പാക് പൗരൻ മയക്കുമരുന്ന് കടത്തിയത് പാകിസ്താനിലെ ലഹരിക്കടത്തുകാർക്ക് വേണ്ടി; റിമാൻഡ് അപേക്ഷയുടെ പകർപ്പ് മീഡിയവണിന്
വൻ തുക നൽകാമെന്ന വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ലഹരിക്കടത്ത്
കൊച്ചി: ആഴക്കടലിലെ ലഹരിക്കടത്ത് കേസിൽ പാക്കിസ്താൻ പൗരൻ സുബൈർ മയക്കുമരുന്ന് കടത്തിയത് പാക്കിസ്താനിലെ ലഹരിക്കടത്തുകാർക്ക് വേണ്ടിയാണെന്ന് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ. വലിയ തുക നൽകാമെന്ന വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ലഹരിക്കടത്ത്. വിദേശത്തേക്ക് ലഹരി കടത്താനായിരുന്നു ശ്രമമെന്നും എൻസിബി കോടതിയിൽ സമർപ്പിച്ച റിമാന്റ് അപേക്ഷയില്‍ പറയുന്നു. ഏതുരാജ്യത്തേക്ക് കടത്താനായിരുന്നു പദ്ധതി എന്ന് അപേക്ഷയിൽ വ്യക്തമാക്കുന്നില്ല. റിമാൻഡ് അപേക്ഷയുടെ പകർപ്പ് മീഡിയവണിന് ലഭിച്ചു
നാവികസേനയും നാർകോട്ടിക് കൺട്രോൾ ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിൽ 25,000 കോടിയുടെ 2525 കിലോ മെത്താഫെറ്റമിനാണ് പിടിച്ചെടുത്തിരുന്നത്.പ്രാഥമിക ചോദ്യം ചെയ്യലിനു ശേഷമാണ് പാകിസ്താൻ പൗരനായ സുബൈർ ദേരഖ്ഷംദയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. പ്രതിക്ക് ഇംഗ്ലീഷ്, ഹിന്ദി, ബലുച്ചി അടക്കം 5 ഭാഷകൾ അറിയാമെന്ന് എൻ.സി.ബി അറിയിച്ചു.
പ്രതിക്കൊപ്പം അഞ്ചിലധികം പേർ ബോട്ടിൽ ഉണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിൻറെ നിഗമനം. ഇവരെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം ലഹരിയുടെ ഉറവിടവും കണ്ടെത്തേണ്ടതുണ്ട്. ലഹരിക്കടത്തിൻറെ മറവിൽ നടന്ന ഇടപാടുകളെ കുറിച്ചും , ആരെ ലക്ഷ്യം വച്ചാണ് ലഹരി എത്തിച്ചതെന്നത് എന്നടക്കമുള്ള കാര്യങ്ങളും എൻ.സി.ബി പരിശോധിക്കുന്നുണ്ട്. ലഹരിയുടെ പാക്കറ്റുകളിൽ പാകിസ്താനിലെ ഹാജി സലീം ഗ്രൂപ്പിൻറെ ചിഹ്നമുള്ള സാഹചര്യത്തിൽ എൻ.ഐ.എയും സമാന്തര അന്വേഷണം നടത്തുന്നുണ്ട്.
Adjust Story Font
16