പാലാ നഗരസഭാ ചെയർമാൻ തർക്കം: സി.പി.എം ആരെ തീരുമാനിച്ചാലും അംഗീകരിക്കുമെന്ന് ജോസ് കെ മാണി
സി.പി.എം തീരുമാനത്തിൽ ഇടപെടില്ലെന്ന് കേരള കോൺഗ്രസ്
ജോസ് കെ മാണി
കോട്ടയം: പാല നഗരസഭ ചെയർമാനായി സിപിഎം ആരെ തീരുമാനിച്ചാലും അംഗീകരിക്കുമെന്ന് കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി. പ്രാദേശിക നേതൃത്വത്തെ തള്ളിയ ജോസ് കെ മാണി ബിനു പുളിക്കകണ്ടത്തെ ചെയർമാനായി തീരുമാനിച്ചാലും പിന്തുണയ്ക്കുമെന്നും പാലയിലേത് പ്രദേശിക കാര്യമാണെന്നും പറഞ്ഞു.
ബിനു പുളിക്ക കണ്ടത്തെ ചെയർമാനായി സി.പി.എം തീരുമാനിച്ചാൽ കേരള കോൺഗ്രസ് പിന്തുണക്കുമെന്നും സി പി എം തീരുമാനത്തിൽ ഇടപെടില്ലെന്നും സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞു. മുന്നണി ധാരണകൾ പൂർണമായും പാലിക്കുമെന്നും സ്റ്റീഫൻ ജോർജ് വ്യക്തമാക്കി.
അതേസമയം, പാലാ നഗരസഭ ചെയർമാൻ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ സിപിഎമ്മിന് ഇനിയും തീരുമാനം എടുക്കാനായിട്ടില്ല . സ്ഥാനാർത്ഥിയെ തീരുമാനിക്കാനുള്ള പാർലമെൻററി പാർട്ടിയോഗം വൈകുന്നേരത്തേക്ക് മാറ്റിയിട്ടുണ്ട്.
എന്നാൽ പാലാ നഗരസഭ ചെയർമാൻ സ്ഥാനാർത്ഥി ആരാകണം എന്ന് സിപിഎം ആണ് തീരുമാനിക്കേണ്ടതെന്ന് സിപി.ഐ ജില്ലാസെക്രട്ടറി വി.ബി ബിനു പറഞ്ഞു. ഇതിൽ മറ്റ് പാർട്ടികൾ അഭിപ്രായം പറയുന്നത് ശരിയല്ല ഒരു ഘടക കക്ഷികളുടെ തീരുമാനത്തിൽ മറ്റൊരു ഘടക കക്ഷി കടന്ന് കയറുന്നത് ശരിയല്ല. അധികാര കൈമാറ്റത്തിന് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ തീരുമാനം ആയതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അത് കേരള കോൺഗ്രസ് പാലിക്കുന്നില്ല. പാലായിൽ പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16