പാലക്കാട് ഉപതെരഞ്ഞെടുപ്പ്; ഊഴം കാത്ത് രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പേരാണ് ഉയർന്നുകേൾക്കുന്നത്
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ജില്ലയിൽ നിന്നുതന്നെ സ്ഥാനാർത്ഥിയെ കണ്ടെത്തണമെന്ന് ജില്ലാ കോൺഗ്രസ് നേതൃയോഗം. സമാന ആവശ്യം ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളും ഉന്നയിച്ചു. ഉപതെരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹൂൽ മാങ്കൂട്ടത്തിലിൻ്റെ പേര് സ്ഥാനാർത്ഥി പട്ടികയിൽ ഉയർന്ന് കേട്ടിരുന്നു.
യുവാക്കൾ മത്സരിക്കട്ടെ എന്ന് വടകര എം.പിയും പാലക്കാട്ടെ മുൻ എം.എൽ.എയുമായ ഷാഫി പറമ്പിൽ പറഞ്ഞതിനൊപ്പമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പേര് ചർച്ചകളിൽ ഇടംപിടിക്കുന്നത്. എന്നാൽ, സ്ഥാനാർത്ഥികളെ സംബന്ധിച്ച് മുൻധാരണകൾ ആരും നൽകേണ്ടതില്ലെന്ന് ഇന്നലെ നടന്ന ഡിസിസി യോഗത്തിൽ വിമർശനം ഉയർന്നു. പാലക്കാടിന് പുറത്തുള്ള ഒരു സ്ഥാനാർത്ഥിയെ മത്സരിപ്പിക്കേണ്ടതില്ലെന്ന നിർദേശവും മുതിർന്ന നേതാക്കൾ മുന്നോട്ടുവെച്ചു.
ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ, വിടി ബൽറാം തുടങ്ങിയവരുടെ പേരുകളും മുന്നോട്ടുവെച്ചിട്ടുണ്ട്. യോഗംചേർന്ന് സ്ഥാനാർത്ഥികളുടെ നിർദേശപട്ടിക തയ്യാറാക്കി കെപിസിസിക്ക് നൽകാമെന്നാണ് നിലവിലെ തീരുമാനം.
Adjust Story Font
16