നാക്കിലമ്പാട് കോളനിയിൽ ദുരിതമൊഴിയുന്നു; അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്ന് പഞ്ചായത്ത്
കോളനിയിലെ ദുരവസ്ഥയെ കുറിച്ചുള്ള മീഡിയവൺ വാർത്തയെ തുടർന്നാണ് നടപടി.
കോഴിക്കോട്: കോഴിക്കോട് പുതുപ്പാടി പഞ്ചായത്തിലെ കാക്കവയൽ നാക്കിലമ്പാട് ആദിവാസി കോളനിയിലെ കുടുംബങ്ങളുടെ ദുരിതത്തിന് അറുതിയാകുന്നു. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ പഞ്ചായത്ത് രംഗത്തെത്തി. ലൈഫ് പദ്ധതിയിലുൾപ്പെടുത്തി മൂന്ന് കുടുംബങ്ങൾക്ക് വീട് നൽകും. അടച്ചുറപ്പുള്ള വീടോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെ ദുരിത ജീവിതം നയിക്കുന്ന നാക്കിലമ്പാട് ആദിവാസി കോളനിയിലെ മനുഷ്യരെക്കുറിച്ച് മീഡിയവൺ വാർത്ത നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പഞ്ചായത്ത് അധികൃതർ കോളനി സന്ദർശിച്ച് വിഷയത്തിൽ അടിയന്തരമായി ഇടപെട്ടത്.
മൂന്ന് വീടുകൾ ലൈഫ് പദ്ധതിയിൽ പാസായിട്ടുണ്ടെന്നും അടുത്തദിവസം തന്നെ എഗ്രിമെന്റ് ചെയ്യാൻ നിർദേശം നൽകിയതായും വീടുകളിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് നജ്മുന്നിസ പറഞ്ഞു. ലൈഫ് പദ്ധതിയിൽ തള്ളിപ്പോയ വീടുകളുടെ കാര്യത്തിൽ ഭരണസമിതി ചേർന്ന് ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും കോളനിയിലെ വീടുകളുടെ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുന്നതിന് തൊട്ടടുത്ത ദിവസം തന്നെ ഊരുകൂട്ടം വിളിച്ചു ചേർക്കുമെന്നും വാർഡ് മെമ്പർ ബിജു തോമസ് പറഞ്ഞു.
Adjust Story Font
16