാറായില്ല. അതോടെ ശൂന്യവേളയും സബ്മിഷനും ശ്രദ്ധ ക്ഷണിക്കലും സ്പീക്കർ റദ്ദാക്കി. പിന്നീട് സഭാ നടപടികൾ വേഗത്തിൽ പൂർത്തീകരിച്ച് പിരിഞ്ഞു.
Adjust Story Font
16