Quantcast

'കണക്കുകൾ തെറ്റിപ്പോയി...പക്ഷേ, ഒരു പരാജയത്തിൽ അവസാനിക്കുന്നതല്ല ഇടതുപക്ഷ രാഷ്ട്രീയം'- സരിൻ

"കേരളം ഭരിക്കുന്നത് ഇടത് മുന്നണിയാണ്, പാലക്കാടിന്റെ വികസനം സർക്കാരിന്റെ മുഖ്യ അജണ്ടയായി തന്നെ തുടരും"

MediaOne Logo

Web Desk

  • Updated:

    2024-11-23 11:21:33.0

Published:

23 Nov 2024 11:06 AM GMT

P Sarin reacts on Palakkad bypoll result
X

പാലക്കാട്: പാലക്കാട്ടെ യുഡിഎഫ് വിജയത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ.പി സരിൻ. കണക്കുകൾ തെറ്റിപ്പോയി എന്നും എങ്കിലും കഴിഞ്ഞ തവണത്തേതിൽ നിന്ന് 1500ഓളം വോട്ടുകൾ കൂട്ടാനായത് പ്രതീക്ഷ നൽകുന്നു എന്നുമാണ് സരിന്റെ പ്രതികരണം.

"ജനങ്ങളുടെ പ്രതികരണത്തിൽ പ്രതീക്ഷ വെച്ചാണ് വോട്ട് കണക്ക് പറഞ്ഞത്. കണക്ക് തെറ്റാൻ സാധ്യതയുണ്ട്. പാലക്കാട് നഗരസഭയിൽ നഷ്ടപ്പെട്ട പ്രതാപം തിരികെ കൊണ്ടുവരാൻ സാധിക്കുമെന്നാണ് എൽഡിഎഫ് പ്രവർത്തകരുടെ പ്രവർത്തനം ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നിന്ന് 2000ലേറെ വോട്ടുകൾ കൂട്ടാൻ സാധിച്ചു എന്നൊക്കെ പറയുന്നത് ആ പ്രവർത്തനം ചൂണ്ടിക്കാട്ടുന്നതാണ്.

നഗരസഭയിൽ വലിയ വോട്ട് വർധനവുണ്ടായില്ല. അതിന്റെ പ്രധാനകാരണം നിഷ്പക്ഷമായി ചിന്തിച്ചു വരേണ്ടുന്ന വോട്ടുകളെ രാഷ്ട്രീയമായി കച്ചവടം ചെയ്തു ബിജെപി അറിഞ്ഞുകൊണ്ടുതന്നെ കോൺഗ്രസിനെ സഹായിക്കാൻ രക്ഷകനായി അവതരിച്ചു. ആ യാഥാർഥ്യം ജനവിധി മറികടക്കുന്നതായി എന്നതാണ് വസ്തുത". സരിൻ പറഞ്ഞു

യുഡിഎഫ് വിജയമുറപ്പിച്ചതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെ നേരത്തേ സരിൻ ആദ്യ പ്രതികരണമറിയിച്ചിരുന്നു. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും പാലക്കാടിന്റെ വികസനസ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാനും ഇടതുപക്ഷത്തിന് വോട്ട് ചെയ്ത ഓരോ വോട്ടറോടും നന്ദി രേഖപ്പെടുത്തുകയാണ് എന്നായിരുന്നു ഫേസ്ബുക്ക് കുറിപ്പ്.

കുറിപ്പിന്റെ പൂർണരൂപം:

ഒരു മാസം കൊണ്ട് എന്നെ അറിയാനും നെഞ്ചോട് ചേർത്ത് പിടിക്കാനും, സ്നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും ഹൃദയം കൊണ്ട് നന്ദി പറയുകയാണ്.

ജനാധിപത്യ, മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും പാലക്കാടിന്റെ വികസന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനും ഇടത് പക്ഷത്തിന് വോട്ട് ചെയ്ത ഓരോ വോട്ടറോടുമുള്ള അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

കേരളം ഭരിക്കുന്നത് ഇടത് മുന്നണിയാണ്. പാലക്കാടിന്റെ വികസനം സർക്കാരിന്റെ മുഖ്യ അജണ്ടയായി തന്നെ തുടരും. അതിനായി പ്രവർത്തിക്കാൻ ജനങ്ങളുടെ ഇടയിൽ തന്നെ ഞാനുണ്ടാവും.

സസ്നേഹം,

ഡോ. സരിൻ

TAGS :

Next Story