'ഈശോ' സിനിമ വിവാദം; നാദിര്‍ഷയ്ക്ക് പിന്തുണയുമായി ഓര്‍ത്തഡോക്സ് ബിഷപ്പ്
ഒരുപാട് പേർക്ക് ഈശോ എന്ന പേരുണ്ടെന്നും അതൊന്നും ആരും നിരോധിച്ചിട്ടില്ലെന്നും തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മിലിത്തിയോസ് മെത്രാപ്പൊലീത്ത വ്യക്തമാക്കി.
ഈശോ സിനിമ വിവാദത്തിൽ സംവിധായകൻ നാദിർഷയ്ക്ക് പിന്തുണയുമായി ഓർത്തഡോക്സ് സഭാ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മിലിത്തിയോസ് മെത്രാപ്പൊലീത്ത. ഈശോ എന്ന പേര് സിനിമക്കിട്ടാൽ എന്താണ് കുഴപ്പമെന്ന് മെത്രാപ്പൊലീത്ത ചോദിച്ചു. മധ്യതിരുവിതാംകൂറില്‍ ഒരുപാട് പേർക്ക് ഈശോ എന്ന പേരുണ്ടെന്നും അതൊന്നും ആരും നിരോധിച്ചിട്ടില്ലെന്നും മെത്രാപ്പൊലീത്ത വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബിഷപ്പിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം,
ഞാൻ, സിനിമാ ഡയറക്ടർ നാദിർഷായുടെ, ഈശോ എന്ന സിനിമയുടെ കാര്യത്തിൽ നൽകിയ കമന്റ്. എന്താണു ഈശോ എന്ന പേരു ഒരു സിനിമക്ക് ഇട്ടാൽ കുഴപ്പം? മധ്യതിരുവിതാംകൂറിൽ ധാരാളം പേർക്ക്, എന്റെ ഒരു ബന്ധുവിനുൾപ്പടെ, ഇങ്ങനെ പേരുണ്ടല്ലോ! ഇവരിലാരെയും നിരോധിക്കണം എന്ന് ഇതുവരെ ആരും പറഞ്ഞു കേട്ടില്ല. ക്രിത്യാനികളിൽ ചിലർ മിശിഹായെ ഈശോ എന്ന് വിളിക്കുമ്പോൾ മറ്റു ചിലർ യേശു എന്നാണു വിളിക്കുന്നത്. ഈ പേരും മറ്റെങ്ങും വന്നുകൂടാ എന്നും വരുമോ?
രാജ്യത്തെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇത്തരത്തിലൊരു വിവാദമുണ്ടാക്കുന്നവര്‍ക്ക് മറ്റ് ഉദ്ദേശവുമുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഒരു കലാകാരന് ഇഷ്ടമുള്ള പേരുപയോഗിച്ച് സിനിമ പുറത്തിറക്കാന്‍ അവകാശമുണ്ട്. അത് കാണണോ വേണ്ടയോ എന്നത് പ്രേക്ഷകന്‍റെ തീരുമാനമാണ്. എന്നാല്‍ അതിനെ എതിര്‍ക്കാന്‍ ആര്‍ക്കും ഭരണഘടനാപരമായ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. മദ്യം കൊണ്ടുപോകുന്ന വാഹനത്തിനടക്കം ഈശോ എന്ന പേരുണ്ട്. എന്നാല്‍, അപ്പോഴൊന്നുമില്ലാത്ത പ്രശ്നം നാദിര്‍ഷ എന്ന വ്യക്തി അദ്ദേഹത്തിന്‍റെ സിനിമയ്ക്ക് ഈ പേരിടുമ്പോള്‍ എന്തുകൊണ്ട് ഉണ്ടാകുന്നു എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.
ജയസൂര്യ നായകനാകുന്ന 'ഈശോ' എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞദിവസം പുറത്തുവന്നതിനു പിന്നാലെയാണ് വിവാദങ്ങളുണ്ടായത്. സിനിമയുടെ പേര് ക്രിസ്ത്യൻ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്നാണ് ആരോപണം. എന്നാല്‍, പേരുമാറ്റാനുദ്ദേശിക്കുന്നില്ലെന്ന് നാദിര്‍ഷ തന്നെ വ്യക്തമാക്കിയിരുന്നു.
Adjust Story Font
16