ഷുക്കൂർ വധത്തിലേക്ക് നയിച്ച സംഭവം; പി. ജയരാജൻ വധശ്രമക്കേസിൽ മുസ്‌ലിം ലീഗ് പ്രവർത്തകരെ വെറുതെ വിട്ടു
കൊല്ലപ്പെട്ട എം.എസ്.എഫ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ സംഭവത്തിൽ പ്രതിയാണെന്ന് സി.പി.എം ആരോപിച്ചിരുന്നു
സി.പി.എം നേതാക്കളായ പി. ജയരാജൻ, ടി.വി രാജേഷ് തുടങ്ങിയവരെ ആക്രമിച്ചുവെന്ന കേസിൽ പ്രതികളായ 12 മുസ്‌ലിം ലീഗ് പ്രവർത്തകരെ വെറുതെ വിട്ടു. കണ്ണൂർ സബ് കോടതി ജഡ്ജിന്റേതാണ് വിധി. അരിയിൽ ശുക്കൂർ സംഭവത്തിൽ പ്രതിയാണെന്ന് സി.പി.എം ആരോപിച്ചിരുന്നു.
അൻസാർ, ഹനീഫ, സുഹൈൽ, അഷ്‌റഫ്, അനസ്, റൗഫ്, സക്കറിയ്യ, ഷമ്മാദ്, യഹിയ, സജീർ, നൗഷാദ് എന്നിവരെയാണ് വെറുതെ വിട്ടത്. സിപിഎം നേതാക്കൾ സഞ്ചരിച്ച വാഹനം തടഞ്ഞു നിർത്തി വധിക്കാൻ ശ്രമിച്ചുവെന്നായിരുന്നു കേസ്.
എന്തായിരുന്നു സംഭവം?
2012 ഫെബ്രുവരി 20ാം തിയ്യതി കണ്ണൂർ അരിയിൽ വെച്ചാണ് സംഭവം നടന്നത്. അന്നത്തെ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനെയും കല്ല്യാശ്ശേരി മണ്ഡലം എം.എൽ.എ ടി.വി രാജേഷിനെയും തടഞ്ഞു നിർത്തി വധിക്കാൻ ശ്രമിച്ചുവെന്നായിരുന്നു ആരോപണം. പട്ടുവം അരിയിൽ പ്രദേശത്ത് മുസ്‌ലിംലീഗ് - സി.പി.എം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റയാളെ കാണാനെത്തിയതായിരുന്നു ഇവർ. ഈ സംഭവത്തിൽ പങ്കാളിയാണെന്ന് സി.പി.എം ആരോപിച്ച തളിപ്പറമ്പ് മുനിസിപ്പാലിറ്റി എം.എസ്.എഫ് ട്രഷറർ അരിയിൽ അബ്ദുഷുക്കൂർ അന്ന് വൈകീട്ട് കീഴറയിൽ വെച്ച് കൊല്ലപ്പെട്ടിരുന്നു. സംഭവം കെട്ടുകഥയാണെന്നും ഷുക്കൂറിനെ കൊല്ലാനായി ഉണ്ടാക്കിയതാണെന്നും മുസ്‌ലിം ലീഗ് ആരോപിച്ചിരുന്നു.
15 പ്രതികളാണ് ഉണ്ടായിരുന്നത്. 12 പേരെ വെറുതേ വിട്ടു. രണ്ടുപേരുടെ വിചാരണ പയ്യന്നൂർ കോടതിയിൽ നടക്കുകയാണ്. ഒരാളുടെ വിചാരണ തലശ്ശേരി ജുവനൈൽ കോർട്ടിൽ നടക്കുകയാണ്.
Adjust Story Font
16