Quantcast

'പാലാ ബിഷപ്പിനെ പൊതുമരാമത്ത് സെക്രട്ടറിയാക്കട്ടെ'; മന്ത്രി വാസവനെ പരിഹസിച്ച് സത്താര്‍ പന്തലൂര്‍

പാലാ ബിഷപ്പ് പാണ്ഡിത്യമുള്ളയാളാണെന്നും വിവാദ പ്രസംഗം അടഞ്ഞ അധ്യായമാണെന്നും നേരത്തെ മന്ത്രി വിഎന്‍ വാസവന്‍ പ്രതികരിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    17 Sep 2021 2:32 PM GMT

പാലാ ബിഷപ്പിനെ പൊതുമരാമത്ത് സെക്രട്ടറിയാക്കട്ടെ; മന്ത്രി വാസവനെ പരിഹസിച്ച് സത്താര്‍ പന്തലൂര്‍
X

വിദ്വേഷ പ്രസംഗം നടത്തിയ പാലാ ബിഷപ്പിനെ പിന്തുണച്ചുകൊണ്ടുള്ള മന്ത്രി വിഎന്‍ വാസവന്റെ പ്രസ്താവനയെ പരിഹസിച്ച് എസ്‌കെഎസ്എസ്എഫ് നേതാവ്. പാലാ ബിഷപ്പ് പാണ്ഡിത്യമുള്ളയാളാണെന്ന മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് എസ്‌കെഎസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂരിന്റെ പ്രതികരണം. ബിഷപ്പ് പാണ്ഡിത്യമുള്ള വ്യക്തിയാണെങ്കില്‍ പൊതുമരാമത്ത് സെക്രട്ടറിയാക്കട്ടെയെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു.

പാലാ ബിഷപ്പ് പാണ്ഡിത്യമുള്ള വ്യക്തിയാണെന്നാണ് മന്ത്രി വാസവന്‍ പറഞ്ഞത്. പാലം, ആശുപത്രി എന്നിവയെ കുറിച്ച് സംസാരിക്കാനാണത്രേ മന്ത്രി ബിഷിപ്പിനെ കണ്ടത്. അത് സംസാരിച്ചപ്പോഴായിരിക്കുമല്ലോ പാണ്ഡിത്യം തിരിച്ചറിഞ്ഞിരിക്കുക. എത്രയും വേഗം പൊതുമരാമത്ത് സെക്രട്ടറിയായി അദ്ദേഹത്തെ നിയമിക്കണം. തകര്‍ന്നുവീഴാറായ പാലങ്ങളും ചോര്‍ന്നൊലിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളും നന്നാക്കുന്ന മരാമത്ത് പണികള്‍ വേഗം തുടങ്ങട്ടെ. കൂട്ടത്തില്‍ സൗഹൃദ കേരളം ജയിക്കട്ടെ-ഫേസ്ബുക്ക് കുറിപ്പില്‍ സത്താര്‍ പന്തലൂര്‍ പരിഹസിച്ചു.

പാലാ ബിഷപ്പ് പാണ്ഡിത്യമുള്ളയാളാണെന്നും വിവാദ പ്രസംഗം അടഞ്ഞ അധ്യായമാണെന്നുമായിരുന്നു മന്ത്രി വിഎന്‍ വാസവന്‍ ഇന്ന് പറഞ്ഞത്. ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

'ഖുര്‍ആനെക്കുറിച്ച് പാലാ ബിഷപ്പിന് നല്ല ധാരണയുണ്ട്. എല്ലാ അടിസ്ഥാന ഗ്രന്ഥങ്ങളെക്കുറിച്ചും അദ്ദേഹത്തിന് ധാരണയുണ്ട്. ബിഷപ്പിന്റെ പ്രസംഗം ഞാന്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഇടയ്ക്കിടെ ചര്‍ച്ചകള്‍ നടത്താറുമുണ്ട്. ബിഷപ്പ് നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ട വിവാദം അടഞ്ഞ അധ്യായമാണ്' വാസവന്‍ പറഞ്ഞു.

ആരുടെയും പ്രതിനിധിയായല്ല താന്‍ ബിഷപ്പിനെ കാണാനെത്തിയത്. സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നു. ബിഷപ്പിന്റെ പ്രസ്താവനയില്‍ സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അതിനപ്പുറം തനിക്കൊന്നും പറയാനില്ല. നിരവധി വേദികളില്‍ ബിഷപ്പിനൊപ്പം പങ്കെടുത്തിട്ടുണ്ട്. അദ്ദേഹം നന്നായി പ്രസംഗിക്കുന്നയാളാണ്. പ്രതിപക്ഷനേതാക്കളും ബിജെപി നേതാക്കളും അദ്ദേഹത്തെ സന്ദര്‍ശിച്ചത് ദുരുദ്ദേശ്യത്തോടെയാണ്. താന്‍ വന്നത് സൗഹൃദം പുതുക്കാന്‍ വേണ്ടി മാത്രമാണ്. സമവായനീക്കം നടത്താന്‍ യാതൊരു പ്രശ്നവും ഇവിടെ ഉണ്ടായിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story