'ആദ്യം വെട്ടിയത് ഷാജഹാന്‍റെ കാലില്‍, വെട്ടിയവരില്‍ എന്‍റെ മകനുമുണ്ട്': ദൃക്സാക്ഷിയുടെ വെളിപ്പെടുത്തല്‍
തന്‍റെ മകൻ ഉൾപ്പെടെയുള്ളവരാണ് ഷാജഹാനെ വെട്ടിക്കൊന്നതെന്ന് ദൃക്സാക്ഷി സുരേഷ്
പാലക്കാട് സി.പി.എം നേതാവ് ഷാജഹാന്റെ കാലിനാണ് കൊലയാളി സംഘം ആദ്യം വെട്ടിയതെന്ന് ദൃക്സാക്ഷി സുരേഷ്. തന്റെ മകൻ ഉൾപ്പെടെയുള്ളവരാണ് ഷാജഹാനെ വെട്ടിക്കൊന്നതെന്നും സുരേഷ് മീഡിയവണിനോട് പറഞ്ഞു.
"ദേശീയ പതാക ഉയര്‍ത്താനുള്ള ഒരുക്കങ്ങളിലായിരുന്നു. കുട്ടികള്‍ക്ക് മിഠായി വാങ്ങിക്കണം എന്നെല്ലാം പറഞ്ഞ് പൈസ പിരിച്ചെടുത്ത് വന്നതാണ്. ഇന്നലെ വൈകുന്നേരം അവര്‍ രക്ഷാബന്ധന്‍ കെട്ടിക്കൊണ്ടുവന്നു. എന്താണെന്ന് ഷാജഹാന്‍ ചോദിച്ചപ്പോള്‍ നിനക്ക് പണിയുണ്ട് എന്ന് നവീന്‍ എന്നയാള്‍ പറഞ്ഞു. ശബരി എന്നയാളാണ് ഓടിവന്ന് ഷാജഹാന്‍റെ കാലില്‍ വെട്ടിയത്. പിന്നാലെ അനീഷും സുജീഷും വെട്ടി. എന്നെയും കൂടി കൊല്ല് എന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ അച്ഛനാണ് മാറ്റൂ എന്ന് എന്‍റെ മകന്‍ സുജീഷ് പറഞ്ഞു. അപ്പോഴാണ് അവര്‍ ഓടിയത്. ഞാന്‍ ഷാജഹാനെയുമെടുത്ത് ആശുപത്രിയിലേക്ക് പോയി. ശബരിയും അനീഷും നേരത്തെ പാര്‍ട്ടി മെമ്പര്‍മാരായിരുന്നു. എട്ടോളം പ്രതികളുണ്ട്"- സുരേഷ് പറഞ്ഞു.
ഷാജഹാനെ കൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്നവർ നേരത്തെ സി.പി.എം പ്രവർത്തകരായിരുന്നുവെന്നും ഇപ്പോൾ ബി.ജെ.പിയുമായി സഹകരിക്കുന്നവരാണെന്നും കുന്നംകാട് മുൻ ബ്രാഞ്ച് സെക്രട്ടറി ഉണ്ണിക്കണ്ണൻ പറഞ്ഞു. ബൈക്കിലെത്തിയ അക്രമി സംഘം ഷാജഹാന്റെ കാലിനാണ് ആദ്യം വെട്ടിയതെന്ന് ദൃക്സാക്ഷി സുരേഷും പറഞ്ഞു.
"യാതൊരു പ്രശ്നവുമില്ലാത്ത സ്ഥലമായിരുന്നു. സമ്മേളനത്തില്‍ വെച്ച് ഉപദേശിച്ചത് ഇഷ്ടമാകാതിരുന്ന കുറച്ചുപേര്‍ പാര്‍ട്ടിയില്‍ നിന്ന് പോയി. ആര്‍.എസ്.എസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇന്നലെ രക്ഷബന്ധന്‍ കെട്ടി. ഇന്നലെ ഫ്ലക്സ് വെച്ചതിനെ ചൊല്ലി തര്‍ക്കമുണ്ടായി. നവീന്‍ വന്നിട്ട് ഷാജഹാനെ കൊല്ലും വെട്ടും എന്നൊക്കെ പറഞ്ഞു"- ഉണ്ണിക്കണ്ണന്‍ പറഞ്ഞു.
കേസിൽ എട്ട് പ്രതികളാണുള്ളതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന്റെ കാരണം അന്വേഷിച്ച് വരികയാണ്. രാഷ്ട്രീയ വൈരാഗ്യമാണോ കൊലപാതകത്തിന് പിന്നിലെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞു.
ഇന്നലെ രാത്രിയാണ് സി.പി.എം മരുത റോഡ് ലോക്കൽ കമ്മിറ്റി അംഗമായ ഷാജഹാനെ വീടിന് മുന്നിൽ വെച്ച് ബൈക്കിലെത്തിയ അക്രമി സംഘം വെട്ടിക്കൊന്നത്. തലയ്ക്കും കഴുത്തിനും വെട്ടേറ്റ ഷാജഹാനെ ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളും ബന്ധുക്കളും ഉടൻ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൊട്ടേക്കാടും നഗരത്തിലും കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തി.
Adjust Story Font
16