Quantcast

പാലക്കാട് ഷാജഹാന്‍ വധം: കൊലയാളി സംഘത്തില്‍ 6 പേര്‍, 3 പേര്‍ കസ്റ്റഡിയില്‍

ബൈക്കിലെത്തിയവരാണ് ആക്രമണം നടത്തിയത്

MediaOne Logo

Web Desk

  • Published:

    15 Aug 2022 1:21 AM GMT

പാലക്കാട് ഷാജഹാന്‍ വധം: കൊലയാളി സംഘത്തില്‍ 6 പേര്‍, 3 പേര്‍ കസ്റ്റഡിയില്‍
X

പാലക്കാട് സി.പി.എം നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കൊലയാളി സംഘത്തിലുണ്ടായിരുന്നത് ആറു പേര്‍. മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നേരത്തേ കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ടവരും സംഘത്തിലുണ്ട്.

കൊട്ടേക്കാട് സ്വദേശി ഷാജഹാനാണ് കൊല്ലപ്പെട്ടത്. സി.പി.എം മരുത റോഡ് ലോക്കൽ കമ്മിറ്റി അംഗമാണ്. ഇന്നലെ രാത്രി 9.15ഓടെയാണ് വീട്ടിലേക്ക് പോകുംവഴി കടയുടെ മുന്നിൽ വെച്ച് ഷാജഹാനെ വെട്ടിക്കൊന്നത്. ബൈക്കിലെത്തിയവരാണ് ആക്രമണം നടത്തിയത്. തലയ്ക്കും കഴുത്തിനും വെട്ടേറ്റ ഷാജഹാനെ ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളും ബന്ധുക്കളും ഉടൻ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്. പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൊട്ടേക്കാടും നഗരത്തിലും കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തി. എ പ്രഭാകരൻ എംഎല്‍എ സംഭവസ്ഥലം സന്ദര്‍ശിച്ചു. ഷാജഹാന് ഭീഷണിയുണ്ടായിരുന്നുവെന്നും കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്നും സി.പി.എം ജില്ലാ നേതൃത്വം ആരോപിച്ചു.

അതേസമയം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചതിങ്ങനെ- "സിപിഎം പാലക്കാട്, മരുത് റോഡ് ലോക്കൽ കമ്മിറ്റി അംഗമായ സ. ഷാജഹാനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയതിൽ സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് ശക്തമായി പ്രതിഷേധിക്കുന്നു.

സ. ഷാജഹാന്റെ ആസൂത്രിത കൊലപാതകം കേരളത്തെ കലാപ ഭൂമിയാക്കാനുള്ള സാമൂഹ്യ വിരുദ്ധ ശക്തികളുടെ നീക്കമാണ്. വീട്ടിലേക്ക് പോകുന്ന വഴി ഇരുളിൽ പതിയിരുന്ന സംഘം മൃഗീയമായാണ് സഖാവ് ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത്. സമാധാന അന്തരീക്ഷം നിലനിന്നിരുന്ന പ്രദേശത്തെ കലാപ ഭൂമിയാക്കാനുള്ള നീക്കമാണിത്, ഇത്തരം സംഭവങ്ങൾക്കെതിര ശക്തമായ നടപടിയെടുക്കുകയും ഗൂഢാലോചന നടത്തിയവരെ കണ്ടെത്തുകയും വേണം.

സിപിഐഎം പ്രവർത്തകർ പ്രകോപനത്തിൽപ്പെടരുത്. കൊലപാതകത്തിനെതിരെ ബഹുജനങ്ങളെ സംഘടിപ്പിച്ച് ഇത്തരം ക്രിമിനൽ സംഘങ്ങളെ ഒറ്റപ്പെടുത്തണമെന്നും അഭ്യർത്ഥിക്കുന്നു. ഷാജഹാന്റെ കൊലപാതകം അപലപനീയവും അത്യന്തം നിഷ്ഠൂരവുമാണ്. സഖാവ് ഷാജഹാന്റെ കൊലപാതകത്തിന് എതിരെ ബഹുജനങ്ങളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയരണം".


TAGS :

Next Story