പാലക്കാട് മത്സരം ബിജെപിയുമായി, മൂന്ന് മണ്ഡലങ്ങളിലും കോൺഗ്രസ് ജയിക്കും; കെ.സി വേണുഗോപാൽ
ജനങ്ങളുടെ മേൽ കുതിരകയറുന്ന എൽഡിഎഫ് സർക്കാരിനെ ജനങ്ങൾക്ക് മടുത്ത് കഴിഞ്ഞെന്നും വിമർശനം
പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന മണ്ഡലങ്ങളിലും കോൺഗ്രസ് ജയിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. രണ്ടാമത് ഭരണം കിട്ടിയ എൽഡിഎഫ് സർക്കാർ ജനങ്ങളുടെ മേൽ കുതിര കയറുകയാണ്. കേരളത്തിലെ ജനങ്ങൾക്ക് മടുത്തുകഴിഞ്ഞുവെന്നും കെ.സി വേണുഗോപാൽ കൂട്ടിച്ചേർത്തു.
എഡിഎം നവീൻ ബാബുവിന്റെ കേസിലും വേണുഗോപാൽ പ്രതികരണം നടത്തി. എഡിഎമ്മിന്റെ കേസിൽ കണ്ണൂർ ജില്ലാ കലക്ടറെക്കൊണ്ട് മാറ്റിപ്പറയിപ്പിച്ചതാണെന്നാരോപിച്ച വേണുഗോപാൽ കലക്ടർമാരുടെ മിനിമം മര്യാദ കണ്ണൂർ കലക്ടർ കാറ്റിൽ പറത്തിയെന്നും കൂട്ടിച്ചേർത്തു. സിവിൽ സർവീസിന്റെ മര്യാദയും കലക്ടർ കളഞ്ഞുകുളിച്ചു. സ്വന്തം സഹപ്രവർത്തകൻ മരിച്ചുവീണുകിടക്കുമ്പോൾ ആ സഹപ്രവർത്തകനെ കുറ്റപ്പെടുത്താൻ കലക്ടർ തയ്യാറാവുകയാണെങ്കിൽ കലക്ടർക്ക് ആ പദവിയിൽ തുടരാൻ അവകാശമില്ലെന്നും കെ.സി വേണുഗോപാൽ കൂട്ടിച്ചേർത്തു
കേരളത്തിലെ ജനങ്ങളെ കളിപ്പിക്കുകയും അപഹസിക്കുകയുമാണ് മുഖ്യമന്ത്രി എഡിഎമ്മിന്റെ കേസിൽ ചെയ്തതെന്ന് പറഞ്ഞ വേണുഗോപാൽ ദിവ്യയെ ഇന്നലെ ഹാജരാക്കിയത് നാടകത്തിലൂടെയാണെന്നും ആരോപിച്ചു.
ബിജെപിക്കെതിരെയും ആഞ്ഞടിച്ച വേണുഗോപാൽ കേരളത്തെ മണിപ്പൂരാക്കാനും ജനങ്ങളെ തമ്മിൽ തല്ലിക്കാനുമാണ് ബിജെപി ശ്രമിക്കുന്നതെന്ന് പറഞ്ഞു.
തൃശൂരിൽ പൂരം കലക്കിയാണ് ബിജെപി സുരേഷ് ഗോപിയെ എംപിയാക്കിയത്. പൂരം കലക്കിയ വിഷയത്തിൽ ആംബുലൻസിൽ എത്തിയില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് കള്ളമാണ്.
പാലക്കാട്ടെ ജനങ്ങളെ തമ്മിൽ തല്ലിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. മണ്ഡലത്തിൽ ബിജെപിക്കും സിപിഎമ്മിനും കോൺഗ്രസ് ജയിക്കരുതെന്നാണ്. ബിജെപിക്കെതിരെ സിപിഎം ഒന്നും പറയാൻ തയ്യാറാവുന്നില്ല, തിരിച്ച് സിപിഎമ്മിനെതിരെ ബിജെപിയും ഒന്നും പറയുന്നില്ല.
സിപിഎം ഓരോ തെരഞ്ഞെടുപ്പിലും ഓരോ അവസരവാദ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാലക്കാട് മത്സരം ബിജെപിയുമായിട്ടാണെന്ന് പറഞ്ഞ വേണുഗോപാൽ, മണ്ഡലത്തിൽ മികച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും കൂട്ടിച്ചേർത്തു.
Adjust Story Font
16