Quantcast

മദ്യനയം: സംസ്ഥാന സർക്കാരിനെതിരെ ഓർത്തോഡോക്‌സ് സഭ

മദ്യവർജനമാണ് സഭ കാലങ്ങളായി അംഗീകരിച്ചു പോരുന്ന നിലപാടെന്നു സഭാധ്യക്ഷൻ

MediaOne Logo

Web Desk

  • Updated:

    2022-03-30 16:04:22.0

Published:

30 March 2022 3:24 PM GMT

മദ്യനയം: സംസ്ഥാന സർക്കാരിനെതിരെ ഓർത്തോഡോക്‌സ് സഭ
X

പുതിയ മദ്യനയത്തിൽ സംസ്ഥാന സർക്കാരിനെതിരെ ഓർത്തോഡോക്‌സ് സഭ രംഗത്ത്. കൂടുതൽ മദ്യശാലകൾ തുറക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ തൃതീയൻ പറഞ്ഞു. മദ്യവർജനമാണ് സഭ കാലങ്ങളായി അംഗീകരിച്ചു പോരുന്ന നിലപാടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സഭാ തർക്കത്തിൽ നിയമനിർമാണം നടത്തിയാൽ നിയമപരമായി നേരിടുമെന്നും സുപ്രിംകോടതി വിധിക്ക് മുകളിൽ നിയമനിർമാണം നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമനിർമാണം എന്തിനാണ് എന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പുതുക്കിയ മദ്യനയം അംഗീകരിച്ചു; വീര്യം കുറഞ്ഞ മദ്യമെത്തും

പുതുക്കിയ മദ്യനയത്തിന് അംഗീകാരം നൽകി മന്ത്രിസഭാ യോഗം. ഇതോടെ മദ്യശാലകളുടെ എണ്ണം കൂട്ടുന്നതിനോടൊപ്പം വീര്യം കുഞ്ഞ മദ്യവുമെത്തും. പുതുതായി 170 ഓളം ഔട്ട്ലറ്റുകൾ ആരംഭിക്കണമെന്ന ബിവ്റജസ് കോർപറേഷന്റെ നിർദേശത്തിനും അനുമതിയായി. കൂടാതെ ഐടി മേഖലയിൽ മദ്യശാലകൾക്ക് അനുമതിയായി. ഐടി പാർക്കുകളിലെ റസ്റ്ററന്റുകളിൽ മദ്യം വിതരണം ചെയ്യാനുള്ള സംവിധാനമാണ് വരുന്നത്. 10 വർഷം പ്രവൃത്തിപരിചയമുള്ള ഐടി സ്ഥാപനങ്ങളിലാണ് പബിനുള്ള ലൈസൻസ് നൽകുന്നത്. ടൂറിസം മേഖലയിൽ കൂടുതൽ ഔട്ട്ലറ്റുകൾ തുറക്കും. വിമാനത്താവളങ്ങളിലും പ്രീമിയം കൗണ്ടറുകൾ വരും. പഴവർഗങ്ങൾ സംഭരിക്കുന്നതും മദ്യം ഉൽപ്പാദിപ്പിക്കുന്നതും ബവ്റിജസ് കോർപറേഷന്റെ മേൽനോട്ടത്തിലായിരിക്കും. കള്ളുഷാപ്പുകളുടെ ദൂരപരിധി കുറയ്ക്കുന്നതിൽ തീരുമാനമെടുത്തില്ല.

അതേസമയം, ലോകായുക്ത ഓർഡിനസ് പുതുക്കി ഇറക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ വിഷയത്തിൽ സി.പി.ഐ എതിർപ്പ് അറിയിച്ചിട്ടുണ്ട്. സിപിഐക്ക് വ്യത്യസ്ത നിലപാട് ആണുള്ളത് എന്ന് മന്ത്രി കെ. രാജൻ മന്ത്രിസഭയെ അറിയിച്ചു. ബിൽ വരുമ്പോൾ ചർച്ച ആക്കാമെന്നു മുഖ്യമന്ത്രി പിണറായി വിജയനും നിയമ മന്ത്രി പി.രാജീവും പറഞ്ഞു. ഓർഡിനേൻസ് പുതുക്കൽ സാങ്കേതിക നടപടി മാത്രമെന്നും നിയമമന്ത്രി പറഞ്ഞു.

മദ്യത്തിന്റെ ലഭ്യത ഘട്ടംഘട്ടമായി കുറയ്ക്കുമെന്ന നയത്തിൽ നിന്നു എൽഡിഎഫ് പിന്നോട്ട് പോയിട്ടില്ലെന്നും സംസ്ഥാനത്തിപ്പോൾ മദ്യത്തിന്റെ ഉപഭോഗം കുറവാണെന്നും എക്‌സൈസ് മന്ത്രി എം.വി ഗോവിന്ദൻ പറഞ്ഞിരുന്നു. സംസ്ഥാനത്ത് നിലവിൽ 78 ഔട്ട്‌ലെറ്റുകൾ കുറവാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബെവ്‌കോ ഔട്ട്‌ലറ്റിലെ തിരക്ക് കുറക്കുകയാണ് പുതിയ മദ്യ നയത്തിന്റെ ലക്ഷ്യമെന്നും ക്യൂ ഒഴിവാക്കി, പരമാവധി സൗകര്യമുള്ള ഔട്ട്‌ലെറ്റുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിലെ മാനദണ്ഡങ്ങൾ പ്രകാരമാകും പുതിയ ഔട്ട്ലെറ്റുകൾ തുടങ്ങുകയെന്നും കാർഷിക ഉത്പന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. കാർഷിക ഉൽപന്നങ്ങളിൽ നിന്നു ലഹരി കുറഞ്ഞ മദ്യവും വൈനും ഉൽപാദിപ്പിക്കുമെന്നും കപ്പയിൽ നിന്നു മദ്യം ഉൽപാദിപ്പിക്കാനാകുമോ എന്നും പരീക്ഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം കർഷകർക്ക് വലിയ ആശ്വാസമാകുമെന്നും മന്ത്രി അവകാശപ്പെട്ടു.

Orthodox Church protests against state government over new liquor policy

TAGS :

Next Story