Quantcast

ചർച്ച് ബിൽ അംഗീകരിക്കരുതെന്ന് ഗവർണറോട് കാതോലിക്കാ ബാവ; നിയമം പാലിക്കുമെന്ന് ഗവർണറുടെ ഉറപ്പ്

സഭയുടെ അസ്തിവാരം തോണ്ടുന്ന തരത്തിലുള്ള ചർച്ചകൾക്ക് കൂട്ടുനിൽക്കില്ലെന്നും ഓർത്തഡോക്‌സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    26 Feb 2024 2:09 AM GMT

orthodox church catholic bava seeks governors intervention in church bill
X

കോട്ടയം: ചർച്ച് ബിൽ കൊണ്ടുവന്ന് സഭാ സ്വാതന്ത്ര്യവും തനിമയും നഷ്ടപ്പെടുത്താമെന്ന് വിചാരിക്കുന്നവർ മൂഢസ്വർഗത്തിലാണെന്ന് ഓർത്തഡോക്‌സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ. സമാധാന ചർച്ചകൾക്ക് സഭ തയ്യാറാണ്. എന്നാൽ സഭയുടെ അസ്തിവാരം തോണ്ടുന്ന തരത്തിലുള്ള ചർച്ചകൾക്ക് കൂട്ടുനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് നടന്ന മാർത്തോമ പൈതൃക സംഗമ സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നിർവഹിക്കുകയായിരുന്നു കാതോലിക്കബാവ.

സുപ്രിംകോടതി വിധിക്കുമേൽ സർക്കാർ നിയമം കൊണ്ടുവന്നാൽ അംഗീകരിക്കരുതെന്ന് കാതോലിക്കാ ബാവ ഗവർണറോട് ആവശ്യപ്പെട്ടു. സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മലങ്കരസഭക്ക് കീഴിലെ 1662 പള്ളികളും 1934ലെ ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടണം. ഈ വിധി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. മലങ്കര ഓർത്തഡോക്‌സ് സഭയുടെ സ്വാതന്ത്ര്യത്തിനായി 145 വർഷം നിയമയുദ്ധം നടത്തിയവരാണ് വിശ്വാസികൾ. ഇതിൽ വെള്ളംചേർക്കുന്ന നടപടികൾ അനുവദിക്കില്ലെന്നും ബാവ പറഞ്ഞു. മന്ത്രിമാരായ വി.എൻ വാസവനും വീണാ ജോർജും വേദിയിലിരിക്കുമ്പോഴായിരുന്നു ഗവർണറോടുള്ള കാതോലിക്കാ ബാവയുടെ അഭ്യർഥന.

നിയമം പാലിക്കുമെന്നായിരുന്നു കാതോലിക്കാ ബാവയുടെ ആവശ്യത്തോട് ഗവർണറുടെ പ്രതികരണം. നിയമം അനുസരിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ട്. നിയമവും ഭരണഘടനയും അനുസരിച്ച് പ്രവർത്തിക്കാൻ ഗവർണറായ തനിക്ക് പോലും ഉത്തരവാദിത്തമുണ്ട്. ഭരണഘടനയനുസരിച്ച് സത്യപ്രതിജ്ഞ ചെയ്തവർക്ക് ഇതിൽ കൂടുതൽ ഉത്തരവാദിത്തമുണ്ടെന്നും ഗവർണർ പറഞ്ഞു.

TAGS :

Next Story