Quantcast

പാലക്കാട്ട് ലോറി മറിഞ്ഞ് വിദ്യാർഥികൾ മരിച്ച സംഭവം; ഡ്രൈവര്‍ അറസ്റ്റില്‍

ഡ്രൈവർ മലപ്പുറം സ്വദേശിയായ പ്രജീഷ് ജോണിനെ കല്ലടിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു

MediaOne Logo

Web Desk

  • Updated:

    2024-12-13 02:29:10.0

Published:

13 Dec 2024 6:31 AM IST

Palakkad accident
X

പാലക്കാട്: പാലക്കാട്ട് കരിമ്പയ്ക്ക് സമീപം പനയംപാടത്ത് ലോറി മറിഞ്ഞ വിദ്യാർഥികൾ മരിച്ച സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ. ഡ്രൈവർ മലപ്പുറം സ്വദേശിയായ പ്രജീഷ് ജോണിനെ കല്ലടിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു.

ഇയാൾ ഓടിച്ചിരുന്ന വാഹനത്തിൻ്റെ പിൻവശമിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ടാണ് സിമന്‍റ് ലോറി വിദ്യാർഥികളുടെ മുകളിലേക്ക് മറിഞ്ഞത്. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പും കല്ലടിക്കോട് പൊലീസും അറിയിച്ചു.

അതേസമയം, റോഡിൻ്റെ അപാകതയാണ് പനയംപാടത്തെ തുടർച്ചയായ അപകടങ്ങൾക്ക് കാരണമെന്ന നാട്ടുകാരുടെ പരാതിയിൽ ഇന്ന് ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ യോഗം ചേരും. റോഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കാനുള്ള യോഗത്തിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി, മറ്റ് ജനപ്രതിനിധികൾ, നാട്ടുകാരുടെ പ്രതിനിധികൾ ഉൾപ്പെടെ പങ്കെടുക്കും. രാവിലെ 11ന് കലക്ടറേറ്റിൽ വച്ചാണ് യോഗം.

ഇന്നലെ വൈകിട്ടോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. കരിമ്പ ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളായ ആയിഷ, ഇർഫാന, റിദ, നിദ എന്നിവരാണ് മരിച്ചത്.കുട്ടികൾ സ്‌കൂളിൽ പരീക്ഷ കഴിഞ്ഞ് മടങ്ങുമ്പോഴാണ് ലോറി ഇടിച്ചുകയറിയത്. രണ്ട് ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ഒരു ലോറി കുട്ടികളുടെ മുകളിലേക്ക് മറിയുകയായിരുന്നു. അമിതവേഗതയാണ് അപകടത്തിന് കാരണമെന്നും പനയംപാടം സ്ഥിരം അപകട മേഖലയാണെന്നും നാട്ടുകാർ ആരോപിച്ചു.

അപകടം നടന്നയുടനെ നാട്ടുകാർ കുട്ടികളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പാലക്കാട് ജില്ലാ കലക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.

TAGS :

Next Story